നമ്മളിൽ ഭൂരിഭാഗം ആളുകളും രാവിലെ ഉറക്കം ഉണർന്നു കണ്ണ് തുറക്കുന്നത് തന്നെ സ്മാർട്ട് ഫോൺ സ്ക്രീൻ കണി കണ്ടു കൊണ്ടാണ് . പല്ലു തേക്കുന്നതിനു മുമ്പ് തന്നെ വാട്സാപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റ ഇവയെല്ലാം ഒന്നോടിച്ചു നോക്കും; എന്നിട്ടാണ് ദിവസം ആരംഭിക്കുന്നത്. ചുരുക്കം പറഞ്ഞാൽ "ഇൻസ്റ്റാ" ഗ്രാമത്തിൽ ആണ് ഞാനുൾപ്പെടെയുള്ള തലമുറയുടെ ജീവിതം.
ലോക സോഷ്യൽ മീഡിയ ( സാമൂഹ്യ മാധ്യമ) ദിനമായിരുന്നു ഈ കഴിഞ്ഞ ജൂൺ 30. മനുഷ്യ രാശിയെ സമൂഹ മാധ്യമങ്ങൾ കയ്യടക്കി വാഴുകയാണ് നമ്മുടെ ഈ സൈബർ ലോകത്ത് ! പിഞ്ചു കുഞ്ഞുങ്ങൾ തൊട്ടു വയോധികർ വരെ ഇന്ന് സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നു; പലരും പല ആവശ്യങ്ങൾക്കാണെന്നുമാത്രം. താനെടുത്ത സെൽഫിയുടെ "ഫിൽറ്റർ" മാറ്റി അതിനെ മോഡി പിടിപ്പിക്കാൻ എണ്പതു വയസ്സായ അമ്മക്ക് നിഷ്പ്രയാസമറിയും. ലോകത്തെ ഏതു കോണിലും നടക്കുന്ന സംഭവങ്ങൾ തത്സമയം (live) നമ്മുടെ വിരൽത്തുമ്പിൽ....സാസമൂഹ മാധ്യമങ്ങളുടെ സ്വാധീനം നമ്മളെ അത്രക്കുമാത്രം "connected" ആക്കി കഴിഞ്ഞു. പണ്ടൊക്കെ trunk കോളും, ടെലെഗ്രാമും, STD കോളും ആയിരുന്നു സന്ദേശവാഹിനികൾ. അതിനു ശേഷം orkut കൂട്ടായ്മയും മൈ സ്പേസും പോലുലുള്ള സാമൂഹ്യ വേദികൾ നമ്മളിൽ ഇടം പിടിച്ചു. ഇന്നിപ്പോൾ വാട്സാപ്പ്, ഫേസ്ബുക്ക്, ട്വിറ്റെർ എന്നീ വിവിധ തരത്തിൽ ഉള്ള സാമൂഹ്യ മാധ്യമങ്ങളിൽ ആണ് മനുഷ്യൻ ജീവിക്കുന്നത്. അനേകായിരം കിലോമീറ്റർ ദൂരെ താമസിക്കുന്ന തന്റെ പ്രിയപ്പെട്ടവർക്ക് സുഖമാണോ എന്ന് ആരായാൻ അവരുടെ ഫേസ്ബുക്ക് ഇൻസ്റ്റാ "സ്റ്റാറ്റസ് "അല്ലെങ്കിൽ "സ്റ്റോറി" നോക്കിയാൽ മതി. പ്രശസ്തമായ ഈ സമൂഹ മാധ്യമങ്ങൾ കൂടാതെ വിവിധ തരത്തിലുള്ള ആപ്പുകൾ വേറെയും ഉണ്ട് - സൗഹൃദത്തിനും, പ്രണയത്തിനും എന്തിനു സെക്സിനു മാത്രമായും ആപ്പുകൾ നിരവധി!
ഫേസ്ബുക്കിലും ഇൻസ്റാഗ്രാമിലുമാണ് ഭൂരിഭാഗം സാധാരണ ജനങ്ങൾ സജീവം; ട്വിറ്റെർ ആകട്ടെ കൂടുതലും "ഹൈ പ്രൊഫൈൽ" ആളുകളുടേതും. ലോകപ്രശസ്തരും സെലിബ്രിറ്റികളും ഉപയോഗിക്കുന്ന ട്വിറ്റെർ നമുക്ക് അവരെപ്പറ്റിയുള്ള വാർത്തകൾ ദ്രുതഗതിയിൽ എത്തിക്കുന്നു! ഒരു "വെരിഫൈഡ് "ട്വിറ്റെർ അക്കൗണ്ട് ഉണ്ടാകുക അനായാസം പറ്റുകയില്ല എന്നർത്ഥം. ഫേസ്ബുക്കിലെയും ഇൻസ്റ്റയിലെയും ചിരിപ്പിക്കുന്നതും ത്രസിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും കരയിപ്പിക്കുന്നതുമായ വീഡിയോകൾ കാണുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. അതിൽ നമ്മുടെ ജീവിതത്തോട് സാമ്യമുള്ളതും അർത്ഥവത്തായതുമായ വീഡിയോകൾ ഷെയർ ചെയ്യാനും നമ്മൾ മടിക്കാറില്ല. ചിലരുണ്ട് അവരുടെ അഭിപ്രായങ്ങളും അനുഭവങ്ങളും കലാകായികകഴിവുകളും ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങളും പാചക നൈപുണ്യവും മറ്റും പങ്കുവെക്കാൻ സ്വന്തമായി വെബ് സൈറ്റുകളും അല്ലെങ്കിൽ ഫേസ്ബുക് ഇൻസ്റ്റ പേജുകളും ഉണ്ടാക്കുന്നു. ഈ പ്രവണത കൂടുതൽ കണ്ടുതുടങ്ങിയത് കൊറോണ കാലത്താണ്. കൊറോണ കാലത്താണല്ലോ ഓൺലൈൻ സാമൂഹ്യ മാധ്യമങ്ങളുടെ പ്രാധാന്യം ലോകം കൂടുതൽ മനസ്സിലാക്കിയത്. എന്നാൽ ടീനേജുകാർ അടങ്ങുന്ന ഇളം തലമുറയാകട്ടെ പെട്ടെന്ന് മിന്നി മറയുന്ന സ്നാപ്പ് ചാറ്റും ക്യാപ്സ്യൂൾ രൂപത്തിൽ വീഡിയോകൾ പങ്കുവെക്കുന്ന ടിക് ടോക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളുമാണ് ഉപയോഗിക്കുന്നത്. പ്രൊഫഷണൽ നെറ്റ് വർക്കിങ്ങിനും കരിയർ പുരോഗതിക്കും സഹായിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റഫോമായ "ലിങ്ക്ഡ് ഇൻ" ഇന്ന് അനേകായിരം ഉദ്യോഗാർഥികൾക്കു ഒരു അനുഗ്രഹമാണ്.
സമൂഹ മാധ്യമങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തെ വളരെ അധികം സ്വാധീനിക്കുന്നുണ്ട്.. ചിലപ്പോൾ അപകടകരമാം വിധം എന്ന് തന്നെ പറയാം. മറ്റേതൊരു മാധ്യമവും പോലെ സോഷ്യൽ മീഡിയക്ക് അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. മനുഷ്യർ തമ്മിൽ ഉള്ള ദൂരം വളരെകുറച്ചു സൗഹൃദങ്ങളും മറ്റു ബന്ധങ്ങളും നിലനിർത്താൻ സമൂഹ മാധ്യമങ്ങൾക്കുള്ള പങ്കു ചില്ലറയല്ല. വീട്ടിൽ നിന്നും വളരെ ദൂരെ താമസിക്കുന്ന പ്രിയപെട്ടവരെ കണ്ടു കൊണ്ട് സംസാരിക്കാനും അവരുടെ ജീവിത നിമിഷങ്ങൾ തത്സമയം കാണുവാനും അടുത്തറിയാനും സാധിക്കുന്നത് പ്രത്യേകിച്ച് മുതിർന്നവരായ അച്ഛനമ്മമാർക്കും ബന്ധുക്കൾക്കും ഒരു വലിയ അനുഗ്രഹമാണ്. ഒരു വ്യക്തിയുടെ ഏത് തലത്തിൽ ഉള്ള സംശയങ്ങൾക്കും ഗൂഗിളിന് റഫറൻസോടെ ഉത്തരം നൽകാൻ കഴിയും. അതുകൊണ്ടു തന്നെ മനുഷ്യർക്ക് ഏതു വിവരവും വിജ്ഞാനവും ഈ മാധ്യമങ്ങൾ നിമിഷങ്ങൾക്കകം നൽകും; എന്നാൽ അതിലെ കതിരും പതിരും വേർതിരിച്ചറിയാലാണ് പ്രധാനം. മനുഷ്യർ വികാരവിചാരങ്ങൾക്കു മുൻതൂക്കം നൽകുന്ന സമൂഹ ജീവികളാണ്. അത് കൊണ്ടുതന്നെ സമൂഹ മാധ്യമങ്ങൾക്കു എളുപ്പത്തിൽ അടിമപ്പെടുകയും ചെയ്യുന്നു.
മിതമായും വിവേകപരമായും ഉപയോഗിച്ചില്ലെങ്കിൽ സമൂഹ മാധ്യമങ്ങൾ ഗുണത്തിലേറെ ദോഷങ്ങൾ ചെയ്യും. സോഷ്യൽ മീഡിയ ഇന്ന് സാമൂഹ്യ ബന്ധങ്ങളെയും സുഹൃദ്ബന്ധങ്ങളെയും മറ്റു റിലേഷൻഷിപ്സിനെയുമെല്ലാം അപകടകരമാം വിധം സ്വാധീനിക്കുന്നുണ്ട്. എന്റെ ഫോട്ടോക്കും റീലിനും ലൈക്കും കമെന്റും ഇടാത്ത ഫ്രണ്ടിന്റെ പോസ്റ്റുകൾ ഞാനും വകവെക്കില്ലപോലും...അത്രക്കുണ്ട് ഈ മാധ്യമങ്ങളുടെ സ്വാധീനം! അത്രയ്ക്ക് ശിഥിലമായിക്കൊണ്ടിരിക്കയാണോ ഇപ്പോഴത്തെ സാമൂഹിക ബന്ധങ്ങൾ,തുമ്മിയാൽ തെറിക്കും മൂക്ക് പോലെ? പലരും തങ്ങളുടെ പോസ്റ്റിനു ലൈക്കുകൾ കിട്ടി "viral" ആക്കാൻ ഏതറ്റം വരെയും പോകും അത് പോസ്റ്റിന്റെ content ആയാലും വസ്ത്ര ധാരണമായാലും അതിൽ കാണിക്കുന്ന പ്രവർത്തി ആയാലും. ചില പോസ്റ്റുകൾ കണ്ടാൽ ഇവർക്ക് സാമാന്യ ബോധവും വിവേകവും നഷ്ടപ്പെട്ടോ അതോ വൈറൽ ആവാൻ അത്രയ്ക്ക് നിലവാരം താഴ്ത്തുകയാണോ എന്ന് തോന്നും. പക്ഷെ അത് കാണാനും ലൈക്ക് ക്ലിക്ക് ചെയ്യാനും "viewers" ധാരാളം. എന്നാൽ സാധാരണ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകളുടെ നേർക്കാഴ്ചകളും സഹായ അഭ്യർത്ഥനകളും ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും റിവ്യൂസുമെല്ലാം സമൂഹ മാധ്യമങ്ങൾ വഴി ലോകത്തിന് കാണാനും മനസ്സിലാക്കാനും സാധിക്കും എന്നുള്ളത് വലിയ ഒരു വിജയമാണ്. ഇതുപോലുള്ള സൗകര്യങ്ങൾ ഉപഭോക്താക്കളെ ചതിക്കുഴികളിൽ നിന്നും രക്ഷപെടാൻ ഒരു പരിധി വരെ സഹായിക്കും. അതുപോലെ തന്നെ മറുവശത്തു വാട്സ്ആപ്പിലും ഫേസ്ബുക്കിലും മറ്റും പ്രചരിക്കുന്ന തെറ്റായ വീഡിയോകളും വിവരങ്ങളും പ്രത്യേകിച്ച് ആരോഗ്യ സംബന്ധമായ നിർദേശങ്ങളും അവയെ കുറിച്ച് ഒരു ധാരണയുമില്ലാത്ത കുറെ മനുഷ്യരെ തെറ്റായ ദിശയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത് . മറ്റൊരു പേടിപ്പെടുത്തുന്ന സത്യം സൈബർ ലോകത്തു ഒളിഞ്ഞിരിക്കുന്ന (bullying )ഭീഷണികളും, ലൈന്ഗിക വ്യാപാരങ്ങളുമാണ്. ഓൺലൈൻ റിലേഷന്ഷിപ്സ് അതിരില്ലാതാകുമ്പോൾ വ്യക്തികൾ സെക്സ് ചാറ്റിനും തങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പങ്കുവെക്കാനും തയ്യാറാകുമ്പോഴാണ് സമൂഹ മാധ്യമങ്ങൾ സമൂഹ വിനകൾ ആവുന്നത് .
സോഷ്യൽ മീഡിയ വഴി സമ്പന്നരായവർ അനേകമുണ്ട്. ഇൻസ്റ്റാഗ്രാമിൽ ഒന്ന് കയറിയാൽ കാണാം ബഹുഭൂരിപക്ഷം ചെറുപ്പക്കാരും ഇന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർസ് ആണ്. മേലധ്വാനം കുറഞ്ഞ വേറെ ഏതു ജോലിയുണ്ട് ഈ ലോകത്ത്... ചുമ്മാ ഇന്ന് ചെയ്ത ഷോപ്പിങ്ങും പോയ റെസ്റ്ററന്റും ധരിച്ച വസ്ത്രവും ചുറ്റും കണ്ട കാഴ്ചകളും അല്ലെങ്കിൽ കുറെ നഗ്ന സത്യങ്ങൾ അടങ്ങിയ ചിരിപ്പിക്കുന്ന ചില ജീവിത സത്യങ്ങളും മനുഷ്യമനസ്സുകളെ സ്വാധീനിക്കുന്ന കൗൺസെല്ലിംഗ് ഡയലോഗുകളും ഫോൺ കാമറക്കു മുമ്പിൽ പറഞ്ഞു ഷൂട്ട് ചെയ്തു POV,IDC, AMA പോലുള്ള tags ഇട്ട് പോസ്റ്റിയാൽ അത് ക്ലിക്ക് ആയാൽ നിങ്ങൾക്കും അടിക്കാം ഊട്ടി അല്ലെങ്കിൽ ചട്ടി. ( പണ്ട് സിനിമയിൽ ആരോ പറഞ്ഞപോലെ). പോസ്റ്റുകൾ ഇടുമ്പോൾ നാട്ടുകാര് കമ്മെന്റ്സ് കൊണ്ട് "പൊങ്കാല" ഇടത്തേയും ശ്രദ്ധിക്കണം! Artificial intelligence (AI) നിയന്ത്രിക്കാൻ പോകുന്ന വർത്തമാനകാലത്തു സമൂഹ മാധ്യമങ്ങളിലെ Chat GPT പോലുള്ള ചാറ്ബോട്ടുകളെയും അതുപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വിശ്വാസ ക്ഷതങ്ങളെയും നമ്മൾ സൂക്ഷിക്കേണ്ടതുണ്ട്. മറ്റൊരു സത്യം എന്തെന്നുവെച്ചാൽ സാങ്കേതികയുടെ പുരോഗമനം നമ്മുടെ സ്വകാര്യതയിലേക്കു നുഴഞ്ഞു കയറുന്നു എന്നുള്ളതാണ്. IOS ആയാലും ആൻഡ്രോയിഡ് ആയാലും നിങ്ങളുടെ സന്തത സഹചാരിയായ മൊബൈൽ ഫോൺ നിങ്ങളെ എപ്പോഴും ശ്രദ്ധിച്ചുകൊണ്ടേയിരിക്കുന്നു ;നിങ്ങൾ പറയുന്ന ഒരോ വാക്കും! കഴിഞ്ഞ ദിവസം ഒരു സുഹൃത്തിന്റെ അയൽവാസിയായ വീട്ടമ്മയുടെ ഡിവോഴ്സിനെ പറ്റി സംസാരിച്ചതേയുള്ളു, പിറ്റേന്ന് ഇൻസ്റ്റാഗ്രാം തുറന്നപ്പോൾ കണ്ടത് കണ്ടു ഞാനൊന്ന് ഞെട്ടി - "ways to save your marriage" പരസ്യങ്ങൾ!
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണ്.. മറ്റു മനുഷ്യരോട് നേരിട്ട് ഇടപെഴകുമ്പോൾ മാത്രമാണ് ഈ നിർവചനം അന്ന്വർത്ഥമാകുന്നത് . മനുഷ്യർ തമ്മിലുള്ള നേരിട്ടുള്ള ഇടപെഴലുകൾ ഇല്ലാതാവുമ്പോൾ ഉണ്ടാകുന്ന വേദന നാം കൊറോണ കാലത്തു അനുഭവിച്ചറിഞ്ഞതാണ്. സമൂഹ മാധ്യമങ്ങൾ മനുഷ്യബന്ധങ്ങൾക്കു നല്ലത് തന്നെ, അത് നല്ല രീതിയിൽ മിതമായി ഉപയോഗിച്ചാൽ. എന്നാൽ അത് മദ്യം പോലെ ഒരു ലഹരി ആയാൽ അത് ഒരു വലിയ ആപത്തായിമാറും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും അതുപോലെ നിങ്ങൾ അടങ്ങുന്ന സമൂഹത്തിനും. "അമിതമായാൽ അമൃതും വിഷമാണല്ലോ... "
നിർത്തുന്നതിനു മുൻപ് ഒരു ചോദ്യം - നിങ്ങളിൽ ആർക്കൊക്കെ ഈ സമൂഹ മാധ്യമങ്ങളിൽ നിന്ന് കുറച്ചു നാളുകൾ പൂർണമായും മാറി നിൽക്കാൻ സാധിക്കും?






