
വിവാഹമോചിതരായ സ്ത്രീകള്‍ക്ക് മുന്നോട്ടുള്ള ജീവിതം അത്ര സുഖകരമാകണമെന്നില്ല. പലപ്പോഴും കുഞ്ഞുങ്ങളെയും കുടുംബത്തെയും സംരക്ഷിക്കാന്‍ അവര്‍ ഏറെ പ്രയാസപ്പെടാറുണ്ട്. എന്നാല്‍ വിവാഹമോചിതരായിട്ടും ജീവിതത്തെ വിധിക്ക് ഏല്‍പ്പിക്കാതെ മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇവിടെ രണ്ട് സുഹൃത്തക്കളായ സ്ത്രീകള്‍. ഇരുവരും ഷെയര്‍ ഇട്ട് സ്വന്തമാക്കിയത് 7 കോടിയുടെ സ്വപ്ന വീടാണ്. തങ്ങള്‍ ഏറെ ആഗ്രഹിച്ച മനോഹരമായ ഒരു വീടാണ് ഇരുവരും കൈക്കലാക്കിയത്.
17 വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണ് വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നുള്ള ഹോളി ഹാര്‍പ്പര്‍ എന്ന സ്ത്രീ. അവരുടെ കുടുംബ സ്വത്ത് വിറ്റ് കിട്ടിയ കാശും ചേര്‍ത്ത് സുഹൃത്ത് ഹെറിന് ഹോപ്പറിനൊപ്പം 7 കോടി രൂപ വിലമതിക്കുന്ന ഒരു ബംഗ്ലാവ് ഹോളി വാങ്ങി. താന്‍ തനിച്ച്, ഇങ്ങനെ ഒരു പ്രദേശത്ത് ഇതുപോലെ ഒരു ബംഗ്ലാവ് വാങ്ങാന്‍ ശ്രമിച്ചാല്‍ അത് സാധിക്കാന്‍ പ്രയാസമാണ് എന്നാണ് ഹോളി പറയുന്നത്.
ഹോളിയുടെ സൃഹൃത്തായ ഹെറിനും വിവാഹമോചിതയാണ്. വീട് വാങ്ങുന്നതിന് മുമ്പ് തന്നെ തങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ കാഴ്ചപ്പാടുകള്‍ തമ്മില്‍ സാമ്യമുണ്ടോ, കുട്ടികളെ നോക്കുന്ന രീതി ഒരു പോലെയാണോ, രണ്ടുപേരുടെയും സാമ്പത്തികാവസ്ഥ എങ്ങനെ ആണ് തുടങ്ങി എല്ലാ കാര്യങ്ങളും ഇവര്‍ മനസിലാക്കിയിരുന്നു. അങ്ങനെ ഏഴ് കോടിയുടെ വീട് വാങ്ങി ഇരുവരും തങ്ങളുടെ കുട്ടികളോടും നായകളോടും ഒപ്പം അവിടെ താമസം തുടങ്ങി. ഒപ്പം തന്നെ വിവാഹമോചിതയായ മറ്റൊരു സ്ത്രീ അവിടെ വാടകയ്ക്ക് കഴിയുന്നും ഉണ്ട്.
മൂന്നുപേരും പരസ്പരം സഹായിച്ചും സഹകരിച്ചുമാണ് ഇവിടെ കഴിയുന്നത്. എല്ലാ കാര്യങ്ങളും സൗകര്യങ്ങളും പരസ്പരം വിട്ടുനല്‍കിയാണ് ഇവര്‍ ഇവിടെ താമസിക്കുന്നത്. ജീവിതത്തില്‍ നേടാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നും ഒരു വഴി അടഞ്ഞാല്‍ ധാരാളം പുതിയ വഴികള്‍ ജീവിതത്തില്‍ വന്നെത്തുമെന്നും പഠിപ്പിക്കുകയാണ് ഇവരുടെ ജീവിതം.






