
തിരുവനന്തപുരം : ഇന്ത്യൻ സൂപ്പർ ലീഗ് 10-ാം സീസണിന് മുന്നൊരുക്കങ്ങളുടെ അവസാന ഘട്ടമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത മാസം യുഎഇയിലേക്ക്. സെപ്റ്റംബർ 5 മുതൽ 16 വരെ 11 ദിവസം നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പാണ് ബ്ലാസ്റ്റേഴ്സിനുള്ളത്. യുഎഇ പ്രോ-ലീഗ് ക്ലബ്ബുകളുമായി മൂന്ന് സൗഹൃദ മത്സരങ്ങൾ ബ്ലാസ്റ്റേഴ്സ് കളിക്കും.
സെപ്റ്റംബർ 9ന് അൽ വാസൽ എഫ്സിക്കെതിരെ സബീൽ സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ സൗഹൃദ മത്സരം. സെപ്റ്റംബർ 12ന് ഷാർജ ഫുട്ബോൾ സ്റ്റേഡിയത്തിൽ ഷാർജ ഫുട്ബോൾ ക്ലബ്ബിനെ നേരിടും. സെപ്റ്റംബർ 15നാണ് അൽ അഹ്ലിയുമായി മത്സരം. കഴിഞ്ഞ വർഷത്തെ പ്രോ ലീഗ് ചാമ്പ്യന്മാരാണ് അൽ അഹ്ലി.
കേരള ബ്ലാസ്റ്റേഴ്സ് പ്രീ-സീസണിന് ആതിഥേയത്വം വഹിക്കുന്നതിൽ സന്തോഷമുണ്ടെന്ന് എച്ച് 16 സ്പോർട്സ് ചെയർമാൻ ഹസൻ അലി ഇബ്രാഹിം അൽ ബലൂഷി പറഞ്ഞു. ഇത് ഇൻഡോ-അറബ് ഫുട്ബോളിന്റെ ഒരു പുതിയ അധ്യായം അടയാളപ്പെടുത്തുന്നു. ഹല ബ്ലാസ്റ്റേഴ്സ് 2023ന് ആശംസകളും നേരുന്നതായും എച്ച് 16 സ്പോർട്സ് ചെയർമാൻ വ്യക്തമാക്കി.
കഴിഞ്ഞ സീസണിൽ പരിശീലന സൗകര്യങ്ങൾ മികച്ചതായിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു. ഈ വർഷം വീണ്ടും എച്ച്16നോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും ബ്ലാസ്റ്റേഴ്സ് അധികൃതർ വ്യക്തമാക്കി.
കൊച്ചിയിൽ ഒരു മാസത്തെ പ്രീ-സീസൺ പരിശീലനം ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിരുന്നു. ഡ്യൂറന്റ് കപ്പിന് ശേഷം ബ്ലാസ്റ്റേഴ്സ് യുഎഇയിലേക്ക് പുറപ്പെടും. സെപ്റ്റംബർ 22 നാണ് പുതിയ ഐഎസ്എൽ പതിപ്പിന് തുടക്കമാകുക.






