ലക്നൗ: കൊള്ളത്തലവന് അതിഖ് അഹമ്മദും സഹോദരന് അഷ്റഫും പോലീസ് കസ്റ്റഡിയില്‍ ഗുണ്ടകളുടെ വെടിയേറ്റു മരിച്ച സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ക്കെതിരെ നടപടി. ഷാഗഞ്ച് സീനിയര്‍ ഓഫീസര്‍ അശ്വനി കുമാര്‍ സിംഗ് അടക്കം അഞ്ച് പേരെ സസ്പെന്റ് ചെയ്തു. രണ്ട് ഇന്‍സ്പെക്ടര്‍മാരും രണ്ട് കോണ്‍സ്റ്റബിള്‍മാരും നടപടി നേരിട്ടവരില്‍ ഉള്‍പ്പെടുന്നു.
ഷാഗഞ്ച് പോലീസ് സ്റ്റേഷനില്‍ ഡ്യുട്ടിയില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെയാണ് നടപടി. അതിഖിനെയും അഷ്റഫിനെയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയ മെഡിക്കല്‍ കോളജ് വരെ ഈ സ്റ്റേഷന് പരിധിയിലാണ്.
ഏപ്രില്‍ 15ന് വൈകിട്ടാണ് വൈദ്യ പരിശോധനക്ക് കൊണ്ടുപോയ ഇരുവരേയും പോലീസിന്റെ കണ്മുന്നിലിട്ട് മൂന്നു ഗുണ്ടകള്‍ വെടിവച്ച് കൊന്നത്. ലവ്ലേഷ് തിവാരി, സണ്ണി സിംഗ്, അരുണ്‍ മൗര്യ എന്നിവരാണ് കൊലപാതകം നടത്തിയത്. പോലീസ് ഇവരെ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇരട്ട കൊലപാതകം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി.






