കൊച്ചി: നടന്മാരായ ഷെയിന്‍ നിഗത്തിനും ശ്രീനാഥ് ഭാസിക്കും ഏര്‍പ്പെടുത്തിയ വിലക്ക് നിര്‍മ്മാതാക്കള്‍ നീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ക്ഷമാപണം എഴുതി നല്കി. രണ്ട് ചിത്രങ്ങള്‍ക്കായി വാങ്ങിയ അഡ്വാന്‍സ് തുക മടക്കി നല്‍കും. ഷെയിന്‍ നിഗം സിനിമയ്ക്ക് അധികമായി ചോദിച്ച പ്രതിഫലം വിട്ടുവീഴ്ച ചെയ്യാനും തീരുമാനമായി. ഇതേതുടര്‍ന്നാണ് വിലക്ക് നീക്കിയത്.
നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുന്ന ഇരുവരുമായി സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ താരസംഘടനയായ 'അമ്മ' കൂടി പങ്കെടുത്ത യോഗത്തില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ശ്രീനാഥ് ഭാസി ഒരേ സമയം ഒന്നിലധികം സിനിമകളുടെ കരാര്‍ ഒപ്പിടുന്നുണ്ടെന്നും പ്രൊഡ്യുസേഴ്സ് അസോസിയേഷന്റെ കരാറില്‍ ഒപ്പുവയ്ക്കാന്‍ വിസമ്മതിച്ചുവെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചിരുന്നു. ഷെയിന്‍ നിഗമാകട്ടെ, സോഫിയ പോള്‍ നിര്‍മ്മിച്ച ആര്.ഡി.എക്സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ റോളിന് പ്രാധാന്യം കുറവാണെന്നും പറഞ്ഞ് പ്രശ്നമുണ്ടാക്കിയിരുന്നു. ഇരുവരും ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വൈകിയെത്തുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു.






