
കോഴിക്കോട്: സിപിഎം ജില്ലാ കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലില്‍ ജോര്‍ജ്ജ് എം തോമസിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍. പീഡനക്കേസ് പ്രതിയെ രക്ഷിക്കാന്‍ ഇടപെട്ടു, പല കാര്യങ്ങളില്‍ വന്‍തുകകള്‍ കമ്മീഷനടിച്ചു, സൗജനങ്ങള്‍ കൈപ്പറ്റി എന്നതടക്കം ക്രിമിനല്‍ വകുപ്പുകള്‍ വെച്ച് നടപടിയെടുക്കാവുന്ന തരത്തിലുള്ളതാണ്. ജോര്‍ജ്ജ് എം തോമസ് എം എല്‍എ ആയിരുന്ന 2006 -2011. 2016-21 കാലയളവില്‍ ഉണ്ടായ ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.
പീഡന കേസിലെ പ്രതിയെ രക്ഷിക്കാന്‍ 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പൊലീസുദ്യോഗസ്ഥന് ഭൂമി നല്കി, നാട്ടുകാരനില്‍ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയില്‍ ഒരു ലക്ഷം രൂപാ വാങ്ങി, ക്വാറി മുതലാളിമാരെക്കൊണ്ട് വീട് നിര്‍മ്മാണത്തിന് സാമഗ്രികള്‍ വാങ്ങിപ്പിച്ചു തുടങ്ങിയ ഗൗരവമുള്ള ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ശരിവെച്ചത്.
പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ പീഡന പരാതിയിലെ സമ്പന്നനായ പ്രതിയെ മാറ്റി. ഈ ഇനത്തില്‍ 25 ലക്ഷം കൈപ്പറ്റുകയും സഹായിച്ച ഉദ്യോഗസ്ഥന് ബിനാമി ഇടപാടില്‍ വയനാട്ടില്‍ ഭൂമിയും റിസോര്‍ട്ടും വാങ്ങിക്കൊടുത്തു.
ഇതേപ്രതിയുടെ സഹോദരനുമായുള്ള തര്‍ക്കത്തില്‍ ഇടപെട്ടു 10 കോടി രൂപയ്ക്ക് പ്രശ്നം പരിഹരിച്ചു. പണം കിട്ടിയയാളില് നിന്നും 25 ലക്ഷം രൂപ എല്‍സി ഓഫിസ് കെട്ടിട നിര്‍മ്മാണത്തിനായി വാങ്ങി. വഴി വീതി കൂട്ടാന്‍ സഹായിക്കാമെന്ന് പറഞ്ഞ് നാട്ടുകാരനോട് ഒരു ലക്ഷം രൂപാ വാങ്ങിയെന്ന പരാതിയിലും കുറ്റക്കാരനാണെന്ന് കമ്മീഷന് കണ്ടെത്തി. കാര്യം സാധിക്കാതെ വന്നതോടെ ഇയാള്‍ പരാതി നല്‍കുകയായിരുന്നു.
പുതിയ വീട് നിര്‍മ്മിച്ചപ്പോള്‍ ടൈലും ഗ്രാനൈറ്റും ക്വാറിക്കാരില്‍ നിന്നും കമ്പിയും മറ്റ് സാമഗ്രികളും സൗജന്യമായി മണ്ഡലത്തിലെ സ്വകാര്യ പദ്ധതി നടത്തിപ്പുകാരനില്‍ നിന്നും കൈപ്പറ്റി. ഈയിനത്തില്‍ ലക്ഷങ്ങളാണ് വാങ്ങിയത്. ഇതിന്റെ ബില്ലുകളും മറ്റും കമ്മീഷന് ശേഖരിച്ചിരുന്നു. ആറ് കോണ്‍ഗ്രസ് നേതാക്കള്‍ നയിക്കുന്ന ലേബര്‍ സൊസൈറ്റിക്ക് വഴി വിട്ട് അംഗീകാരം വാങ്ങി നല്കി. പരാതിക്കാരായ പാര്‍ട്ടി നേതാക്കളും നാട്ടുകാരും തെളിവ് സഹിതമാണ് മൊഴി നല്‍കിയത്.






