
ആലപ്പുഴ: ജില്ലയിലെ സിപിഎമ്മില്‍ വീണ്ടും വിവാദം. ഏരിയാകമ്മറ്റിയംഗത്തിനെതിരേ പരാതിയുമായി പാര്‍ട്ടിയിലെ വനിതാഅംഗം രംഗത്ത് വന്നു. ലൈംഗികചുവയോടെ സംസാരിച്ചെന്നും സന്ദേശം അയച്ചെന്നും കാണിച്ച് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്കാന് ശ്രമിച്ചെങ്കിലും അതും നിരസിച്ചെന്ന് ഇവര്‍ പറയുന്നു.
പരാതിക്കാരിയായ വനിത ഉള്‍പ്പെടുന്ന ലോക്കല്‍ കമ്മറ്റിയുടെ ചുമതലയുള്ള ഏരിയാക്കമ്മറ്റിയംഗവും വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ പാര്ട്ടിക്കാരനെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയിട്ടുള്ളത്. 'വേണ്ട രീതിയില്‍ കണ്ടാല്‍ പാര്‍ട്ടിയില്‍ ഉയരാമെന്നും ഭര്‍ത്താവില്ലാത്ത സമയം നോക്കി വീട്ടില്‍ വരാമെന്നും അടക്കമുള്ള അശ്ളീലചുവയോടെ സംസാരിച്ചതായിട്ടാണ് യുവതി ആരോപിക്കുന്നത്.
ഇക്കാര്യത്തില്‍ പരാതി പറഞ്ഞപ്പോള്‍ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തി. പരാതി നല്കാന് ഡിസി ഓഫീസില്‍ എത്തിയപ്പോള്‍ മുതിര്‍ന്ന നേതാവ് മടക്കി അയച്ചതായും ഇവര്‍ പറഞ്ഞു. ആലപ്പുഴയിലെ പാര്‍ട്ടി ഘടകത്തില്‍ മുമ്പും ലൈംഗികാരോപണ വിവാദം തിളച്ചുമറിഞ്ഞിരുന്നു.
പാര്‍ട്ടി നേതൃത്വത്തില്‍ പെട്ടവര്‍ പാര്‍ട്ടിക്കാരായ വനിതകളുടെ അശ്ളീലദൃശ്യം മൊബൈലില്‍ സൂക്ഷിച്ചതായുള്ള ആരോപണം പാര്‍ട്ടിയെ പിടിച്ചുലച്ചിരുന്നു. സഹപ്രവര്‍ത്തകരടക്കം 17 സ്ത്രീകളുടെ 35 ചിത്രങ്ങളാണ് ഇയാള്‍ ഫോണില്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ സൗത്ത് ഏരിയ കമ്മിറ്റി അംഗത്തെ പുറത്താക്കിയിരുന്നു.
നേതാവിന് വേണ്ടി പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ കമ്മിറ്റിയംഗത്തെയും പാര്‍ട്ടി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ലഹരിക്കടത്ത് കേസിലും ആലപ്പുഴ സിപിഎം വിവാദത്തിലായിരുന്നു. ലഹരിക്കടത്ത് കേസില്‍ അകപ്പെട്ട ഏരിയാകമ്മിറ്റി അംഗവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അഡ്ഹോക്ക് കമ്മറ്റിയാണ് ആലപ്പുഴയില്‍ നിലവിലുള്ളത്.






