പട്ന: ബിഹാര്‍ മന്ത്രിസഭയില്‍ അസ്വാരസ്യം. മന്ത്രിസഭയിലെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച അംഗമായ സന്തോഷ് കുമാര്‍ സുമന് രാജിവച്ചു. തന്റെ പാര്‍ട്ടിയെ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ യുണൈറ്റഡില്‍ ലയിക്കാന്‍ അദ്ദേഹം സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആരോപിച്ചാണ് രാജി.
മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകനാണ് സന്തോഷ് കുമാര്‍ സുമന്. മന്ത്രിസഭയില്‍ പട്ടിക ജാതി, പട്ടിക വര്‍ഗ ക്ഷേമ വകുപ്പാണ് കൈകാര്യം ചെയ്തിരുന്നത്. മന്ത്രിസഭയില്‍ നിന്ന് രാജിവച്ചെങ്കിലും ഭരണ മുന്നണിയില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിനു വേണ്ടി സുമനുമായി അനുരഞ്ജന ചര്‍ച്ചയ്ക്ക് നിയോഗിച്ചിരുന്ന പാര്‍ലമെന്ററി കാര്യമന്ത്രി വിജയ് കുമാര്‍ ചൗധരിയോടാണ് രാജി തീരുമാനം അറിയിച്ചത്.
'ഞങ്ങളുടെ പാര്‍ട്ടിയുടെ നിലനില്‍പ്പ് ഭീഷണിയിലാണ്. പാര്‍ട്ടിയെ സംരക്ഷിക്കാന്‍ തനിക്കിത് ചെയ്യേണ്ടിവന്നു'- രാജിയെ കുറിച്ച് മന്ത്രി പ്രതികരിച്ചത് ഇങ്ങനെയാണ്. ഞങ്ങള്‍ ക്ഷണിക്കപ്പെടാതിരുന്നതായിരുന്നുവെങ്കില്, ഞങ്ങള്‍ ഒരു രാഷ്ട്രീയ കക്ഷിയായി അംഗീകരിക്കപ്പെടാതിരുന്നാണെങ്കില് പിന്നെയെങ്ങനെയാണ് ഞങ്ങള്‍ ക്ഷണിക്കപ്പെട്ടത്? ജൂണ്‍ 23ന് പട്നയില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വനത്തില്‍ നിരവധി മൃഗങ്ങളുണ്ട്. സിംഹങ്ങള്‍, ചെറു മൃഗങ്ങളെ വേട്ടയാകുന്നു. അവരെല്ലാം രക്ഷപ്പെടാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ ഞങ്ങളും രക്ഷപ്പെടുകയാണ്. എന്നാല്‍ ഏറെക്കാലും ഒറ്റപ്പെട്ട നിലയില്‍ ഞങ്ങള്‍ സുരക്ഷിതരല്ലെന്ന് അറിയാം. -അദ്ദേഹം പറഞ്ഞു.






