
വെങ്കല നിറത്തില്‍ സിലിണ്ടര്‍ ആകൃതിയില്‍ തീരത്തടിഞ്ഞ അജ്ഞാതവസ്തു പിഎസ്എല്‍വിയുടെ അവശിഷ്ടമെന്ന് ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി. ഐഎസആര്‍ഒ യുമായി കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെട്ടു വരുന്നതായി ഓസ്ട്രേലിയന്‍ ഏജന്‍സി തിങ്കളാഴ്ച വിശദമാക്കി. അജ്ഞാത വസ്തു പശ്ചിമ ഓസ്ട്രേലിയയിലെ ജൂരിയന്‍ തീരത്താണ് അടിഞ്ഞത്. ഈ വസ്തുവിന്റെ ശരിയായ രീതിയിലുള്ള നിര്‍മാര്‍ജനത്തേക്കുറിച്ച് അറിയാനായി ഐഎസ്ആര്‍ഒയുമായി ബന്ധപ്പെടുന്നതായാണ് ഓസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സി വിശദമാക്കുന്നത്.
ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സി സമാന രീതിയിലുള്ള മറ്റെന്തെങ്കിലും വസ്തുക്കള്‍ കണ്ടെത്തിയാല്‍ അറിയിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ വസ്തുവിന് 10അടി നീളവും 8 അടി വീതിയുമാണുളളത് . അജ്ഞാത വസ്തു ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ച ബഹിരാകാശ റോക്കറ്റിന്റെ ഇന്ധന ടാങ്കാകാനാണ് സാധ്യതയെന്ന് വ്യോമയാന വിദഗ്ധര്‍ പ്രതികരിച്ചിരുന്നു.
നേരത്തെ ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3ന്റെ ഭാഗമാണ് അജ്ഞാത വസ്തുവെന്ന രീതിയില്‍ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇത് സ്പേസ് ഏജന്‍സി തള്ളി. ഇവയ്ക്ക് മാസങ്ങളോളം പഴക്കമുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.






