ഭോപ്പാല്‍: മധ്യപ്രദേശില്‍ 12 വയസ്സുള്ള ആദിവാസി പെണ്‍കുട്ടിയെ 27 വയസ്സുകാരന് വിറ്റ മാതാപിതാക്കളടക്കം അഞ്ച് പേര് അറസ്റ്റില്‍. 40,000 രൂപയ്ക്കാണ് മകളെ വിവാഹം കഴിക്കുന്നതിനായി ഇവര്‍ യുവാവിന് വിറ്റത്. വനിത ശുശുക്ഷേമ വകുപ്പ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സമബന്ധിതമായി ഇടപെട്ട പോലീസ് ഇവരുടെ വിവാഹം തടഞ്ഞു. ജൂണ്‍ 27നാണ് വിവാഹം നിശ്ചയിച്ചിരുന്നതെന്ന് ഗുണഗ പോലീസ് പറയുന്നു.
40,000 രൂപയില്‍ 20,000 രൂപ മാതാപിതാക്കള്‍ അഡ്വാന്‍സ് ആയി വാങ്ങിയിരുന്നു. ബാക്കി 20,000 രൂപ വിവാഹത്തിന് ശേഷം നല്‍കാമെന്നായിരുന്നു കരാര്‍. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോള്‍ 'ഹല്‍ദി' ചടങ്ങ് നടക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് പുറമേ വരന്, വരന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. മനുഷ്യക്കടത്ത്, ജുവനൈല്‍ ജസ്റ്റീസ് ആക്ട്, ശൈശവ വിവാഹ നിരോധന നിയമം, എസ്.സി/എസ്.ടി ആക്ട് എന്നിവ പ്രകാരമാണ് കേസ്.
വിവാഹത്തിന് ഇടനില നിന്നവര്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണെന്ന് ഭോപ്പാല്‍ റൂറല്‍ എസ്.പി കിരന്ലത കെര്‍കെട്ട പറഞ്ഞൂ.






