
കേരളാ ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനെ സ്വന്തമാക്കാന്‍ വന്‍ ഓഫറുകളുമായി മുംബൈ സിറ്റി എഫ്സിയും നിലവിലെ ചാമ്പ്യന്മാരായ മോഹന്ബഗാന് സൂപ്പര്‍ ജയന്റും. എന്നാല്‍ ബ്ലാസ്റ്റേഴ്സില്‍ തുടരാനാണ് തനിക്കു താല്പര്യമെന്നും അതുകൊണ്ട് തന്നെ ഈ ഓഫര്‍ സഹല്‍ നിരാകരിച്ചുവെന്നും കേരളാ ബ്ലാസ്റ്റേഴ്സിന്റെ അനൗദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2025 വരെ സഹലിന് ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്. ആ കാലയളവ് കഴിഞ്ഞ് താരത്തിനു താല്പര്യമുണ്ടെങ്കില് കരാര്‍ നീട്ടിനല്‍കാനും ബ്ലാസ്റ്റേഴ്സ് തയാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്ലാസ്റ്റേഴ്സിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് 26-കാരനായ സഹല്‍ അബ്ദുള്‍ സമദ്. താരം ഇതുവരെ ബ്ലാസ്റ്റേഴ്സ് ജഴ്സിയില്‍ 97 മത്സരങ്ങളിലാണ് ഇറങ്ങിയത്. ഇതില്‍ 92 എണ്ണവും ഐഎസ്എല്ലിലായിരുന്നു. ഇതുവരെ 10 ഗോളുകളും എട്ട് അസിസ്റ്റുകളുമാണ് സഹല്‍ നേടിയിട്ടുള്ളത്.
എന്തുവിലകൊടുത്തും സഹലിനെ ടീമില്‍ നിര്‍ത്താന്‍ തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ തീരുമാനം. താരം ക്ലബ് വിട്ടാല്‍ അതേ തോതില്‍ മറ്റൊരു പകരക്കാരനെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന തിരിച്ചറിവിലാണ് ടീം മാനേജ്മെന്റ്.






