
അറ്റ്ലാന്റ: കോംഗോക്കെതിരായ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ ഇരട്ടഗോളുമായി ഇംഗ്ലണ്ടിനെ പ്രീക്വാർട്ടറിലെത്തിച്ച നായകൻ ഹാരി കെയ്ൻ, മത്സരശേഷവും തന്റെ വിനയപൂർവമായ പ്രതികരണത്തിലൂടെ ആരാധകരുടെ പ്രശംസ നേടി. സഹതാരം ആന്റണി ഗോർഡൻ തന്നെ ലയണൽ മെസിയോടും ക്രിസ്റ്റ്യാനോ റൊണാൾഡോയോടും താരതമ്യം ചെയ്തതായി അറിഞ്ഞപ്പോൾ, ഇരുവരും ഫുട്ബോളിന്റെ കൊടുമുടികളാണെന്നായിരുന്നു കെയ്ന്റെ മറുപടി.
മത്സരശേഷം മിക്സ്ഡ് സോണിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഗോർഡന്റെ പരാമർശത്തെക്കുറിച്ച് കെയ്ൻ അറിയുന്നത്. മെസിയും റൊണാൾഡോയും ലോക ഫുട്ബോളിലെ ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള താരങ്ങളാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, കരിയർ ദീർഘകാലം മികച്ച നിലവാരത്തിൽ തുടരാൻ കഴിയുന്നതെല്ലാം ചെയ്യാറുണ്ടെന്നും വ്യക്തമാക്കി.
"കഠിനാധ്വാനമാണ് എന്റെ ഏറ്റവും വലിയ ശക്തി. പരിശീലനത്തിനിടയിലും വീട്ടിലെ റിക്കവറിയിലും ഐസ് ബാത്തിലും ചികിത്സകളിലുമെല്ലാം ചെയ്യുന്ന പരിശ്രമങ്ങൾ പുറംലോകം കാണാറില്ല. എന്നാൽ ഒരു താരത്തെ വർഷങ്ങളോളം ഉയർന്ന നിലവാരത്തിൽ നിലനിർത്തുന്നത് ഇത്തരം അണിയറയിലെ ചെറിയ കാര്യങ്ങളാണ്," കെയ്ൻ പറഞ്ഞു.
മെസിയും റൊണാൾഡോയും അത്തരം സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും മികച്ച മാതൃകകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നതെന്ന ആത്മവിശ്വാസവും കെയ്ൻ പ്രകടിപ്പിച്ചു. കളത്തിലിറങ്ങുമ്പോൾ നടത്തിയ കഠിനാധ്വാനം നിർണായക നിമിഷങ്ങളിൽ ഫലം കാണുമെന്ന വിശ്വാസമാണ് കോംഗോക്കെതിരായ മത്സരത്തിലും യാഥാർഥ്യമായതെന്നും ഇംഗ്ലണ്ട് നായകൻ പറഞ്ഞു.




