
മൊണാക്കോ: മാഞ്ചസ്റ്റര്‍ സിറ്റി ഫുട്ബോള്‍ ടീമിന്റെ സ്ട്രൈക്കര്‍ ഏര്‍ലിംഗ് ഹാളണ്ടും സ്പെയിനെ ലോകകിരീടത്തിലേക്ക് നയിച്ച ഐറ്റാനാ ബോണ്‍മാത്തിയും യുവേഫയുടെ മികച്ച ഫുട്ബോളര്‍മാര്‍. മൊണാക്കോയില്‍ നടന്ന ചടങ്ങില്‍ ഹാളണ്ട് മികച്ച പുരുഷതാരമായപ്പോള് ബോണ്‍മാത്തി മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു. പെപ് ഗ്വാര്‍ഡിയോളയാണ് മികച്ച പരിശീലകന്.
ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന മാഞ്ചസ്റ്റര്‍സിറ്റിയുടെ താരമായ ഹാളണ്ട് കഴിഞ്ഞ സീസണില്‍ ടീമിനായി അടിച്ചുകൂട്ടിയത് 53 കളിയല്‍ 52 ഗോളുകളാണ്. സിറ്റിയെ ചാംപ്യന്‍സ് ലീഗ്, പ്രീമിയര്‍ലീഗ്, എഫ്എ കപ്പ് വിജയങ്ങളിലേക്ക് നയിക്കാന്‍ നോര്വേക്കാരന് ഹാളണ്ടിനായി. ജര്‍മ്മന്‍ ക്ലബ്ബ് ബോറൂഷ്യ ഡോര്‍ട്ട്മുണ്ടില്‍ നിന്നുമാണ് ഹാളണ്ട് സിറ്റിയില്‍ എത്തിയത്.
സഹതാരം കെവിന് ഡിബ്രൂയ്ണെയും കഴിഞ്ഞ സീസണ് പിഎസ്ജിയ്ക്ക് കളിച്ച് ലിയോണേല്‍ മെസ്സിയേയും പിന്നിലാക്കിയാണ് ഹാളണ്ട് പുരസ്ക്കാരം നേടിയത്. 25 കാരിയായ ബോണ്‍മാത്തി ബാഴ്സിലോണയുടെ താരമാണ്. ബാഴ്സയ്ക്ക് കഴിഞ്ഞ സീസണില്‍ യുവേഫാ ചാംപ്യന്‍സ് ലീഗ് നേടിക്കൊടുത്ത ബോണ്‍മാത്തി ഓസ്ട്രേലിയയിലും ന്യൂസിലന്റിലുമായി നടന്ന ലോകകപ്പില്‍ സ്പെയിനെ കപ്പടിപ്പിക്കുകയും ചെയ്തു.
ഫൈനലില്‍ ഗോളടിച്ച സഹതാരം ഓള്‍ഗ കാര്‍മോണ, ഓസ്ട്രേലിയന്‍ സ്ട്രൈക്കര്‍ സാം കെറിനെയും മറികടന്നാണ് ബോണ്‍മാത്തി പുരസ്ക്കാരം നേടിയത്. പുരുഷ പരിശീലകനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പെയിന്കാരന് ഗ്വാര്‍ഡിയോള തെരഞ്ഞെടുക്കപ്പെട്ടു. സിറ്റിയെ മൂന്ന് കിരീടം നേടാന്‍ സഹായിച്ചത് ഗ്വാര്‍ഡിയോളയുടെ തന്ത്രങ്ങളായിരുന്നു. സ്പെയിനെ ലോകകിരീടം ചൂടിച്ച ജോര്‍ജ് വില്ഡയാണ് മികച്ച വനിതാ പരിശീലക.





