
ബോഗറ്റ(കൊളംബിയ): ''വലിയ അപകടത്തില്‍നിന്നു രക്ഷപ്പെട്ടെന്ന വിചാരമൊന്നും അവള്‍ക്കില്ല. ഇടയ്ക്കിടയ്ക്ക് അമ്മയെക്കുറിച്ചോര്ത്തു വിങ്ങിപ്പൊട്ടും. എങ്കിലും അവള്(ലെസ്ലി) ഞങ്ങളുടെ ഹീറോയാണ്. വല്ല്യേച്ചി ഹീറോ''- ആമസോണ്‍ കാടിനുള്ളില്‍നിന്നു സഹോദരങ്ങളെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്ന ലെസ്ലി(13)യെക്കുറിച്ചു അമ്മായി ഡമറിസ് മുക്കുറ്റുയിയുടെ വാക്കുകള്‍.
40 ദിവസം ആമസോണ്‍ കാടിനെ അതിജീവിച്ചാണു സൊലൈനി (9), ടിയാന് നോറിയന് (4), ക്രിസ്റ്റിന് (1) എന്നിവരെ ലെസ്ലി ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവന്നത്. ലെസ്ലി ദുരന്തത്തിന്റെ മാനസികാഘാതത്തെ മറികടന്നില്ലെങ്കിലും ടിയാനും ക്രിസ്റ്റിനും കളിചിരി തുടങ്ങിയതായി ബന്ധുക്കള്‍ അറിയിച്ചു.
ബോഗറ്റയിലെ െസെനിക ആശുപത്രിയില്‍ ചികിത്സയിലാണു കുട്ടികള്‍. ''കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. പോഷകാഹാരക്കുറവുണ്ട്. പിന്നെ കാട്ടില്നിന്നേറ്റ ചെറിയ മുറിവുകള്‍, ചര്‍മ ക്ഷതങ്ങള്‍, ജീവികളുടെ കടിയേറ്റതിന്റെ പ്രശ്നങ്ങള്‍ എന്നിവ അവര്‍ക്കുണ്ട്.''- സൈനിക ഡോക്ടര്‍ കാര്‍ലോസ് റിന്‍കോണ്‍ അറിയിച്ചു. ''കാര്യങ്ങള്‍ ശരിയായി നടന്നാല്‍, അവര്‍ രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ അവര്‍ക്ക് ആശുപത്രി വിടാം''- അദ്ദേഹം പറഞ്ഞു.
കമ്പ്യൂട്ടര്‍ ഗെയിം പോലെ...
കുട്ടികള്‍ ഹുയിറ്റോട്ടോ (വിറ്റോട്ടോ) വിഭാഗത്തിലെ അംഗങ്ങളായിരുന്നു. അവരെ കാടിനോട് ചേര്‍ത്തുനിര്‍ത്തിയത് മുത്തച്ഛന് ഫിഡെന്‍സിയോ വലന്‍സിയയും. ചെറുപ്പം മുതലേ കാട്ടില്‍പ്പോയി വേട്ടയാടാനും മീന്‍പിടിക്കാനും അവരെ അദ്ദേഹം പഠിപ്പിച്ചു. ''അതിജീവനം'' പ്രമേയമാക്കിയുള്ള കമ്പ്യൂട്ടര്‍ ഗെയിമായിരുന്നു ലെസ്ലിക്കും സൊലൈനിക്കും ഏറെ ഇഷ്ടം. ''ഗെയിമിനുള്ളില്‍ അവള് ചെറിയ ക്യാമ്പുകള്‍ സജ്ജീകരിക്കുമായിരുന്നു. ആ രീതി തന്നെ അവള് കാട്ടിലും പിന്തുടര്ന്നു'' - ഡമറിസ് മുക്കുറ്റുയി പറഞ്ഞു.
ഹെയര്‍ റിബണുകള്‍ ഉപയോഗിച്ച് ക്യാമ്പുകള്‍ അവള് സുരക്ഷിതമാക്കി. കാട്ടില്‍ ധാരാളം വിഷമുള്ള പഴങ്ങള്‍ ഉണ്ടെന്നു മുത്തച്ഛന് പഠിപ്പിച്ചിരുന്നു. സുരക്ഷിതമായ പഴങ്ങളെക്കുറിച്ചും അവള്‍ക്കറിയാമായിരുന്നു. കപ്പയും മാമ്പഴമായിരുന്നു പ്രധാന ഭക്ഷണം. കുട്ടികളെ പരിപാലിക്കാന്‍ പഠിപ്പിച്ചത് മുത്തശ്ശി ഫാത്തിമ വലന്‍സിയയാണ്. അമ്മ ജോലിക്ക് പോകുമ്പോള്‍ ആങ്ങളമാരെ നോക്കിയിരുന്നത് ലെസ്ലിയാണ്. ക്രിസ്റ്റിന് കൂടുതല്‍ സമയവും ലെസ്ലിക്കൊമായിരുന്നു. ''ഞാന്‍ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല, ഞാന്‍ എല്ലായ്േപ്പാഴും തിരച്ചിലിനെ പിന്തുണച്ചിരുന്നു. എനിക്ക് വളരെ സന്തോഷമുണ്ട്''- ഫാത്തിമ പറഞ്ഞു.
അത്ഭുതം, അത്ഭുതം, അത്യത്ഭുതം
സഹോദരങ്ങളെ ജീവനോടെ കണ്ടെത്തിയ ശേഷം സൈനിക റേഡിയോകള്‍ ആവര്‍ത്തിച്ച വാക്കുകളാണ് ''അത്ഭുതം, അത്ഭുതം, അത്ഭുതം, അത്ഭുതം''. ദൗത്യത്തിന്റെ െസെനിക കോഡ് അത്ഭുതം എന്നായിരുന്നു. നാലു കുട്ടികളെയും ജീവനോടെ ലഭിച്ചതിനാലാണ് ആ വാക്ക് ആവര്‍ത്തിക്കപ്പെട്ടത്. കാട്ടില്‍വച്ചുതന്നെ സ്പെഷല്‍ ഓപ്പറേഷന്‍സ് കമാന്‍ഡില്‍നിന്നുള്ള ഡോക്ടര്‍മാര്‍ കുട്ടികളുടെ ആരോഗ്യനില പരിശോധിച്ചിരുന്നു.
തുടര്‍ന്നു ഹെലികോപ്റ്ററിലാണു കുട്ടികളെ കൊളംബിയന്‍ തലസ്ഥാനമായ ബോഗറ്റയിലേക്കു കൊണ്ടുപോയത്. പിന്നീട് ഹെലികോപ്റ്ററില്‍ സാന്‍ ജോസ് ഡെല്‍ ഗ്വാവിയറിലെ സൈനിക താവളത്തിലേക്ക് മാറ്റി. ഇതിനിടെ കുട്ടികള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും െസെനികര്‍ സമയം കണ്ടെത്തി.
കൊളംബിയയുടെ മക്കള്‍
ലെസ്ലിയുടെയും ആങ്ങളമാരുടെയും കഥ ചരിത്രമാണെന്നു കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു. മകള്‍ സോഫിയയ്ക്കൊപ്പമാണ് അദ്ദേഹം കുട്ടികളെ സന്ദര്‍ശിക്കാനെത്തിയത്. ക്യൂബയില്‍നിന്നു തലസ്ഥാനത്തു മടങ്ങിയെത്തിയ അദ്ദേഹം നേരിട്ട് െസെനികാശുപത്രിയിലെത്തുകയായിരുന്നു.
കൊളംബിയന്‍ വിമതരായ നാഷണല്‍ ലിബറേഷന്‍ ആര്‍മിയുമായി വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാനാണ് അദ്ദേഹം ക്യൂബയിലേക്കു പോയത്. ''കാടാണ് അവരെ രക്ഷിച്ചത്. അവര്‍ കാടിന്റെ മക്കളാണ്, ഇപ്പോള്‍ അവരും കൊളംബിയയുടെ മക്കളാണ്''. - അദ്ദേഹം പറഞ്ഞു. ആഴ്ചകള്‍ക്കു മുമ്പ് കുട്ടികളെ കണ്ടെത്തിയെന്ന പ്രസ്താവന ഗുസ്താവോ നടത്തിയിരുന്നു. പിന്നീട് അതു തിരുത്തേണ്ടിയും വന്നു.
അപകടം ഇങ്ങനെ
മേയ് 1 ന് അരരാകുവാരയില്‍നിന്ന് സാന്‍ ജോസ് ഡെല്‍ ഗ്വാവിയര്‍ പട്ടണത്തിലേക്കുള്ള സെസ്ന 206 വിമാനത്തിലാണു ലെസ്ലി അമ്മ മഗ്ദലിനയ്ക്കും സഹോദരന്മാര്ക്കുമൊപ്പം യാത്ര പുറപ്പെട്ടത്. ആമസോണ്‍ കാടിനെ മറികടക്കാന്‍ ചെറുവിമാനങ്ങളും ബോട്ടുകളും മാത്രമാണു ജനങ്ങള്‍ക്ക് ആശ്രയം.
350 കിലോമീറ്റര്‍ യാത്ര ആരംഭിച്ച് മിനിറ്റുകള്‍ക്ക് ശേഷമാണു ചെറുവിമാനം റഡാറുകളില്‍നിന്ന് അപ്രത്യക്ഷമായത്. മേയ് 15 നും 16 നും ഇടയില്‍ മൂന്ന് മുതിര്‍ന്നവരുടെ മൃതദേഹങ്ങളും വിമാനത്തിന്റെ അവശിഷ്ടങ്ങളും സൈനികര്‍ കണ്ടെത്തി.






