
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചോ എന്നു ദേശീയ ഹരിത ട്രിബ്യൂണല്‍ (എന്‍.ജി.ടി.) സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി സത്യവാങ്മൂലം നല്‍കണമെന്നും എന്‍.ജി.ടി. സതേണ്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു. അടുത്തയാഴ്ച വിഷയം പരിഗണിക്കും.
സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസുകളെല്ലാം കേരള ഹൈക്കോടതിയും സുപ്രീം കോടതിയും അവസാനിപ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടറിഞ്ഞാല്, ഇവിടെയുള്ള കേസുകളും അവസാനിപ്പിക്കാമല്ലോ എന്നും ട്രിബ്യൂണല്‍ അഭിപ്രായപ്പെട്ടു.
പുതിയ വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരിനു താല്‍പര്യമുണ്ടോയെന്നും എന്‍.ജി.ടി. ആരാഞ്ഞു. സ്ഥലമേറ്റെടുക്കല്‍ വിജ്ഞാപന കാലാവധി അവസാനിച്ചതിനാല്‍, ഭൂവുടമകളുടെ പരാതിക്കിനി പ്രസക്തിയില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതികള്‍ കേസ് അവസാനിപ്പിച്ചത്.
കാലാവധി ദീര്‍ഘിപ്പിച്ചു പുതിയ വിജ്ഞാപനമിറക്കിയില്ലെങ്കില്‍, സ്ഥലമെടുപ്പ് നടപടികള്‍ റദ്ദാവും. സര്‍ക്കാര്‍ തുടര്‍നടപടിയുമായി മുന്നോട്ടുപോകുന്നപക്ഷം, അതില്‍ ആക്ഷേപമുണ്ടെങ്കില്‍ പരാതിക്കാര്‍ക്കു വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കിയിരുന്നു. അതേസമയം, കെ- റെയില്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നു സത്യവാങ്മൂലം നല്‍കാനാണു സര്‍ക്കാര്‍ നീക്കം.
കേന്ദ്ര സര്‍ക്കാര്‍ ഡി.പി.ആറിനു അനുമതി നല്‍കാത്തതാണു തടസം. വൈകാതെ കേന്ദ്രാനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. അപാകത പരിഹരിച്ചു ഡി.പി.ആര്. സമര്‍പ്പിച്ചാല്‍ അനുമതി നല്‍കാമെന്നാണു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചില്ലെങ്കില്‍ കെ റെയില്‍ പദ്ധതി നിലയ്ക്കുന്ന സ്ഥിതിയാണ്. അതിനാല്‍, പദ്ധതിയുമായി തത്വത്തില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകയാണെന്നും ചീഫ് സെക്രട്ടറിക്കുവേണ്ടി ഗതാഗത സെക്രട്ടറി എന്‍.ജി.ടിയെ അറിയിക്കും.
പുതിയ വിജ്ഞാപനമിറക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ലെന്നു സ്പെഷല്‍ തഹസില്‍ദാര്‍ എന്‍.ജി.ടിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നാണു സര്‍ക്കാരിന്റെ നലപാടും നിലവിലെ സ്ഥിതിയും വ്യക്തമാക്കി സത്യവാങ്മൂലം നല്കാന് ചീഫ് സെക്രട്ടറിയോടു നിര്‍ദ്ദേശിച്ചത്.






