
കോട്ടയം: മിത്ത് വിവാദത്തില്‍ സിപിഎം പാര്‍ട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയെങ്കിലും സ്പീക്കര്‍ തിരുത്തിപ്പറഞ്ഞ് മാപ്പു പറയണമെന്ന നിലപാടില്‍ ഉറച്ച് എന്‍എസ്എസ്. ഈ വിഷയത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനും സമരപരിപാടി ആസൂത്രണം ചെയ്യാനും നാളെ അടിയന്തിര ഡയറക്ടര്‍ ബോര്‍ഡ് യോഗം ചേരും.
സ്പീക്കര്‍ ഷംസീറിന്റെ പ്രസ്താവന വിവാദമായതിന് പിന്നാലെ എന്‍എസ്എസ് വന്‍ പ്രതിഷേധവുമായി വരികയും ബിജെപിയുടെയും വിശ്വഹിന്ദുപരിക്ഷത്തിന്റെയും നേതാക്കള്‍ ചങ്ങനാശ്ശേരി സംഘടനാ ആസ്ഥാനം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ തിരുത്തലുമായി പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദന് രംഗത്ത് വന്നെങ്കിലും എ എന്‍ ഷംസീര്‍ തിരുത്തിപ്പറഞ്ഞ് മാപ്പു പറയണമെന്നും ആ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെന്നുമാണ് എന്‍എസ്എസ് എടുത്ത നിലപാട്.
ഈ സാഹചര്യത്തില്‍ ഷംസീറിന്റെ പ്രസ്താവനയില്‍ നിയമപോരാട്ടത്തെക്കുറിച്ചും ഷംസീര്‍ മാപ്പു പറയണമെന്ന ആവശ്യം പുലര്‍ത്തുന്ന ഇതര ഹിന്ദു സംഘടനകളുമായി എങ്ങിനെ നില്‍ക്കണെമന്നും അടക്കമുള്ള ചര്‍ച്ചകളും തുടര്സമരത്തെക്കുറിച്ചും നാളെ ചേരുന്ന ബോര്‍ഡ് യോഗത്തിലുണ്ടാകും.
അതേസമയം എന്‍എസ്എസിനെതിരേ രൂക്ഷ വിമര്‍ശനവുമായി മന്ത്രി റിയാസ് രംഗത്ത് വന്നു. എന്‍എസ്എസിന്റേത് വര്‍ഗ്ഗീയ ധ്രുവീകരണത്തിനുളള ശ്രമമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഗണപതി മിത്താണെന്ന് പറഞ്ഞത് ആരും തിരുത്തിയിട്ടില്ലെന്നും സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് എന്‍എസ്എസ് നടത്തുന്നതെന്നും പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിഷയം ഉപയോഗപ്പെടുത്തണമെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസ്താവന ഇതിനുദാരണമാണ്. പ്രസ്താവന നടത്തിയത് നാഥുറാം ഗോഡ്സേ എന്നായിരുന്നെങ്കില്‍ ബിജെപി അദ്ധ്യക്ഷന്‍ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നെന്നും പറഞ്ഞു.






