
പത്തനംതിട്ട: ഭാര്യ അഫ്സാനയ്ക്ക് എതിരേ പോലീസില്‍ പരാതി നല്കി നൗഷാദ്. തന്നെ അഫ്സാനയും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ പോലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. താന്‍ മക്കളെ ഉപദ്രവിച്ചെന്ന അഫ്സാനയുടെ ആരോപണം കളാവാണെന്നും പറഞ്ഞു. നൗഷാദ് തിരോധാനക്കേസ് വന്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് നടപടി.
അതേസമയം നൗഷാദ് തിരോധാനക്കേസില്‍ പോലീസിനെതിരേ മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്കാന് ഒരുങ്ങുകയാണ് അഫ്സാന. കാണാതായ ഭര്‍ത്താവ് നൗഷാദിനെ കൊലപ്പെടുത്തിയെന്നു സമ്മതിപ്പിക്കാന്‍ അഫ്സാനയെ മര്‍ദിച്ചെന്ന് ആരോപിച്ചാണ് ഇവര്‍ രംഗത്ത് വന്നിരിക്കുന്നത്. ആരോപണം വിവാദമായതോടെ, അവരെ ചോദ്യം ചെയ്യുന്നതിന്റെയും തെളിവെടുപ്പിന്റെയും വീഡിയോ കൂടല്‍ പോലീസ് പുറത്തുവിട്ടു. പോലീസ് ക്രൂരമായി മര്‍ദിച്ചെന്ന് അഫ്സാന മാധ്യമങ്ങളോടു പറഞ്ഞതിനേത്തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് നേരത്തേ പോലീസിനെതിരേ സ്വമേധയാ കേസെടുത്തിരുന്നു.
ഇതോടെയാണ് ചോദ്യം ചെയ്യലിന്റെ വീഡിയോദൃശ്യങ്ങളുമായി പോലീസും എത്തിയത്. പോലീസ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ അഫ്സാനയുടെ മുഖത്ത് മര്‍ദനമേറ്റ പാടുകളില്ല. പരുത്തിപ്പാറയിലെ വാടകവീട്ടില്‍ എങ്ങനെയാണു താനും നൗഷാദും ഏറ്റുമുട്ടിയതെന്നും തുടര്‍ന്ന് കൊലപാതകം നടത്തിയതെന്നും പോലീസിനോടു കൂളായി പറഞ്ഞുകൊടുക്കുന്ന ദൃശ്യങ്ങളാണു വീഡിയോയിലുള്ളത്.
അതേസമയം, അഫ്സാനയുടെ ആരോപണത്തില്‍ ദക്ഷിണമേഖലാ ഡി.ഐ.ജി: ആര്. നിശാന്തിനിയുടെ നിര്‍ദേശപ്രകാരം പത്തനംതിട്ട അഡീഷണല്‍ എസ്.പി ആര്. പ്രദീപ്കുമാര്‍ വകുപ്പുതല അന്വേഷണമാരംഭിച്ചു. എ.എസ്.പി. ഇന്നലെ കൂടല്‍ പോലീസ് സ്റ്റേഷനിലെത്തി സി.സി. ടിവി ദൃശ്യങ്ങളും ചോദ്യംചെയ്യലിന്റെ വീഡിയോയും പരിശോധിച്ചു.
ഒന്നരവര്‍ഷം മുമ്പ് കാണാതായ നൗഷാദിനെ കൊന്നുകുഴിച്ചുമൂടിയെന്നു ഭാര്യ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണു പരുത്തിപ്പാറയിലെ വാടകവീടും പരിസരവും കുഴിച്ച് പരിശോധിച്ചതെന്നു പോലീസ് പറയുന്നു. അഫ്സാനയുെട പരസ്പരവിരുദ്ധമായ മൊഴികള്‍ ആശയക്കുഴപ്പമുണ്ടാക്കി.
കസ്റ്റഡി മര്ദനമുണ്ടായിട്ടില്ല. റിമാന്‍ഡില്‍ കഴിഞ്ഞശേഷം ജയിലിനു പുറത്തിറങ്ങിയ അഫ്സാന പോലീസിനെതിരേ ഗുരുതര ആരോപണമുന്നയിക്കുകയായിരുന്നു. മുഖ്യമന്ത്രിക്കുള്‍പ്പെടെ പരാതിയും കൊടുത്തു. പോലീസിനെതിരേ കോടതിയെ സമീപിക്കുമെന്നും അഫ്സാനയുടെ കുടുംബം അറിയിച്ചിരുന്നു.






