
'ബാലസ്ണാ' എന്ന ഒറ്റവിളിയിലൂടെ മലയാള സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടനായിരുന്നു മാമുക്കോയ. ആ വിളിയാണ് അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്. റാംജി റാവു സ്പീക്കിങ്ങിലെ ഹംസക്കോയ എന്ന കഥാപാത്രവും അതിലെ ഡയലോഗുകളും ഇന്നും ജനമനസുകളില്‍ നിറഞ്ഞുനില്ക്കുന്നു.
'കള്ള നായിന്റെ മോനെ' എന്ന് 'ഹംസക്കോയ' പറയുമ്പോള്‍ അതിലെ തെറിയേക്കാള്‍ നര്‍മം ആസ്വദിക്കാനാണ് മലയാളി ഇഷ്ടപ്പെട്ടത്. മാമുക്കോയ എന്ന നടന് മലയാളിയുടെ മനസിലേക്ക് കയറിക്കൂടിയ കഥാപാത്രമാണ് ഹംസക്കോയ. ഉറ്റ സുഹൃത്തായ ബാലകൃഷ്ണനെ സാമ്പത്തികമായി സഹായിച്ച് കുരുക്കിലായി പോയ ഹംസക്കോയയുടെ ദൈന്യത ചിരിയായാണ് പ്രേക്ഷകനിലേക്ക് സംവിധായകര്‍ എത്തിച്ചതെങ്കിലും മാമുക്കോയ എന്ന നടന് മലയാളിയുടെ മനസിലേക്ക് കയറിക്കൂടിയ കഥാപാത്രമായിരുന്നു ഹംസക്കോയ.
ഇത്തരത്തില്‍ മലയാളി ഒരിക്കലും മറക്കാത്ത മാമുക്കോയയുടെ നിരവധി പകര്‍ന്നാട്ടങ്ങളുണ്ട്. മാമു തൊണ്ടിക്കാട്ടില്‍ എന്ന മരപ്പണിക്കാരനായ കോഴിക്കോടുക്കാരന്‍ മലയാളസിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചത് വേഷപ്പകര്ച്ചകളിലൂടെയായിരുന്നു. മലബാറിന്റെ സംസാര ശൈലിയും ലാളിത്യവുമായിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രങ്ങളില്‍ എന്നുമുണ്ടായിരുന്നത്. മാമുക്കോയയുടെ പല വേഷങ്ങളും സംഭാഷണങ്ങളും ഇന്നും ചിരപ്രതിഷ്ഠ നേടിയവയാണ്. നാടക വേദികളില്നിന്നാണ് അദ്ദേഹം മലയാള സിനിമയിലേക്ക് വന്നത്.
1979-ല്‍ നിലമ്പൂര്‍ ബാലന് സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന സിനിമയിലാണ് അരങ്ങേറ്റം. 1983-ല്‍ 'സുറുമയിട്ട കണ്ണുകള്‍' എന്ന സിനിമയിലും അഭിനയിച്ചു. 1986-ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ദൂരെദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തിലെ അറബി മുന്‍ഷി എന്ന മാമുക്കോയ അവതരിപ്പിച്ച വേഷം ഹിറ്റാവുകയായിരുന്നു.
നടന് ശ്രീനിവാസനാണ് മാമുക്കോയയെ സംവിധായകന് സത്യന് അന്തിക്കാടിന് പരിചയപ്പെടുത്തി കൊടുക്കുന്നത്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലേക്ക് സത്യന് അന്തിക്കാട് അദ്ദേഹത്തെ അഭിനയിക്കാന്‍ വിളിക്കുകയും ചെയ്തു. ഈ റോള്‍ വലിയരീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. ശ്രീനിവാസന്റെ കഥയില്‍ സത്യന് അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റിലെ 'ഗഫൂര്‍ക്ക' എന്ന കഥാപാത്രം മലയാള സിനിമയിലാകെ മാമുക്കോയയെ പ്രശസ്തനാക്കി.
മാമുക്കോയയുടെ മറ്റൊരു ട്രോള്‍ കഥാപാത്രമാണ് കീലേരി അച്ചു. അദ്ദേഹത്തിന്റെ പകര്‍ന്നാട്ടങ്ങളില്‍ ഒന്നാണ് ഈ കഥാപാത്രവും. ഗ്രാമത്തില്‍ നാം കണ്ടുവരുന്ന ഒരു നാടന്‍ ചട്ടമ്പി ഉണ്ടാക്കി വിട്ട ചിരി ഇന്നും നിലയ്ക്കുന്നില്ല. പുലിയായി വന്ന് എലിയായി പോകുന്നവരെ ഇന്നും മലയാളി വിളിക്കുന്നത് 'കീലേരി അച്ചു'വെന്നാണ്. തന്റെ മകനെ ഒന്നും ചെയ്യരുതെന്നു പറഞ്ഞ് പേടിച്ച് വരുന്ന ഫിലോമിനയോട് ഗുണ്ടയായ കീലേരി അച്ചുവിന്റെ ഡയലോഗ് ഇങ്ങനെയാണ്... 'ഒന്നും ചെയ്യില്ല, കുത്തി കുടലെടുക്കെ ഉള്ളൂ '
സത്യന് അന്തിക്കാട് സംവിധാനം ചെയ്ത 1990ലെ തലയണമന്ത്രം ചിത്രത്തിലെ കഥാപാത്രവും മനോഹരമാണ്. ഡ്രൈവിങ് പഠിപ്പിക്കുന്ന കുഞ്ഞനന്തന് മേസ്ത്രിയെ ഓര്‍ക്കാതിരിക്കാന്‍ മലയാളികള്‍ക്ക് ആവില്ല. ശ്രീനിവാസനെ ഡ്രൈവിങ് പഠിപ്പിക്കുന്ന രംഗം ആര്‍ക്കാണ് മറക്കാന്‍ കഴിയുന്നത്. മറ്റൊന്ന് മഴവില്‍ കാവടിയിലെ കുഞ്ഞിക്കാദര്‍. ലോക്കപ്പിലിരുന്ന് ചിരിക്കുന്ന ആ ചിത്രം ഇന്നും ട്രോളന്മാരുടെ ഇഷ്ട സീനാണ്. ഈ സിനിമയില്‍ തന്നെ ശങ്കരന്‍കുട്ടി മേനോനെ (ഇന്നസെന്റ്) തുള്ളിപ്പിക്കുന്ന ഒരു സീന്‍ ഉണ്ട്. മകളുടെ പ്രേമം പൊളിക്കാനായിട്ടാണ് ശങ്കരന്‍കുട്ടി മേനോന് കുഞ്ഞിക്കാദറിന്റെ വാക്കുകേട്ട് തുള്ളുന്നത്.
സന്ദേശത്തിലെ മണ്ഡലം പ്രസിഡന്റ് പൊതുവാളും ശ്രദ്ധേയമാണ്. 'എല്ലാരും ചൊല്ലണ്' എന്ന സിനിമയില്‍ ആളുമാറി തല്ലിയ ആളോട് മുകേഷിന്റെ കഥാപാത്രം സോറി പറയുമ്പോള്‍ അവിടേക്ക് ഒന്നും മനസിലാകാത്ത മുഖഭാവത്തോടെ എത്തുന്ന മാമുക്കോയ അതേ ആളിന്റെ മുഖത്ത് ഒറ്റത്തല്ല്, എന്നിട്ട് മുകേഷിനോട് ഒരു ചോദ്യം, എന്താ രാമേന്ദ്രാ പ്രശ്നം? മസില് പിടിച്ചിരിക്കുന്നവന് പോലും ആ നിമിഷം പൊട്ടിച്ചിരിച്ച് പോകും.
അത്രത്തോളം രസകരമായിട്ടായിരുന്നു തന്റെ കഥാപാത്രത്തെ മാമുക്കോയ എന്ന നടന് പ്രതിഷ്ഠിക്കുന്നത്.
ദിലീപും കലാഭവന്‍ മണിയും മാമുക്കോയയും മത്സരിച്ച് അഭിനയിച്ച മന്ത്രമോതിരത്തിലെ മാമുക്കോയയുടെ ചായക്കടക്കാരന് അബ്ദു. പാപ്പിയുടെ (കലാഭവന്‍ മണി) സംവിധാനത്തില്‍ ശാകുന്തളം ബാലെ ഒരുങ്ങുകയാണ്. കുമാരനാണ് (ദിലീപ്) ദുഷ്യന്തന്. മാമുക്കോയ മഹര്‍ഷിയും. ശാകുന്തളം ബാലെയുടെ റിഹേഴ്സല്‍... അബ്ദുവാണ് മഹര്‍ഷി. മഹര്‍ഷിയുടെ പാട്ട് 'ആരു നീ ഭദ്രേ... താപസകന്യ ആശ്രമമേതെന്ന് ചൊല്ലൂ... അള്ളാ ആശിപ്പതെന്തെന്ന് ചൊല്ലൂ... ബാലയുടെ സംവിധായകന് പാപ്പി ഇത് കേട്ട് ചീത്ത പറയുമ്പോള്‍ ഇത്ര നീട്ടണ്ടല്ലേ എന്നാണ് അബ്ദു ചോദിക്കുന്നത്. ഇതില്‍ തന്നെ തപോവനത്തിലെ മുനികന്യകയെ വണ്ടുകള്‍ ഉപദ്രവിക്കുന്നതിനെക്കുറിച്ച് ദുഷ്യന്തന് പറയുമ്പോള്‍ മഹര്‍ഷിയുടെ മറുപടി ഇങ്ങനെ,
'പടച്ചോനെ വണ്ട് ന്ന് വച്ചാ എജ്ജാതി വണ്ട്, അത് രണ്ട് മൂന്നൊറ്റയാണോ, പത്ത് നാല്‍പ്പത് വണ്ട് കൂടിയിട്ടല്ലേ ഈ പെണ്ണിനെ പീഡിപ്പിക്കുന്നത്' അബ്ദുവിന്റെ ഡയലോഗ് കേട്ട്, കുമാരന് ഇങ്ങനെ പറയുന്നു, 'അബ്ദുക്ക നിങ്ങളിതില്‍ മഹര്‍ഷിയാ, അല്ലാതെ മുസ്ലിയാരല്ല, മാപ്പിള ഭാഷ പറഞ്ഞ് നാടകം കൊളമാക്കരുത് ട്ടോ'
അപ്പോള്‍ അബ്ദു; 'മലബാറില്‍ ഏത് മഹര്‍ഷി ജനിച്ചാലും ഇങ്ങനേ പറയുള്ളൂ.
അതുകൊണ്ടല്ലേ ഈ അബ്ദുക്ക പച്ചമലയാളത്തില്‍ പറഞ്ഞത് എനിക്ക് സന്യാസീം മഹര്‍ഷീം വേണ്ട, ദുഷ്യന്തന് ആയിക്കോളാന്ന്' പൊന്മുട്ടയിടുന്ന താറാവ്, വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി, പ്രാദേശിക വാര്‍ത്തകള്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, എന്നിവയിലെ വേഷങ്ങള്‍ എല്ലാം നന്നായി ശ്രദ്ധിക്കപ്പെട്ടു.
നിരവധി കഥാപാത്രങ്ങളും മനസില്‍ തങ്ങിനില്ക്കുന്ന കഥാപാത്രങ്ങളും. ഈ രംഗങ്ങളൊക്കെ തന്നെ സോഷ്യല്‍ മീഡിയയില്‍ കളം പിടിക്കുമ്പോള്‍ ആ കഥാപാത്രത്തിന്റെ ചുണ്ടിലേക്ക് എരിയുന്ന സിഗററ്റും തൊപ്പിയും സ്വര്‍ണമാലയും പറന്നെത്തും. തഗ് ലൈഫ് എന്നു പറഞ്ഞാല്‍ എജ്ജാതി തഗ് ലൈഫ്... ഇത്രത്തോളം തഗ് ലൈഫ് കൗണ്ടറുകള്‍ സ്വന്തമായിട്ടുള്ള മറ്റൊരു നടനില്ല എന്ന് ഉറപ്പിച്ചു പറയാം. കോഴിക്കോട് ശൈലിയിലും ശക്തമായ കൗണ്ടറുകളുമായിരുന്നു മാമുക്കോയ എന്ന നടന്റെ സവിശേഷത. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാമുക്കോയ പറഞ്ഞുവച്ച കൗണ്ടറുകള്‍ ഇന്നും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
മലയാള സിനിമയിലെ ആദ്യ കൊമേഡിയന്‍ അവാര്‍ഡ് ലഭിച്ചതും മറ്റാര്‍ക്കുമായിരുന്നില്ല. അത് കോമഡിയുടെ തമ്പുരാനായ മാമുക്കോയയ്ക്കായിരുന്നു. 2008ല്‍ 'ഇന്നത്തെ ചിന്താവിഷയം' എന്ന സിമയിലെ പ്രകടനത്തിനാണ് മികച്ച കോമഡി താരത്തിനുള്ള അവാര്‍ഡ് മാമുക്കോയയ്ക്ക് ലഭിച്ചത്. 'പെരുമഴക്കാലം' എന്ന സിനിമയിലൂടെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ അദ്ദേഹത്തിന് പ്രത്യേക പരാമര്‍ശവും ലഭിച്ചിട്ടുണ്ട്.
കോമഡി മാത്രമല്ല ഗൗരവമേറിയ കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുണ്ട് മാമുക്കോയ. കമലിന്റെ പെരുമഴക്കാലത്തില്‍ അബ്ദു എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അതിഗംഭീരമായ ആ പ്രകടനത്തിന് കേരള സംസ്ഥാന അവാര്‍ഡ് പുരസ്കാര വേളയില്‍ പ്രത്യേക പരാമര്‍ശവും നേടാനായി. ബ്യാരി എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനവും ഗൗരവമേറിയതായിരുന്നു. പൃഥ്വിരാജിനോടൊപ്പം അഭിനയിച്ച കുരുതി മാമുക്കോയയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു നാഴികക്കല്ലായിരുന്നു.
