
ബോളിവുഡ് കിംഗ് ഖാന് ഷാരൂഖ് ഖാന്റെ മകനെ ലഹരിമരുന്ന് ഉപയോഗകേസില് പിടിച്ചത് ഒരു ഞെട്ടലോടെയും സങ്കടത്തോടെയുമാണ് ആരാധകര്‍ അന്ന് കേട്ടത്. ആര്യന് കുറ്റവിമുക്തനായെങ്കിലും, ഇപ്പോഴും അതിന്റെ പേരില്‍ പല വിവാദങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. ഈ കേസില്‍ പണം തട്ടാന്‍ ശ്രമിച്ചുവെന്നും മനഃപൂര്‍വ്വം ആര്യനെ രക്ഷിച്ചതാണെന്നുമുള്ള ആരോപണം മുന്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഉദ്യോഗസ്ഥന് സമീര്‍ വാങ്ക്ഡെയ്ക്ക് എതിരെ സിബിഐ ആരോപിച്ചിരുന്നു. എന്നാലിപ്പോള്‍ സിബിഐയുടെ ആരോപണങ്ങള്‍ക്കെതിരെ സമീര്‍ വാങ്ക്ഡെ കോടതിയിലെത്തിയിരിക്കുകയാണ്. ആര്യന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഷാരൂഖ് ഖാനൊപ്പം നില്‍ക്കുകയായിരുന്നു താനെന്നും 25 കോടി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും വാങ്കഡെ കോടതിയെ അറിയിച്ചു. ഇത് തെളിയിക്കാന്‍ ഷാരൂഖുമായുള്ള വാട്സ്ആപ്പ് സംഭാഷണങ്ങളും സമീര്‍ വാങ്കഡെ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. സിബിഐ റിപ്പോര്‍ട്ടിനെതിരായി നല്കിയ ഹാരാജിക്കൊപ്പമാണ് സമീര്‍ വാങ്കഡെ വാട്സ്ആപ്പ് സംഭാഷണങ്ങളും ഹാജരാക്കിയിരിക്കുന്നത്. ആര്യന് രക്ഷിക്കണമെന്ന് ഷാരൂഖ് ആവശ്യപ്പെടുന്നതിന് സ്ക്രീന്‍ഷോട്ടുകളാണിത്. ഒരു കൊടുംകുറ്റവാളിയെ പോലെ ജയിലില്‍ കഴിയാന്‍ ആര്യന് അര്‍ഹതയില്ലെന്നും അവനെ രക്ഷിക്കണമെന്നും ഷാരൂഖ് വാങ്കഡേയോട് പറയുന്നത് ചാറ്റുകളിലുണ്ട്.
‘‘ദൈവത്തെ ഓര്‍ത്ത് നിങ്ങള്‍ ഒരല്പം പതുക്കെ നീങ്ങൂ. എല്ലാ ഘട്ടത്തിലും ഞാന്‍ നിങ്ങള്‍ക്കൊപ്പം നില്ക്കും. ഇതെന്റെ വാക്കാണ്, എന്നെ നിങ്ങള്‍ക്ക് അറിയാമല്ലോ. എന്നോടും എന്റെ കുടുംബത്തോടും കരുണ കാണിക്കണം. വളരെ സാധാരണ ആളുകളാണ് ഞങ്ങള്‍. എന്റെ മകന് കുറച്ച് വഴിതെറ്റി പോയി എന്നത് ശരിയാണ്. എന്നാല്‍, ഒരു കൊടുംകുറ്റവാളിയെ പോലെ ജയിലില്‍ കഴിയേണ്ട തെറ്റൊന്നും അവന് ചെയ്യില്ല. അത് നിങ്ങള്‍ക്കും നന്നായി അറിയാം. കുറച്ച് കരുണ കാണിക്കൂ, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. ദയവായി അവനെയാ ജയിലിലേക്ക് ജയിലിലേക്ക് അയക്കരുത്, ആര്യന് തകര്‍ന്നുപോകും. അവനെ ജയിലിലേക്ക് അയച്ചാല്‍ പൂര്‍ണമായും തകര്ന്നാകും അവന് തിരിച്ച് വരിക...’’ എന്ന് ഷാരൂഖ് വാങ്കഡേയോട് പറയുന്നതായി ചാറ്റുകളില്‍ കാണാം.
‘‘ഒരു നിയമ ഉദ്യോഗസ്ഥന് എന്ന നിലയിലുള്ള നിങ്ങളുടെ സത്യസന്ധത നഷ്ടപ്പെടാതെ, സാധ്യമായ രീതിയില്‍ നിങ്ങള്‍ക്ക് എന്നെ സഹായിക്കാനാകും. അങ്ങനെയെങ്കില്‍ എന്നും ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും. നിങ്ങളുടെ ടീമിന് എന്തൊക്കെ നിബന്ധനകള്‍ ഉണ്ടെങ്കിലും നിങ്ങളുടെ അധികാരം ഉപയോഗിച്ചൊരു മറുപടി നല്കിയാല് മതിയാകുമല്ലോ. ഏത് രീതിയില്‍ സഹകരിക്കാനും ഞാന്‍ തയ്യാറാണ്. ഒരു കുപ്രസിദ്ധ ജയിലില്‍ കുറ്റവാളിയായി മുദ്രകുത്തപ്പെടാതെ അവനെ ഞങ്ങള്‍ക്ക് തിരിച്ചുതരണം. അവന്റെ ഭാവി തകര്‍ക്കരുത്. ഒരു പിതാവിന്റെ അപേക്ഷയാണിത്.’’ എന്നും ഷാരൂഖ് കുറിക്കുന്നുണ്ട്.
ഇതിന് മറുപടിയായി ഷാരൂഖിനോട് വാങ്കഡെ പറയുന്നതും ചാറ്റുകളില്‍ വ്യക്തമാണ്. നിങ്ങളൊരു നല്ല മനുഷ്യനാണെന്ന് തനിക്കറിയാമെന്നും പ്രതീക്ഷ കൈവിടരുതെന്നും വാങ്കഡെ ഷാരൂഖിനെ ആശ്വസിപ്പിക്കുന്നു. ആര്യന് തന്റെ സ്വന്തം മകനെ പോലെയാണെന്നും അവനെ രക്ഷിക്കാന്‍ കഴിയുന്നത് ചെയ്യാമെന്നും വാങ്കഡെ പറയുന്നു. എത്രയും പെട്ടെന്ന് ഇത് അവസാനിക്കുമെന്ന പ്രതീക്ഷയും വാങ്കഡെ ഷാരൂഖിന് നല്‍കുന്നുണ്ട്.
ലഹരിമരുന്ന് കേസില്‍ ആര്യന്ഖാന് കുറ്റവിമുക്തനായെങ്കിലും സമീര്‍ വാങ്കഡെക്കെതിരായ കുരുക്കുകള്‍ മുറുകുന്നുണ്ട്. എന്‍സിബി മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ ആരോപണം ഉന്നയിച്ചിരുന്നു. ആര്യനെ ലഹരിക്കേസില്‍ പെടുത്തി ഷാരൂഖ് ഖാനോട് പണം വാങ്ങാനായിരുന്നു നീക്കമെന്നും ഇതിനായി സമീര്‍ സാക്ഷിയായ ഗോസാവിക്കിനൊപ്പം ഗൂഢാലോചന നടത്തിയെന്നും സിബിഐ ആരോപിച്ചു. ആര്യന് ഖാനെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് 25 കോടി രൂപ തട്ടാന്‍ ശ്രമിച്ചുവെന്നാണ് സിബിഐയുടെ പ്രാഥമിക എഫ്ഐആറില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സിബിഐയുടെ തീരുമാനം. സമീര്‍ വാങ്കഡെ ഇതിനോടകം 15 ലക്ഷം തട്ടിയെടുത്തുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ ആരോപണങ്ങള്‍ ഉയരുന്നതിന് പിന്നാലെ സമീര്‍ വാങ്കഡെയെ സോണല്‍ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. തുടര്‍ന്ന്, എന്‍സിബിയുടെ മുതിര്‍ന്ന അന്വേഷണസംഘം സമീര്‍ വാങ്കഡെക്കെതിരെ അന്വേഷണം നടത്തുകയും ചെയ്തു. ആര്യന് ഖാനെ കുടുക്കിയതാണെന്ന് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എട്ട് എന്‍.സി.ബി ഉദ്യോഗസ്ഥര്‍ അന്വേഷണത്തില്‍ ക്രമക്കേട് കാട്ടിയതായും റിപ്പോര്‍ട്ടിലുണ്ട്.ഇതിന് ശേഷമാണ് സിബിഐ കേസ് ഏറ്റെടുത്തത്. പിന്നാലെയാണ് സമീര്‍ വാങ്കഡെക്കെതിരെ ഗുരുതരമായ ആരോപണവുമായി റിപ്പോര്‍ട്ട് പുറത്തുവന്നത്.
2021 ഒക്ടോബര്‍ രണ്ടിനാണ് ആര്യന് ഖാനടക്കം 20 പേരെ ഗോവിയലേക്ക് പോവുകയായിരുന്ന കപ്പല്‍ റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് ഉപയോഗിച്ചതിനോ കൈവശം വച്ചതിനോ തെളിവില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് എന്‍.സി.ബി പിന്നീട് ആര്യന് ഖാനും മറ്റ് അഞ്ച് പേര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. ഇതേത്തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം നടന്നത്. റിപ്പോര്‍ട്ട് ഡല്‍ഹി ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് അയച്ചിട്ടുണ്ട്.






