
തിരൂരങ്ങാടി: മലപ്പുറം ചേളാരിയില്‍ നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റില്‍. മധ്യപ്രദേശ് സ്വദേശികളായ അതിഥി തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്.
മധ്യപ്രദേശ് ബാലാജി മന്ദിര്‍ ടെന്‍ട്ര മൊറേന സബല്ഗട്ട് റാം മഹേഷ് കുശ്വ (36) നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ചേളാരി വിളക്കത്ര മാടിലെ വാടക കെട്ടിടത്തിലാണ് കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. ഇതേ കെട്ടിടത്തില്‍ അടുത്ത മുറിയില്‍ താമസിക്കുന്ന മാര്‍ബിള്‍ തൊഴിലാളിയാണ് കുഞ്ഞിനെ പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നിനാണ് സംഭവം.
കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ തന്റെ താമസ സ്ഥലത്തേക്ക് പ്രതി കൊണ്ടുപോവുകയായിരുന്നു. ശീതള പാനീയം നല്‍കിയാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണു പരാതി. തൊട്ടടുത്ത മുറിയില്‍നിന്ന് കരഞ്ഞുകൊണ്ട് വരുന്ന കുട്ടിയെ കണ്ട മാതാവ് സംശയത്തെത്തുടര്‍ന്ന് പോലീസ് കണ്ട്രോള് റൂമില്‍ ബന്ധപ്പെട്ട് വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നു ഇവിടേക്കെത്തിയ നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവച്ച് പോലീസിന് കൈമാറി.
പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കുന്നതിനു ഇയാളുടെ നാടുമായി ബന്ധപ്പെടുമെന്ന് പോലീസ് പറഞ്ഞു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ലൈംഗിക പീഡനം നടന്നതായി സ്ഥിരീകരിച്ചത്.
പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി. ആലുവയിലെ അഞ്ചു വയസുകാരി നൊമ്പരമായി സമൂഹ മനഃസാക്ഷിക്കു മുന്നില്‍ നില്‍ക്കവെയാണു മലപ്പുറത്ത് ഇത്തരമൊരു ക്രൂരകൃത്യം ആവര്‍ത്തിച്ചത്.






