
കൊച്ചി/പത്തനംതിട്ട: ഓണത്തിന്റെ ഐതിഹ്യവും പെരുമയും ആചാരവും ഒരുമിപ്പിച്ച് തിരുവോണ ആഘോഷം. ഓണവുമായി ഏറെ ബന്ധമുള്ള തൃക്കാക്കര വാമനമൂര്‍ത്തി മഹാക്ഷേത്രത്തിലും ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലും ഓണത്തിന്റെ ആഘോഷങ്ങള്‍ തുടങ്ങി.
തൃക്കാക്കര ക്ഷേത്രത്തില്‍ രാവിലെയുള്ള ചടങ്ങുകള്‍ക്ക് ശേഷം മഹാബലിയെ എതിരേറ്റു. തൊട്ടടുത്ത ശിവക്ഷേത്രത്തില്‍ വലം വച്ചാണ് മഹാബലിയെ വാമനന് ആനയിച്ചുകൊണ്ടുപോകുന്നത്.
രാവിലെ ഏഴരയോടെ നട അടച്ചശേഷം ചന്ദനം ചാര്‍ത്തി. തുടര്‍ന്ന് വാമന മൂര്‍ത്തി ശ്രീകോവലില്‍ നിന്നിറങ്ങി മഹാബലി കുടികൊള്ളുന്ന ശ്രീമൂലസ്ഥാനത്തെത്തി സ്വീകരിച്ചു. രാവിലെ പത്തരയോടെ ഓണസദ്യ ആരംഭിക്കും. ക്ഷേത്രത്തില്‍ എത്തുന്ന എല്ലാവര്ക്കും സദ്യ ഒരുക്കിയിട്ടുണ്ട്. 20,000 ഓളം പേര് ഇത്തവണ സദ്യയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ആറന്മുളയില് ഭഗവാന് തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ക്ഷേത്രക്കടവില്‍ എത്തി.
ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ സദ്യയ്ക്കുള്ള വിഭവങ്ങളുമായി കാട്ടുൂരില് നിന്ന് ഇന്നലെ പുറപ്പെട്ട തിരുവോണ തോണി ഇന്നു പുലര്‍ച്ചെ എത്തി. 48 പള്ളിയോടങ്ങളുടെ അകമ്പടിയോടെയാണ് തിരുവോണത്തോണി എത്തിയത്. ഭഗവാനെ ദര്‍ശിക്കുന്നതിനും തിരുവോണ സദ്യയില്‍ പങ്കെടുക്കുന്നതിനും നിരവധി പേരാണ് ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.
ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്ന സെപ്തംബര്‍ രണ്ട്വരെ ആഘോഷങ്ങള്‍ നീണ്ടുനില്‍ക്കും.







Comments