
ലണ്ടന്‍: ബൈജൂസിന്റെ തളര്‍ച്ച ഉദാഹരണമാക്കി സ്റ്റാര്‍ട്ടപ്പുകളെ വിലയിരുത്തുന്നതില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് ബി.ബി.സി. അതിവേഗമുള്ള ബൈജൂസിന്റെ വളര്‍ച്ചയും തളര്‍ച്ചയും പരിശോധിക്കുന്ന റിപ്പോര്‍ട്ടാണു ബി.ബി.സി. പുറത്തുവിട്ടത്. ഒരുകാലത്ത് ലോകത്തിലെ ഏറ്റവും മൂല്യമുള്ള എജ്ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്ന ബൈജൂസെന്നു റിപ്പോര്‍ട്ടിലുണ്ട്.
കോവിഡ് -19 പകര്‍ച്ചവ്യാധി സമയത്ത് ബൈജൂസ് നിക്ഷേപകപ്രീതി നേടി. എന്നാല്‍, സമീപകാലത്തുണ്ടായ സാമ്പത്തിക തിരിച്ചടി നിക്ഷേപത്തിന്റെ കാര്യത്തില്‍ തിരുത്തല്‍വേണമെന്ന സൂചനയാണു നല്‍കുന്നത്. വളരെ വേഗത്തില്‍ വളര്‍ന്ന ഒരു കമ്പനിയാണ് ബൈജൂസെന്നു സ്വതന്ത്ര കോര്‍പ്പറേറ്റ് ഗവേണന്‍സ് റിസര്‍ച്ച് ആന്‍ഡ് അഡൈ്വസറി സ്ഥാപനത്തിന്റെ തലവനായ ശ്രീറാം സുബ്രഹ്മണ്യന് പറഞ്ഞു.
2011 ല്‍ സ്ഥാപിതമായ ബൈജൂസ് 2015 ലാണ് പഠന ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്. 2018ല്‍ 1.5 കോടി വരിക്കാരായി. പിന്നീട് 100 കോടി ഡോളര്‍ ക്ലബിലും ഇടംപിടിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് തിരിഞ്ഞത് ബൈജൂസിന് അനുഗ്രഹമായി.
എന്നാല്‍, 2021 ല്‍ 32.7 കോടി ഡോളര്‍ നഷ്ടം രേഖപ്പെടുത്തി, ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 17 മടങ്ങ് കൂടുതലായിരുന്നു. കഴിഞ്ഞ വര്‍ഷം 2200 കോടി ഡോളര്‍ മൂല്യമുണ്ടായിരുന്നു ബൈജൂസിന്റെ മൂല്യം ഈ വര്‍ഷം 510 കോടി ഡോളറായി കുറഞ്ഞു. ഇതിന്റെ കാരണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് കമ്പനി പ്രതികരിച്ചില്ലെന്നു ബി.ബി.സി. വ്യക്തമാക്കി.
കമ്പനിയുടെ മൂല്യവും മൂല്യനിര്‍ണയവും തമ്മിലുള്ള വ്യത്യാസമാണു തിരിച്ചടിക്കു കാരണമെന്നു വിപണി നിരീക്ഷകനായ അനിരുദ്ധ മാല്‍പാനി പറഞ്ഞു. അപ്രാപ്യമായ ലക്ഷ്യം നേടാനുള്ള തിരക്കാണു തിരിച്ചടിക്കു കാരണമെന്നാണു മറ്റൊരു നിരീക്ഷണം. എജ്ടെക് സ്റ്റാര്‍ട്ടപ്പുകളും വൈറ്റ്ഹാറ്റ് ജൂനിയര്‍, ആകാശ്, ടോപ്പര്‍, എപ്പിക്, ഗ്രേറ്റ് ലേണിങ് തുടങ്ങിയ സ്ഥാപനങ്ങളും സ്വന്തമാക്കാന്‍ 200 കോടി ഡോളര്‍ ബൈജൂസ് ചെലവിട്ടു.
ഇതോടെ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ പേടിഎമ്മിനെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായി. ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാനെയും ഫുട്ബോള്‍ താരം ലയണല്‍ മെസിയെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി നിയമിച്ചു ബൈജൂസ് അതിന്റെ മാര്‍ക്കറ്റിങ്ങിലേക്ക് കൂടുതല്‍ തുക ചെലവിട്ടു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്പോണ്‍സറും 2022 ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോണ്‍സറും ആയി. എന്നാല്‍, ലോകം വേഗം കോവിഡിന്റെ തിരിച്ചടിയെ മറികടന്നത് നിക്ഷേപകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. സ്റ്റഡിമെറ്റീരിയല്‍ വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി ലഭിക്കുന്ന സാഹചര്യവും കമ്പനിക്കു തിരിച്ചടിയായെന്നും ബി.ബി.സി. അഭിപ്രായപ്പെട്ടു.






