
മെഹുല്‍ ചോക്സിക്ക് മുന്നറിയിപ്പുമായി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. ഗീതാഞ്ജലി ജെംസ് ലിമിറ്റഡിന്റെ ഓഹരി തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഒളിവില്‍പ്പോയ വ്യവസായി ഗീതാഞ്ജലി ജെംസിന്റെ ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറും, പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ഭാഗവുമായിരുന്ന മെഹുല്‍ ചോക്സിക്ക് 5.35 കോടി രൂപ ആവശ്യപ്പെട്ട് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി നോട്ടീസ് അയച്ചു. 15 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ സ്വത്തുക്കള്‍ക്കൊപ്പം ബാങ്ക് അക്കൗണ്ടുകളും അറ്റാച്ച് ചെയ്യുമെന്നും സെബി മുന്നറിയിപ്പ് നല്കി.
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചുമത്തിയ പിഴ അടക്കുന്നതില്‍ ചോക്സി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ഡിമാന്‍ഡ് നോട്ടീസ്. ചോക്സി നീരവ് മോദിയുടെ അമ്മാവനാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിനെ 14,000 കോടി രൂപയിലധികം കബളിപ്പിച്ചെന്ന കുറ്റമാണ് ഇരുവരും നേരിടുന്നത്. ഗീതാഞ്ജലി ജെംസിന്റെ ഓഹരികളില്‍ കൃത്രിമം കാണിച്ചതിന് 2022 ഒക്ടോബറില്‍ ചോക്സിക്കെതിരെ സെബി 5 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇതുകൂടാതെ, റെഗുലേറ്റര്‍ 10 വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ നിന്ന് വിലക്കുകയും ചെയ്തു.
പിഎന്‍ബി തട്ടിപ്പ് പുറത്തുവന്നതിന് ശേഷം 2018 ന്റെ ആരംഭത്തില്‍ തന്നെ ഇരുവരും ഒളിവില്‍ പോയിരുന്നു. ചോക്സി ആന്റിഗ്വയിലും, ബര്ബുഡയിലും ഉണ്ടെന്ന് ഊഹങ്ങള്‍ പറയുമ്പോള്‍ നീരവ് മോദി യുകെയിലെ ജയിലിലാണ്.






