
കോട്ടയം: ഈ ഓണത്തിന് പുതുപ്പള്ളിയ്ക്ക് വലിയൊരു കാത്തിരിപ്പുണ്ട്. ഓണത്തിന് ശേഷം വരുന്ന തെരഞ്ഞെടുപ്പും അതിലൂടെ വരുന്ന ജനപ്രതിനിധിയും. എന്നാല്‍ അതിനുമപ്പുറത്ത് ഞാലിയാകുഴിയ്ക്കും മറ്റൊരു കാത്തിരിപ്പുണ്ട്. അത് പാകിസ്താന് കാരനായ അവരുടെ മരുമകന് വേണ്ടിയാണ്. പാകിസ്താന്‍കാരനാണ് തൈമൂര്‍ താരിക്കും ഭാര്യ ശ്രീജയും ഈ ഓണത്തിന് നാട്ടിലെത്തും.
2018 ല്‍ വിവാഹം കഴിഞ്ഞത് മുതല്‍ ഇന്ത്യന്‍ വിസ കിട്ടാന്‍ കാത്തിരിക്കുന്ന തൈമൂറിന് ഒടുവില്‍ കഴിഞ്ഞയാഴ്ച അക്കാര്യം സഫലമായി. യുഎഇ യിലെ അജ്മാനിലാണ് ദമ്പതികള്‍ ഇപ്പോഴുള്ളത്. തൈമൂറിന്റെ വിസ ശരിയായതോടെ ശ്രീജയുടെ നാട്ടില്‍ ഒരു ചെറിയ സന്ദര്‍ശനത്തിനായി ഒരുങ്ങുകയാണ് ഇവര്‍. നാട്ടിലെത്തുന്ന 35 കാരിക്ക് ഇത്തവണ പുതുപ്പള്ളിയില്‍ സെപ്തംബര്‍ 5 ന് തന്റെ വോട്ട് ചെയ്യാനും അവസരം കിട്ടും. യുഎഇയിലെ ഒരു ക്ലിനിക്കില്‍ നഴ്സായ ശ്രീജ 2010 ലാണ് ജോലിക്കായി ഷാര്‍ജയില്‍ എത്തിയത്. ക്ലിനിക്കില്‍ വെച്ചാണ് തൈമൂറും ശ്രീജയും തമ്മില്‍ ആദ്യമായി കണ്ടുമുട്ടിയതും.
പാകിസ്താനിലെ മുള്ട്ടാന്കാരനായ തൈമൂര്‍ പ്രദേശത്ത് തടി ബിസിനസാണ്. ഇയാള്‍ പതിവായി ക്ലിനിക്കില്‍ എത്തുമായിരുന്നു. യുഎഇ യിലേക്ക് പോകും മുമ്പ് കുറേക്കാലം ലക്നൗവില്‍ ഉണ്ടായിരുന്നതിനാല്‍ ശ്രീജയ്ക്ക് നന്നായി ഹിന്ദി അറിയാമായിരുന്നു. ഈ ഹിന്ദിയാണ് ഇരുവരേയും അടുപ്പിച്ചത്. ഒരു വര്‍ഷത്തോളം ഇരുവരും സൗഹൃദം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനുശേഷം ആദ്യമായി വിവാഹാലോചന നടത്തിയത് തൈമൂറായിരുന്നു.
നേരിട്ടേക്കാവുന്ന പരിണിതഫലത്തെക്കുറിച്ച് രണ്ടാമത് ഒന്നുകൂടി ആലോചിക്കാതെ ശ്രീജ യെസ് പറഞ്ഞു. പിന്നെയും കുറേ വര്‍ഷങ്ങള്‍ എടുത്താണ് ഇരുവരും വിവാഹിതരായത്. 2014 ല്‍ വിസയുടെ കാലാവധി പൂര്‍ത്തിയായി ശ്രീജ നാട്ടിലേക്ക് മടങ്ങിയിരുന്നു. അതിന് ശേഷം യെമനില്‍ ജോലി കിട്ടിയെങ്കിലും യുദ്ധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു. ഈ വര്‍ഷങ്ങളിലെല്ലാം ഇരുവരും ബന്ധം നിലനിര്‍ത്തി. പിന്നീട് അജ്മനില് എത്തിയതോടെ ഇരുവരും വിവാഹിതരായി.
തൈമൂറിന്റെ സഹോദരങ്ങളുടെ സാന്നിദ്ധ്യത്തില്‍ അജ്മന് കോടതിയിലായിരുന്നു വിവാഹം റജിസ്റ്റര്‍ ചെയ്തത്. ശ്രീജയുടെ മാതാപിതാക്കള്‍ക്കും വിവാഹത്തിന് എതിര്‍പ്പുണ്ടായിരുന്നില്ല. യുഎഇ യിലെ റാസ് അല്‍ ഖൈമയില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണ് ശ്രീജയുടെ പിതാവ് വേണുഗോപാലും സഹോദരന് വിഷ്ണുവും. മാതാവ് ശാന്ത പുതുപ്പള്ളിയിലാണ്. ഭാര്യാഗൃഹത്തിലേക്ക് ഇത് തൈമൂറിന്റെ ആദ്യ സന്ദര്‍ശനമാണ്. ശ്രീജ പക്ഷേ ഇതുവരെ ഭര്‍ത്തൃഗൃഹം സന്ദര്‍ശിച്ചിട്ടില്ല.
ഇരുവര്‍ക്കും ടിക്ടോക്കില്‍ ആരാധകര്‍ ഏറെയുണ്ട്. 2020 ല്‍ ടിക്ടോക്കില്‍ ജോയിന്‍ ചെയ്ത ശ്രീജ തന്റെ വീഡിയോയുമായി മലയാളികള്‍ക്കിടയില്‍ പോപ്പുലറാണ്. ചില വീഡിയോകളില്‍ തൈമൂറിനെയും കണ്ടതോടെ ആരാണെന്ന് അന്വേഷണം വന്നു. ഭര്‍ത്താവാണെന്നും അദ്ദേഹം പാകിസ്താനി ആണെന്നും പറഞ്ഞതോടെ അനേകം മലയാളി ആരാധകരാണ് സംശയം ഉയര്‍ത്താന്‍ തുടങ്ങിയത്.
ഈ കമന്റുകള്‍ കണ്ടതോടെ മറുപടിയുമായി എത്തിയത് തൈമൂറായിരുന്നു. തങ്ങള്‍ ഇരുവരും നിയമപരമായി വിവാഹം കഴിച്ചവരാണെന്നും സന്തോഷമായിട്ടാണ് ജീവിക്കുന്നതെന്നും പറഞ്ഞു. അന്ന് ഇവരുടെ കൂട്ടിനെതിരേ പോസ്റ്റിട്ടവര്‍ പോലും പിന്നീട് ഇരുവരുടേയും ആരാധകരായി മാറി.
ഇത്തവണ ഭാര്യയ്ക്കൊപ്പം നാട്ടിലെത്തി കേരളത്തിന്റെ ഓണത്തില്‍ പങ്കാളിയാകാമെന്നത് തൈമൂറിന് ഇരട്ട സന്തോഷം നല്‍കുന്നതാണ്. 60 ദിവസത്തെ വിസാ കാലാവധിയുണ്ടെങ്കിലും ആറു ദിവസം മാത്രമേ കേരളത്തില്‍ കഴിയാനാകൂ. ബിസിനസ് പ്രശ്നങ്ങള്‍ കൊണ്ട് തൈമൂര്‍ മടങ്ങും. അടുത്ത തവണ വിസ കിട്ടുമ്പോള്‍ കേരളത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കാനാണ് തൈമൂറിന്റെ പദ്ധതി. ഏറെ മലയാളി സുഹൃത്തുക്കള്‍ ഉള്ളതിനാല്‍ പ്രശ്നം ഒന്നുംതന്നെ വരില്ലെന്നാണ് തൈമൂറിന്റെ വിശ്വാസം.
കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ
