
നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തില്‍ ചോദ്യങ്ങളുമായി നടി സജിത മഠത്തില്‍. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് താരം പ്രതികരണം അറിയിച്ചത്. നിഖിലിന്റെ വിഷയത്തില്‍ ഒന്നും മിണ്ടരുതെന്ന് കരുതിയതാണ്. മനസ്സമാധാനം കളയാന്‍ ആര്‍ക്കും താല്പര്യം ഉണ്ടാവില്ലല്ലോ. എങ്കിലും ഇതെല്ലാം മാറി നിന്നു കാണുമ്പോള്‍ തോന്നുന്ന ചില സംശയങ്ങളാണ്, എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
പോസ്റ്റ് കാണാം...
നിഖിലിന്റെ വിഷയത്തില്‍ ഒന്നും മിണ്ടരുതെന്ന് കരുതിയതാണ്. മനസ്സമാധാനം കളയാന്‍ ആര്‍ക്കും താല്പര്യം ഉണ്ടാവില്ലല്ലോ.
എങ്കിലും ഇതെല്ലാം മാറി നിന്നു കാണുമ്പോള്‍ തോന്നുന്ന ചില സംശയങ്ങളാണ്.
1 - യഥാര്‍ത്ഥത്തില്‍ നിഖില്‍ എന്ന ചെറുപ്പക്കാരന് ഇത്രയും വലിയ തട്ടിപ്പ് നടത്താനുള്ള ധൈര്യം നല്കുന്ന ഒരു സിസ്റ്റം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടോ? പിടിക്കപ്പെടില്ല എന്ന ഉറപ്പ് നല്‍കുന്നത് ആരാണ്?
2- തങ്ങള്‍ തോല്‍പ്പിച്ച ഒരു വിദ്യാര്‍ത്ഥി അതേ കോളേജില്‍ ഉന്നത വിദ്യാഭ്യാസത്തിന് മറ്റൊരു യൂണിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് ആയി വരുമ്പോള്‍ ആ ഡിപ്പാര്‍ട്ട്മെന്റിലെ അദ്ധ്യാപകര്‍ക്ക് നിശ്ശബ്ദരായി ഇരിക്കേണ്ടി വരുന്നത് എന്തുകൊണ്ടാവും?
3- ചില കോളേജുകളില്‍ വിദ്യാര്ത്ഥിനേതാക്കന്മാര് ക്ലാസ്സില്‍ ഒരിക്കല്‍ പോലും വന്നില്ലെങ്കിലും അവര്‍ക്ക് പൂര്‍ണ്ണമായ ഹാജറും കൂടിയ ഇന്റേണല്‍ മാര്‍ക്കും നല്കുവാന് അദ്ധ്യാപകര്‍ നിര്‍ബന്ധിതരാകുന്നത് എന്തുകൊണ്ടാവും?
4- ഈ കുട്ടികളെ കൃത്യമായി മുന്നോട്ടു നയിക്കേണ്ട അദ്ധ്യാപകര്‍ക്ക് ഇവിടെ എന്താണ് സംഭവിക്കുന്നത്? അതിന് അവരെ തടസ്സപ്പെടുത്തുന്നത് എന്തായിരിക്കും? തല്കാലിക ലാഭങ്ങള്‍ മാത്രമായിരിക്കുമോ ഈ അദ്ധ്യാപകരെ നിശ്ശബ്ദരാക്കുന്നുണ്ടാവുക?
ഞാന്‍ പറഞ്ഞില്ലെ സംശയം ചോദിച്ചെന്നെ ഉള്ളൂ. കൊല്ലരുത്!






