
വെല്ലിങ്ടണ്‍: മൊെബെല്‍ ആപ്പ്, ജി.പി.എസ്, വാട്ട്സ്ആപ് ഗ്രൂപ്പുകള്‍, പ്രത്യേക ഉപകരണങ്ങള്‍... പ്രത്യേക ജാക്കറ്റ് ധരിച്ച സംഘത്തിന്റെ ലക്ഷ്യം ഭീകരരോ തീവ്രവാദികളോ അല്ല, എലികള്‍! ന്യൂസിലന്‍ഡിനു സ്വന്തമായ പക്ഷികളെ സംരക്ഷിക്കാനാണു എലികളെ ഇല്ലാതാക്കാനുള്ള ദൗത്യം. പദ്ധതി രാജ്യമാകെ വ്യാപിപ്പിച്ചു കഴിഞ്ഞു. 2050 ല്‍ ലക്ഷ്യം പൂര്‍ത്തിയാക്കാമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ.
ഉപദ്വീപായ മിറാമറില്‍ തുടങ്ങിയ ദൗത്യമാണു രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നത്. വളണ്ടിയര്മാരെയാണു പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ആശ്രയിക്കുന്നത്. എലികള്‍ക്കുള്ള ഭക്ഷണം, വിഷം എന്നിവയാണ് സംഘത്തിന്റെ പക്കലുള്ളത്. സ്മാര്‍ട്ട് എലിക്കെണികളും അനുവദിച്ചിട്ടുണ്ട്. എലികളെ കൊലപ്പെടുത്തി അവയെ യന്ത്രംതന്നെ നീക്കം ചെയ്യും. യാത്രയ്ക്കായി പ്രത്യേക മൊെബെല്‍ ആപ്ലിക്കേഷന്‍ തയാറാണ്. ജി.പി.എസിനെ ആശ്രയിച്ചാണു ദൗത്യസംഘത്തിന്റെ മുന്നേറ്റം.
പ്രധാന ഭൂഖണ്ഡത്തില്‍നിന്ന് 8.5 കോടി വര്‍ഷം മുമ്പാണു ന്യൂസിലന്‍ഡ് വേര്പിരിഞ്ഞതെന്നാണു ശാസ്ത്രം പറയുന്നത്. ഇതോടെ സസ്തനികള്‍ കുറവുള്ള മേഖലയായി ദ്വീപ് മാറി. അവിടെ അപൂര്‍വ പക്ഷികള്‍ നിറഞ്ഞു. ഭൂമിയില്‍ ഏറ്റവും അവസാനം മനുഷ്യരെത്തിയ സ്ഥലം കൂടിയാണു ന്യൂസിലന്‍ഡ്. അതുകൊണ്ടാണു പല പക്ഷികളും വംശനാശം വരാതെ നിലനിന്നത്. പതിമൂന്നാം നൂറ്റാണ്ടിലാണ് അവിടെ മനുഷ്യരെത്തിയത്.
ആറു നൂറ്റാണ്ടിനുശേഷം യൂറോപ്പില്‍നിന്നുള്ള കപ്പലുകളിലൂടെയാണ് എലികളെത്തിയത്. മറ്റ് സസ്തനികളും പിന്നാലെയെത്തി. ഇതോടെ രാജ്യത്തിനു തദ്ദേശീയ ജീവിവര്‍ഗങ്ങളുടെ മൂന്നിലൊന്നും നഷ്ടമായി.
അവശേഷിക്കുന്ന ജീവിവര്‍ഗങ്ങളെ രക്ഷിക്കാനുള്ള ശ്രമം ഇതോടെയാണു തുടങ്ങിയത്. ചില ദ്വീപുകളില്‍നിന്ന് ആദ്യഘട്ടത്തില്‍ എലികളെ ഇല്ലാതാക്കി. ഇതോടെയാണു പദ്ധതി രാജ്യവ്യാപകമായി നടപ്പാക്കാന്‍ തീരുമാനിച്ചതെന്നു ഓക്ക്ലന്‍ഡ് സര്‍വകലാശാല ബയോളജിസ്റ്റും 2050 പ്രോജക്ടിന്റെ മുന്‍നിരക്കാരനുമായ ജെയിംസ് റസല്‍ പറഞ്ഞു.
രാജ്യത്തെ പക്ഷികള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി എലികളില്നിന്നാണെന്നു ജെയിംസ് റസല്‍ അറിയിച്ചു. മുട്ടകള്‍ നശിപ്പിക്കുന്നതില്‍ എലികളാണു മുന്നില്‍. ഇന്‍ഫ്രാറെഡ് ക്യാമറകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തില്‍ അതു വ്യക്തമായതോടയാണു ന്യൂസിലന്‍ഡ് പാര്‍ലമെന്റ് എലികള്‍ക്കെതിരായ നിയമത്തിന് അനുമതി നല്‍കിയത്. പസഫിക് എലി, കപ്പല്‍ എലി, നോര്‍വേ എലി എന്നീ വര്‍ഗങ്ങളെ കൊല്ലാനാണ് അനുമതി.
എലി നിര്‍മാര്‍ജനത്തിനു പ്രിഡേറ്റര്‍ ഫ്രീ 2050 ലിമിറ്റഡ് എന്ന സ്ഥാപനവും രൂപീകരിച്ചു. സര്‍ക്കാര്‍, സ്വകാര്യ സഹായവും പദ്ധതിക്കു ലഭിച്ചു. ക്യാമറകളുടെ സഹായമത്താടെയാണ് എലികളുടെ കേന്ദ്രങ്ങള്‍ മനസിലാക്കുന്നത്. മിറാമറില്‍ പദ്ധതി വിജയിച്ചതായി സര്‍ക്കാര്‍ അവകാശപ്പെടുന്നു.
എലികള്‍ ഇപ്പോള്‍ ഉപദ്വീപില്‍ അപൂര്‍വമാണ്. നിരവധി തദ്ദേശീയ പക്ഷികള്‍ വീണ്ടും അവിടെ പറന്നു തുടങ്ങി. ഏതാനും ജോഡികളായി ചുരുങ്ങിപ്പോയ ടുയി പക്ഷികള്‍ പൊതുനിരത്തുകളിലെ സാധാരണ കാഴ്ചയായി. സീലാന്‍ഡിയയില്‍ ജീവികളെ സംരക്ഷിക്കാന്‍ 8 കിലോമീറ്റര്‍ വേലി തീര്‍ത്തിട്ടുണ്ട്. ഇവിടേക്കു പ്രത്യേക കവാടത്തില്‍ക്കൂടി മാത്രമേ പ്രവേശനം അനുവദിക്കൂ.
ഏതാനും ദ്വീപില്‍നിന്ന് എലികളെ ഉന്മൂലനം ചെയ്താലും ദൗത്യം അവസാനിക്കില്ലെന്നു സിര്സെറ്റിന്റെ ചെയര്‍പഴ്സണ്‍ ഷോണ സാങ്സ്റ്റര്‍ അറിയിച്ചു. എലികള്‍ക്ക് അര മൈല്‍ (800 മീറ്റര്‍) നീന്താന്‍ കഴിയും. അതിനാല്‍ എലികള്‍ എപ്പോള്‍ വേണമെങ്കിലും ദ്വീപിലെത്താമെന്ന് അവര്‍ പറഞ്ഞു.






