
ഭൂമി മാനുഷിക ഇടപെടലിലൂടെ അമിതമായി ചൂടാകുന്നുണ്ടെന്നും പെട്ടെന്നുള്ള വരള്‍ച്ച എന്നറിയപ്പെടുന്ന 'ഡ്രൈ-സ്പെല്ലുകള്‍', ആശ്ചര്യകരമാംവിധം വേഗത്തിലുള്ള ആഘാതവും വിനാശവും പതിവായി സൃഷ്ടിക്കുന്നുണ്ടെന്നുമുളള പഠന റിപ്പോര്‍ട്ട് പുറത്ത്. പൊതുവെ ദീര്‍ഘകാല പ്രതിഭാസമായാണ് വരള്‍ച്ചയെ കണക്കാക്കുന്നതെങ്കിലും ഭൂമിയുടെ ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് അത് വെറും ആഴ്ചകള്‍ക്കുള്ളില്‍ പോലും സംഭവിക്കാമെന്നാണ് ഈ പഠനം വെളിപ്പെടുത്തുന്നത്.
ആഗോളതാപനമാണ് ലോകമെമ്പാടും ഉഷ്ണതരംഗങ്ങള്‍ രൂപപ്പെടാനുള്ള പ്രധാന കാരണം. ചില പ്രദേശങ്ങളില്‍ മഴ കുറയുകയും ബാഷ്പീകരണം വര്‍ദ്ധിക്കുകയും ചെയ്യുന്നത് മണ്ണിനെ കൂടുതല്‍ വേഗത്തില്‍ വരണ്ടതാക്കുന്നു. 60 വര്‍ഷത്തിലെ ഭൂമിയിലെ ഈര്‍പ്പത്തിന്റെ കണക്കുകള്‍ വച്ചു കൊണ്ടും, ഉപഗ്രഹങ്ങളുടെ സംയോജനം വിശകലനം ചെയ്തു കൊണ്ടുമാണ് പുതിയ പഠനം പുറത്ത് വിട്ടത്.
ഗവേഷകനായ സിംഗ് യുവാന്‍ സഹേല്‍, വടക്ക് - കിഴക്കന്‍ ഏഷ്യ, തെക്കേ അമേരിക്കയുടെ പടിഞ്ഞാറന്‍ തീരം എന്നിവിടങ്ങളില്‍ ആഗോള താപനത്തെ തുടര്‍ന്ന് ഫ്ളാഷ്, സ്ലോ വരള്‍ച്ചകള്‍ വര്‍ദ്ധിക്കുന്നുവെന്ന് പറയുന്നു. 21-ആം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഫ്ളാഷ് വരള്‍ച്ച എന്ന ആശയം ഉയര്‍ന്നുവന്നത്.
ഇതുസംബന്ധിച്ച പഠനം ചൈനയിലെ നാന്‍ജിംഗ് യൂണിവേഴ്സിറ്റി ഓഫ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയാണ് നടത്തിയത്. പെട്ടെന്നുള്ള വരള്‍ച്ചകള്‍ ജലസ്രോതസ്സുകള്‍ വരളുന്നതിനും കാട്ടുതീയ്ക്കും കാരണമായി തീരുന്നു. മനുഷ്യന് ഇതുമായി പൊരുത്തപ്പെടാന്‍ വലിയ സമയം ലഭിക്കില്ലെന്നും, ഇത് വളരെ പെട്ടെന്ന് സംഭവിക്കുന്നുമെന്നും സിംഗ് യുവാന്‍ പറയുന്നു.






