
എരുമേലി: രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ എരുമേലിയില്‍ നടന്ന കാട്ടുപോത്ത് ആക്രമണ സംഭവത്തില്‍ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലും. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോട്ടയം ജില്ലാകളക്ടറുടെ ഉത്തരവ് പുറത്തുവരുന്നതിന് പിന്നാലെ പോലീസും വനംവകുപ്പും ഇതിനായുളള നീക്കം നടത്തും. കണ്ടാലുടന്‍ വെടിവെയ്ക്കാനാണ് നിര്‍ദേശം. കാട്ടുപോത്തിനെ കണ്ടെത്താനുള്ള ചുമതല വനംവകുപ്പിനും കൊല്ലാനുള്ള ചുമതല പോലീസിനുമാണ്.
അതേസമയം വനത്തിനുള്ളില്‍ വെച്ച് വെടിവെയ്ക്കാനാകില്ല എന്ന സാഹചര്യം നില നില്ക്കുന്നതിനാല് മൃഗത്തെ പുറത്തെത്തിച്ച് കൊല്ലനാണ് ഉദ്ദേശം. ഇന്ന് രാവിലെ രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം കാട്ടുപോത്തിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സംഭവം നടന്ന് അഞ്ചുമണിക്കൂര്‍ പിന്നിട്ട ശേഷമാണ് ഉത്തരവ് വരുന്നത്. ഈ സമയത്തിനുള്ളില്‍ കാട്ടുപോത്ത് കാടു കയറിക്കാണുന്നത് ദൗത്യത്തിന് തിരിച്ചടിയാണ്.
നാട്ടുകാര്‍ റോഡ് ഉപരോധിച്ചതോടെ ആര്‍ഡിഒ യും എം.പി. ആന്റോ ആന്റണിയുമെല്ലാം കണമലയില്‍ എത്തിയിരുന്നു. ഇവരെല്ലാം നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് നടപടി. രാവിലെ മുതല്‍ ജില്ലാകളക്ടര്‍ സ്ഥലത്ത് എത്തണമെന്ന് പ്രതിഷേധിച്ച നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമലയിലേക്കുള്ള പാത കൂടിയായ വഴി നാട്ടുകാര്‍ തടഞ്ഞതോടെ അയ്യപ്പഭക്തന്മാര് അടക്കം കുടുങ്ങിയിരുന്നു.
ഇന്ന് രാവിലെയായിരുന്നു പുറത്തേല്‍ ചാക്കോയും പ്ലാവനാകുഴി തോമസും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാവിലെ വീട്ടിനുള്ളില്‍ പത്രം വായിച്ചുകൊണ്ടിരുന്ന ചാക്കോയെ വിട്ടില്‍ കയറിയാണ് പോത്ത് ആക്രമിച്ചത്. ചാക്കോയുടെ ശബ്ദം കേട്ട് സഹായത്തിനായി എത്തിയ തോമസിനെയും കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തോമസ് പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചു.






