
കൊച്ചി: സംവിധായകന് നജീം കോയ താമസിച്ച ഈരാറ്റുപേട്ടയിലെ ഹോട്ടല്‍ മുറിയില്‍ എക്സൈസ് സംഘം നടത്തിയ റെയ്ഡിനു പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചനയെന്ന് ഫെഫ്ക. നിരവധി സിനിമ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നജീം കോയ താമസിച്ച മുറിയിലേക്ക് മാത്രം ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തിയത് എന്തടിസ്ഥാനത്തിലാണ്. ആരാണ് ആ ഉദ്യോഗസ്ഥര്‍ക്ക് ഇത്തരത്തിലുള്ള ഒരു വിവരം നല്‍കിയത്. ഉത്തരവാദിത്തപ്പെട്ട അന്വേഷണ ഏജന്‍സിയെ തെറ്റിദ്ധരിപ്പിച്ചു. എക്സൈസിനൊപ്പമെത്തിയ പോലീസുകാര്‍ മോശമായി പെരുമാറിയെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന് പറഞ്ഞു.
റെയ്ഡിനു പിന്നിലെ ക്രിമിനല്‍ ഗൂഢാലോചനയില്‍ അന്വേഷണം നടക്കണം. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തുകൊണ്ടുവരുന്ന വരെ പ്രതിഷേധം തുടരുമെന്നും ഫെഫ്ക കൊച്ചിയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
നജീം കോയയ്ക്കെതിരായ നടപടിയില്‍ എക്സൈസ്മന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്കി. എക്സൈസ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുവെന്നും ഉണ്ണികൃഷ്ണന് പറയുന്നു.
റെയ്ഡില്‍ ഒരു പിഴവും സംഭവിക്കാത്ത തിരുവന്തപുരത്തുനിന്നുള്ള സ്ക്വാഡ് ആണ് നജീമിന്റെ മുറിയില്‍ പരിശോധന നടത്തിയത്. സംഘം ഒന്നും കിട്ടാതെ മടങ്ങിപ്പോയി. സംഭവത്തിനു പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നുണ്ട്. ഷൂട്ടിംഗിന് മുറി പൂട്ടി താക്കോല്‍ ഏല്പിച്ചുപോകുമ്പോള് എന്തെങ്കിലൂം ലഹരിവസ്തു മുറിയില്‍ വച്ച് നജീമിനെ കുടുക്കാനുള്ള ശ്രമമാണോ നടന്നതെന്ന് സംശയിക്കുന്നതായും ഉണ്ണികൃഷ്ണന് പറഞ്ഞു.
സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് പറഞ്ഞ ടിനി ടോമിന്റെ മൊഴിയെടുത്തിട്ടില്ല. ലഹരി ഉപയോഗിക്കുന്നവരുടെ പട്ടിക ഉള്ളവര്‍ നല്‍കണമെന്നും ഫെഫ്ക അറിയിച്ചു.






