
കേരളത്തിന്റെ വ്യാവസായിക പിന്നാക്കവസ്ഥയക്ക് കാരണം സംസ്ഥാനം ഇതുവരെ ഭരിച്ച എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളാണെന്ന് കേരളത്തിന്റെ സംഘടനാ ചുമതലയുള്ള ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലേക്ക് വന്ന വിദേശ നിക്ഷേപത്തിന്റെ അരശതമാനം മാത്രമാണ് കേരളത്തിന് കിട്ടിയുള്ളു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സില്‍ കേരളം 28-ാമതാണ്. ബിആര്‍എപി റാങ്കിംഗിലും കേരളം ഏറ്റവും പിറകിലാണെന്നും അദ്ദേഹം പറഞ്ഞു.
കാലത്തിനനുസരിച്ചുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കാത്തതു കാരണം കേരളത്തില്‍ നിന്ന് വിദ്യാസമ്പന്നരായ യുവാക്കള്‍ തൊഴില്‍ തേടി പുറത്തേക്ക് പോകുകയാണ്. ഇക്കാര്യത്തിൽ യു.ഡി.ഫും എല്‍.ഡി.എഫും തുല്യ ഉത്തരവാദികളാണ്. ഇതിനെ സംബന്ധിച്ച് കേരളം ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടണ്ടതാണെന്നും ജാവദേക്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സ്വകാര്യ സംരംഭങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ കേരളം പരാജയപ്പെടുന്നു. കിറ്റക്സ് അടക്കമുള്ള കമ്പനികൾ സംസ്ഥാനം വിടുന്നതിന് കാരണം ഇതാണ്. സംരംഭങ്ങൾ തുടങ്ങാൻ കേരളത്തിൽ വലിയ പ്രയാസമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നില തുടര്‍ന്നാല്‍ കേരളത്തില്‍ നിന്ന് പുറത്തേക്കുള്ള കുടിയേറ്റം ഇരട്ടിയാകുമെന്നും ജാവദേക്കര്‍ പറഞ്ഞു.
മുസ്ലിം ലീഗും മറ്റും ഏകീകൃത സിവില്‍ കോഡിനെ എതിര്‍ക്കുന്നത് നിര്‍ഭാഗ്യകരമാണ്. അംബേദകര്‍ വിഭാവനം ചെയ്ത ഭരണഘടനയുടെ 44ാം അനുച്ഛേദത്തില്‍ ഇത് വ്യക്തമായി പറയുന്നുണ്ട്. ഇതൊരു മതപരമായ പ്രശ്നമല്ല, മറിച്ച് സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും തുല്യനീതിയുടെയും സ്വാഭിമാനത്തിന്റെയും പ്രശ്നമാണ്. എന്നാൽ ഇന്ത്യയിൽ മാത്രം ഇത് ആവശ്യമില്ല എന്ന അവസരവാദ നിലപാടാണ് മുസ്ലീം ലീഗിനുള്ളത്. എന്തുകൊണ്ടാണ് ലീഗ് ഇത്തരത്തില്‍ ഒരു നിലപാട് എടുക്കുന്നത്. ഭരണഘടയിൽ സിവിൽ കോഡിനെപ്പറ്റി രേഖപ്പെടുത്തിയ സമയത്ത് ബി.ജെ.പി. എന്ന പാർട്ടി പോലും ഉണ്ടായിരുന്നില്ല. ഗോവയിലും പോണ്ടിച്ചേരിയിലും ഇപ്പോള്‍ തന്നെ ഏകീകൃത സിവില്‍ നിയമമുണ്ട്. അവിടെ മുസ്ലീങ്ങള്ക്കുള്പ്പെടെ ഒരു പരാതിയുമില്ല. പിന്നെ എന്തുകൊണ്ടാണ് ഈ പാര്‍ട്ടികള്‍ ഇതുവച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതെന്ന് ജാവദേക്കര്‍ ചോദിച്ചു.






