പാലക്കാട്: വ്യാജരേഖ കേസില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലന്. ഒരു പ്രതിക്കും സംരക്ഷണമുണ്ടാകില്ല. വിദ്യയുടെ അറസ്റ്റ് അതാണ് തെളിിക്കുന്നത്. വ്യാജരേഖ കേസില്‍ എസ്.എഫ്.ഐയ്ക്ക് ഒരു ബന്ധവുമില്ല. മുഖ്യമന്ത്രി പിണറായി വിജയനേയും സര്‍ക്കാരിനെയും എസ്എഫ്ഐയേയും ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഏ.കെ ബാലന് പറഞ്ഞു.
സമൂഹത്തില്‍ നടക്കുന്ന ഒരു പരിഛേദത്തിന്റെ ഭാഗമാണ് വിദ്യയുടെ കേസും. സമൂഹത്തില്‍ കള്ളനോട്ടടിയും ബലാത്സംഗവും നടക്കുന്നില്ലേ. ബാങ്കില്‍ നിന്ന് 50 കോടി അടിച്ചുമാറ്റിയ കേസില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ജയിലില്‍ കിടക്കുന്നില്ലേ? ഒരു കോണ്ഗ്രസുകാരന് ആത്മഹത്യ ചെയ്തില്ലേ? എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയെ പൂര്‍ണ്ണമായും ന്യായീകരിച്ച ബാലന് എസ്എഫ്ഐ നടപടിയും ശരിവച്ചു. അതേസമയം, വിദ്യയേയും നിഖിലിനേയും പരോക്ഷമായി തള്ളിപ്പറയുകയും ചെയ്തു.
വിദ്യയെ പതിനഞ്ചു ദിവസത്തിനുള്ളില്‍ പിടികൂടിയല്ലോ. ആരാണ് ഒളിപ്പിച്ചതെന്ന് പരിശോധിച്ചുവരികയാണ്. എ.കെ.ജി സെന്റര്‍ ആക്രമണകേസിലെ പ്രതിയെ 80 ദിവസം ഒളിവില്‍ പാര്പ്പിച്ചതാരാണെന്ന് ആദ്യം പറയട്ടെ- വിദ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചത് എസ്എഫ്ഐ നേതവാണോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ധീരജ് വധക്കേസിലെ പ്രതിയെ സംരക്ഷിക്കുന്നത് ആരാണ്? പ്രതി ഇപ്പോഴും യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുകയാണ്.
കള്ളനോട്ടടി പോലെ ചില വ്യാജന്മാര് ഇതിനു പിന്നിലുണ്ട്. ഇതില്‍ ശക്തമായ നടപടിയുമായി മുന്നോട്ടുപോകും. ഒരാള്‍ പോലും നിയമത്തിന്റെ പിടിയില്‍ നിന്ന് പുറത്തുപോകില്ല. മാളത്തിലിരിക്കുന്ന ഉടൃമ്പിനെ പുറത്തുചാടിക്കുന്നപോലെ എല്ലാ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. യുഡിഎഫിന്റെ കാലത്ത് ഒളിവിലായിരുന്ന എത്ര കൊലപാതകക്കേസിലെ പ്രതികളെയാണ് ഈ സര്‍ക്കാര്‍ പിടിയിലായത്.
എസ്എഫ്ഐയ്ക്ക് വ്യാജരേഖ കേസില്‍ ഒരു ബന്ധവുമില്ല. പി.എം ആര്‍ഷോയ്ക്ക് എതിരെ ഒരു ആരോപണവുമില്ല. വിദ്യയ്ക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടക്കും. വസ്തുത പുറത്തുകൊണ്ടുവരും. മൂന്നാലു വര്‍ഷം മുന്‍പ് എസ്എഫ്ഐ അനുഭാവിയായിരുന്നു വിദ്യ. മികച്ച റാങ്ക് നേടി വിജയിച്ച വിദ്യയ്ക്ക് ഇത്തരമൊരു നടപടിയുടെ ആവശ്യമെന്തായിരുന്നുവെന്ന് പരിശോധിക്കും. കെഎസ്.യു നേതാവ് അന്‍സല്‍ ജലീലിനും പരാതിയുണ്ട്. അതും പരിശോധിക്കും.
എസ്എഫ്ഐ ഒരു സ്വാതന്ത്ര സംഘടനയാണ്. അതിലെ അംഗങ്ങളെ പാര്‍ട്ടി നിയന്ത്രിക്കും. പി.എം ആര്‍ഷോയെ വേട്ടയാടിയിട്ടും അദ്ദേഹം പിടിച്ചുനിന്നില്ലേ? ആദ്യഘട്ടത്തില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നിഖിലിന്റെ സര്‍ട്ടിഫിക്കറ്റ് ശരിയാണെന്ന് പറഞ്ഞത്. എന്നാല്‍ പിന്നീട് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം അത് തിരുത്തി. സംഘടനയില്‍ ചില പ്രശ്നങ്ങളുണ്ട്. അത് പരിശോധിച്ചു മുന്നോട്ടുപോകും. കെ.എസ്.യുവിന് എസ്എഫ്ഐയോട് അസൂയയാണ്. നിഖില്‍ തോമസിന്റെ കോളജ് പ്രവേശനത്തിന് കൂട്ടുനിന്നത് ആരാണെന്ന് പരിശോധിക്കും.
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെയും വിമര്‍ശനം എ.കെ ബാലന് നടത്തി. ജീവപര്യന്തം തടവുശിക്ഷ കിട്ടിയ ഒരു കുറ്റവാളിയോട് തനിക്ക് വിരോധം തോന്നേണ്ട കാര്യമില്ലെ എന്നാണ് സുധാകരന് പറയുന്നത്. ഗോവിന്ദന് മാസ്റ്റര്‍ക്ക് തറവാടിത്തം ഇല്ലെന്ന് പറയുന്നു. പിണറായി വിജയനെ ചെത്തുകാരന്റെ മകനാണെന്ന് വിളിക്കുന്നു. ഞങ്ങളുടെത് തൊഴിലാളി വര്‍ഗത്തിന്റെ തറവാടിത്തമാണ്. മാടമ്പി തറവാടിത്തം ഞങ്ങള്‍ക്കില്ല. പൊളിഞ്ഞ മരണക്കിണറ്റില്‍ ബൈക്ക് ഓടിക്കുന്നവന്റെ അവസ്ഥയാണ് സുധാകരനെന്നും അദ്ദേഹം പറഞ്ഞു.






