
ഇടുക്കി ഉടുമ്പന്‍ചോലയില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യാത്തത് ജീവനക്കാര്‍ക്ക് പ്രതിസന്ധി. ഒരു മാസം മുന്‍പ് വൈദ്യുതി കണക്ഷനടക്കം കിട്ടിയ വില്ലേജ് ഓഫീസ് ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. ഉദ്ഘാടനം മന്ത്രിയുടെ സമയം ലഭിക്കാത്തതിനാലാണ് വൈകുന്നതെന്നാണ് ലഭിക്കുന്ന വിവരം. അതിനാല്‍ ഇപ്പോഴും കാടിന് നടുവിലെ പഴയ കെട്ടിടത്തിലാണ് ചതുരംഗപ്പാറ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസിലെ ജീവനക്കാര്‍ കാട്ടാനകളെയും പാമ്പുകളെയും ഭയന്നാണ് ഈ ഒറ്റപ്പെട്ട സ്ഥലത്തെ ജോലി ചെയ്യുന്നത്.
1956 ലാണ് ചതുരംഗപ്പാറ വില്ലേജ് രൂപീകരിച്ചത്. ഇപ്പോള്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് 1984 ല്‍ നിര്‍മ്മിച്ച അതേ കെട്ടിടത്തില്‍ തന്നെയാണ്. നാട്ടുകാര്‍ക്ക് ഈ വില്ലേജ് ഓഫീസിലെത്തി ചേരാന്‍ പ്രായസം തന്നെയാണ്.
ഉടുമ്പന്‍ചോലയില്‍ നിന്ന് 100 രൂപ മുടക്കി ഓട്ടോറിക്ഷ വിളിച്ചാലേ ചതുരംഗപ്പാറയിലെത്താന് സാധിക്കൂ. ഫോട്ടോസ്റ്റാറ്റ് എടുക്കണമെങ്കില്‍ പോലും തിരികെ ഉടുമ്പന്‍ചോലയിലേക്ക് പോകണം. ഏലത്തോട്ടങ്ങള്‍ക്ക് നടുവിലാണ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. കാട്ടാന കൂട്ടത്തിന്റെയും, പാമ്പിന്റെയും, തോട്ടപ്പുഴുവിന്റെയും ശല്യം ഇവിടങ്ങളില്‍ രൂക്ഷമാണ്.
മഴ കനത്താല്‍ വൈദ്യുതിയും ഇന്റര്‍നെറ്റ് ലഭ്യമല്ല. മൊബൈല്‍ റേഞ്ച് കുറവായതിനാല്‍ ജീവനക്കാരുടെ വൈഫൈ ഉപയോഗിച്ച് പോലും അത്യാവശ്യ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനാകുന്നില്ല. പത്തു ദിവസം വരെ സര്‍ട്ടിഫിക്കറ്റുകളൊന്നും നല്കാന് കഴിഞ്ഞിരുന്നില്ല. പൊളിഞ്ഞ കതകിന്റെ പലകയിലാണ് ഇവിടെ ഫയലുകളൊക്കെ സൂക്ഷിക്കുന്നത്. രണ്ടു ദിവസം അവധിയായാല്‍ ഫയലുകള്‍ ചിതലരിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം വേഗത്തിലാക്കണമെന്ന ആവശ്യം ഉയരുന്നത്.






