
ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ജെഡിഎസ് പ്രകടന പത്രിക പുറത്തിറക്കി. മുസ്ലീങ്ങള്‍ക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്നും അമുലിനെ പുറത്താക്കുമെന്നും നന്ദിനി ബ്രാന്‍ഡിനെ രക്ഷിക്കുമെന്നുമാണ് പ്രധാന വാഗ്ദാനം. വ്യാഴാഴ്ചയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എച്ച്.ഡി. കുമാരസ്വാമി, സംസ്ഥാന പ്രസിഡന്റ് സി.എം. ഇബ്രാഹിം, പ്രകടനപത്രിക കമ്മിറ്റി മേധാവിയും എം.എല്‍.സിയുമായ ബി.എം. ഫാറൂഖ് ഉള്‍പ്പെടെയുള്ള നേതാക്കളാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
കര്‍ഷകത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ നല്‍കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തു. കര്‍ഷകരായ യുവാക്കളെ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കും.ഗര്‍ഭിണികള്‍ക്ക് ആറ് മാസത്തേക്ക് 6,000 രൂപ, സ്ത്രീ ശക്തി സ്വയം സഹായ സംഘങ്ങളുടെ വായ്പ എഴുതിത്തള്ളല്‍, അംഗന്‍വാടി ജീവനക്കാര്‍ക്ക് പെന്ഷന്, ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പ്രതിമാസം 2,000 രൂപ, എന്നിങ്ങനെയാണ് മറ്റ് ഉറപ്പുകള്‍. ഇനി വരും ദിവസങ്ങളില്‍ ബെംഗളൂരുവിനുവേണ്ടി പാര്‍ട്ടി പ്രത്യേക പ്രകടനപത്രിക പുറത്തിറക്കുമെന്ന് കുമാരസ്വാമി പറഞ്ഞു.
സ്വകാര്യ മേഖലയില്‍ കന്നഡിഗര്‍ക്ക് ജോലി സംവരണം ചെയ്യുന്ന നിയമം കൊണ്ടുവരുമെന്നും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഉന്നത വിദ്യാഭ്യാസം നല്‍കുമെന്നും ഉറപ്പുനല്‍കിയിട്ടുണ്ട്. കേസ് ഇപ്പോള്‍ സുപ്രീം കോടതി പരിഗണനയിലാണ്. ഗുജറാത്ത് ആസ്ഥാനമായുള്ള ക്ഷീര സഹകരണ സ്ഥാപനമായ അമുലിന്റെ പാലും തൈരും കര്‍ണാടകയില്‍ വില്‍ക്കുന്നതിനും നീക്കമുണ്ടായിരുന്നു. തുടര്‍ന്ന് വിവാദം പൊട്ടിപ്പുറപ്പെട്ടു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ് കര്‍ണാടകയില്‍ മുസ്ലിം വിഭാഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കി, വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങള്‍ക്ക് തുല്യമായി വീതിച്ചത്. തുടര്‍ന്നാണ് പ്രകടനപത്രികയിലെ നന്ദിനി ബ്രാന്‍ഡിനെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനുമുള്ള ജെഡിഎസിന്റെ വാഗ്ദാനം. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെഎംഎഫ്) ബ്രാന്‍ഡായ നന്ദിനിയെ അമുലുമായി ലയിപ്പിക്കാന്‍ ശ്രമിക്കുമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസും ജെഡിഎസും ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ആരോപണം ബിജെപി തള്ളി.






