
‘നിവേദ്യം’ എന്ന ലോഹിതദാസ് ചിത്രം മാത്രം മതി മലയാളികള്‍ ഭാമയെന്ന അഭിനേത്രിയെ ഓര്‍ത്തെടുക്കാന്‍. ശാലീന സൗന്ദര്യമെന്ന് മലയാളികള്‍ വിശേഷിപ്പിക്കാറുള്ള താരം ഇപ്പോള്‍ മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും മലയാളികളുടെ മനസ്സില്‍ തന്നെയുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും തിളങ്ങിയിട്ടുള്ള താരം വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തു. കുഞ്ഞ് കൂടെ ജനിച്ചതോടെ പൂര്‍ണമായും കുടുംബ കാര്യങ്ങളിലേക്ക് ഒതുങ്ങിയ ഭാമ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറി. എല്ലാ കുഞ്ഞു വിശേഷങ്ങളും ഭാമ ആരാധകരുമായി പങ്കുവയ്ക്കുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ഇപ്പോഴിതാ തന്റെ പിറന്നാള്‍ ദിനത്തിലെ അപൂര്‍വ്വ കൂടിക്കാഴ്ചയെക്കുറിച്ച് ഭാമ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘‘ഇന്നത്തെ ദിവസം വളരെയധികം സന്തോഷമുള്ളതാണ്. ദേവന് അങ്കിളിനെയും ജയരാജേട്ടനേയും കാണാന്‍ പറ്റി. ഈ സര്‍പ്രൈസ് ഞാനെന്നും ഓര്‍ത്തിരിക്കും...’’ എന്നാണ് ദേവനൊപ്പമുള്ള ചിത്രത്തിന്റെ കൂടെ ഭാമ കുറിച്ചത്. ഭാമയുടെ അച്ഛന് വേഷത്തില്‍ ചില സിനിമകളില്‍ ദേവന് അഭിനയിച്ചിട്ടുണ്ട്. ദേവനും ജയരാജിനുമൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രവും താരം പങ്കിട്ടിട്ടുണ്ട്. നിരവധി പേര് പോസ്റ്റിന് താഴെയായി ഭാമയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ലുലു ഫാഷന്‍ വീക്കിലും ഭാമ എത്തിയിരുന്നു. അടുത്തിടെയാണ് ഭാമ ഓണ്‍ലൈന്‍ വസ്ത്ര സ്ഥാപനം തുടങ്ങിയത്. അതിനു ശേഷം ചാനല്‍ പരിപാടികളിലും പങ്കെടുത്തു. ‘ലോക് ഡൗണും കുഞ്ഞിന്റെ വരവുമൊക്കെയായി കുറച്ച് കാലം ഇടവേളയിലായിരുന്നു. എന്തെങ്കിലും ബിസിനസ് തുടങ്ങണമെന്ന് ആലോചിച്ചിരുന്നു. അങ്ങനെയാണ് വാസുകിയിലേക്ക് എത്തിയത്. ഈ പേര് ഭയങ്കര ഇഷ്ടമാണ്. അത് തന്നെ സ്ഥാപനത്തിലും ഇടുകയായിരുന്നു. മോഡേണും നാടന്‍ വേഷവും ഒരുപോലെ ഉപയോഗിക്കുന്ന ആളാണ് ഞാന്‍...’ എന്നാണ് ഭാമ വസ്ത്രസ്ഥാപനത്തെക്കുറിച്ച് ആരാധകരോട് പറഞ്ഞത്. മികച്ച അവസരം ലഭിച്ചാല്‍ സിനിമയില്‍ തിരിച്ചെത്തുമെന്നും താരം അടുത്തിടെ വ്യക്തമാക്കി.






