
കൊച്ചി: വ്യവസായം തുടങ്ങാന്‍ കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കര്‍ എന്നത് എടുത്തുകളയുന്നതു പരിഗണനയില്‍. സംസ്ഥാനത്തേക്ക് വന്‍കിട വ്യസായങ്ങള്‍ കടന്നുവരാന്‍ ഇത് അനിവാര്യമാണെന്ന വ്യവസായവകുപ്പിന്റെ ശിപാര്‍ശപ്രകാരമാണു സര്‍ക്കാര്‍ നീക്കം.
എന്നാല്‍, സി.പി.ഐ. നിയന്ത്രണത്തിലുള്ള റവന്യൂവകുപ്പ് പിന്നോട്ടു നില്‍ക്കുകയാണ്. കേരള ഭൂപരിഷ്കരണ നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് സി.പി.ഐയുടെ നിലപാട്. കഴിഞ്ഞ ഇടതുമുന്നണി യോഗത്തില്‍ ഈ വിഷയം മുഖ്യമന്ത്രി പരാമര്‍ശിച്ചെങ്കിലും സി.പി.ഐ. താല്പര്യം കാണിക്കാതിരുന്നതോടെ മാറ്റിവയ്ക്കുകയായിരുന്നു. അടുത്ത യോഗത്തില്‍ പ്രധാന അജന്‍ഡകളിലൊന്നായി ഈ വിഷയം ഇടതുമുന്നണി വീണ്ടും പരിഗണിക്കും.
വന്‍കിട വ്യവസായങ്ങള്‍ വരുന്നതിന് ഈ പരിധി വലിയ തടസമാണെന്നാണു വ്യവസായവകുപ്പിന്റെ നിലപാട്. ഭൂപരിഷ്കരണ നിയമപ്രകാരം ഒരു വ്യക്തിക്കു െകെവശംവയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്കറാണ്. കമ്പനിക്കും ഈ പരിധി ബാധകമാണ്.ഈ വ്യവ്യസ്ഥ മറികടക്കാന്‍ ആദ്യം പല കമ്പനികള്‍ രൂപവത്കരിക്കും. അവയുടെ പേരില്‍ 15 ഏക്കര്‍ വീതം വാങ്ങും. അതിനുശേഷം ഈ കമ്പനികള്ചേര്ന്നു കണ്സോര്ഷ്യമുണ്ടാക്കിയാണു പ്രവര്‍ത്തിക്കുന്നത്. ഇത്തരം കടലാസു കമ്പനികള്‍ പിന്നീടു ചിത്രത്തിലുണ്ടാവില്ല.
ഇൗ രീതി സംസ്ഥാനത്തിനു ചീത്തപ്പേരുണ്ടാക്കുന്നതായാണു വ്യവസായവകുപ്പിന്റെ നിലപാട്. അയല്‍ സംസ്ഥാനങ്ങളിലൊന്നും ഭൂപരിധിയില്ല. അതിനാലാണു വന്‍കിട വ്യവസായികള്‍ അവിടേക്ക് ആകര്‍ഷിക്കപ്പെടുന്നത്. നിലവിലെ ചട്ടപ്രകാരം, സംരംഭം തുടങ്ങാന്‍ 15 ഏക്കറില്‍ അധികം ഭൂമി ആവശ്യമുണ്ടെങ്കില്‍ ലാന്‍ഡ് ബോര്‍ഡിന് അപേക്ഷ നല്‍കണം.
ലാന്‍ഡ് ബോര്‍ഡാണ് അപേക്ഷ പരിശോധിച്ചു പ്രത്യേക ഇളവു നല്‍കുന്നത്. പലപ്പോഴും അനുമതി ലഭിക്കാറില്ല, കിട്ടിയാല്‍തന്നെ കാലതാമസമെടുക്കുകയാണ്. ഇളവു ലഭിക്കാന്‍ കര്‍ശന നിബന്ധനകളുള്ളതും സംരംഭകരെ പിന്നോട്ടുവലിക്കുന്നു. എത്ര പേര്‍ക്കു ജോലി നല്‍കണമെന്ന വ്യവസ്ഥയാണ് അതിലൊന്ന്. ലാന്‍ഡ് ബോര്‍ഡില്‍ സ്വാധീനം ചെലുത്തി കരിങ്കല്‍ ക്വാറികള്‍ ഏക്കര്‍ കണക്കിനു ഭൂമി വാങ്ങികൂട്ടുന്നതു തടയിടാന്‍ കഴിഞ്ഞിട്ടില്ല.
കുമരകം, ആലപ്പുഴ മേഖലകളില്‍ കമ്പനികള്‍ക്കു പാടം വാങ്ങാന്‍ ഇളവുണ്ട്. എന്നാല്‍, അവ വാങ്ങിയെടുക്കാനും വന്‍തോതില്‍ കോഴ നല്‍കേണ്ട സ്ഥിതിയാണ്. ലാന്‍ഡ് ബോര്‍ഡില്‍നിന്ന് ഇളവ് വാങ്ങിയെടുക്കാന്‍ വലിയ ചെലവാണെന്നാണു വ്യവസായികള്‍ പരാതിപ്പെടുന്നത്. വന്‍കിട വ്യവസായികള്‍ക്കു ഇത്തരം ചുവപ്പുനാടയോടു താല്പര്യവുമില്ല.
നിലവിലെ നിയമപ്രകാരം 15 ഏക്കറിനു മുകളിലുണ്ടെങ്കില്‍ മിച്ചഭൂമിയാകും. നിയമപ്രകാരം മിച്ചഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാം. ഇതു ബാങ്ക് വായ്പയ്ക്ക് ഉള്‍പ്പെടെ ഒട്ടേറെ നിയമതടസമുണ്ടാക്കുന്നുണ്ട്. സി.പി.ഐയെ സമ്മതിപ്പിച്ചു െവെകാതെതന്നെ ബില്‍ കൊണ്ടുവരാനാണു സര്‍ക്കാര്‍ശ്രമം. വ്യവസായങ്ങളെ ആകര്‍ഷിക്കാന്‍ ഭൂപരിഷ്കരണ നിയമത്തിലെ 15 ഏക്കര്‍ പരിധി വ്യവസ്ഥ എടുത്തുകളയണമെന്നു ടി. ബാലകൃഷ്ണന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ശിപാര്‍ശ നല്‍കിയിരുന്നു. റവന്യൂവകുപ്പിന്റെ നിസഹകരണംമൂലം അതു നടന്നില്ല.






