
ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പുകളുടെയും, ടാബുകളുടെയും ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത്കമ്പ്യൂട്ടർ വിപണയിൽ വൻ വിലക്കയറ്റം സൃഷ്ടിക്കാനിടയുള്ള തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. എച്ച്എസ്എന്‍ 8471 വിഭാഗത്തിൽപ്പെടുന്ന ഉപകരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം.
നികുതി ആവശ്യങ്ങൾക്കായി വിവിധ ഉത്പന്നങ്ങളെ തരംതിരിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് എച്ച്എസ്എന്‍. ഡാറ്റ പ്രൊസസിങ്ങ് മെഷീനുകളാണ് എച്ച് എസ്എൻ 8471 എന്ന കോഡിനടിയിൽപ്പെടുന്നത്. ഇതില്‍ ലാപ്ടോപ്പും ടാബ്ലറ്റും, ചെറിയ സർവ്വറുകളും, ആൾ ഇൻ വൺ പിസികളുമടക്കമുളള കമ്പ്യൂട്ടറുകളും ഉള്‍പ്പെടുന്നു.ആപ്പിള്‍ പിസി, ലാപ്ടോപ്പ് മാർക്കറ്റിലെ പ്രധാനികളായ ഡെല്ലിന്റെയും, ലെനോവോയുടെയും, അസ്യൂസിന്റെയും ഒക്കെ ഉൽപന്നങ്ങളുടെ ഇറക്കുമതി പ്രതിസന്ധിയിലായിരിക്കുയാണ്.
രാജ്യത്തെ ആഭ്യന്തര ഉൽപാദനം കൂട്ടാനാണ് നീക്കമെന്നാണ് വിശദീകരണം. വാർത്താ ഏജൻസികൾ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടിയാണ് നീക്കമെന്ന് റിപ്പോർട്ട് ചെയ്യുന്നു. ആഗസ്റ്റ് നാല് മുതൽ ഇറക്കുമതിക്കാർക്ക് ലൈസൻസിന് അപേക്ഷിക്കാൻ പറ്റുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. ഗവേഷണത്തിനും പരിശോധനയ്ക്കും മറ്റുമായി ഒരു കൺസൈൻമെന്റിൽ പരമാവധി ഇരുപത് കമ്പ്യൂട്ടറുകൾ എന്ന നിലയിൽ ഇറക്കുമതി തുടരാമെന്ന ഇളവ് നൽകിയിട്ടുണ്ടെങ്കിലും ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന കന്പ്യൂട്ടറുകൾ ആവശ്യം കഴിഞ്ഞാൽ തിരിച്ച് കയറ്റി അയക്കുകയോ നശിപ്പിച്ച് കളയുകയോ ചെയ്യണം, ഒരു കാരണവശാലം ഇവ വിൽപ്പന നടത്താൻ പാടില്ല.
ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ലാപ്ടോപ്പുകളുടെയും ടാബുകളുടെയുമൊക്കെ പ്രധാന നിർമ്മാണ കേന്ദ്രം ചൈനയാണ്. നിയന്ത്രണം ചൈനയിൽ നിന്ന് ഉൽപാദനം മാറ്റാൻ കമ്പനികളെ പ്രേരിപ്പിക്കുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. ഡെല്ലിനും എച്ച് പിക്കും നിലവിൽ ഇന്ത്യയിൽ നിർമ്മാണ കേന്ദ്രങ്ങളുണ്ട്.






