
അയാള്‍ കഥയെഴുതുകയാണ്, കരുമാടിക്കുട്ടൻ മലയാളികള്‍ക്ക് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നായികയാണ് നന്ദിനി. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രില്‍ 19 എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി താരം തിളങ്ങി നിന്നിരുന്നു. കൗസല്യ എന്ന പേരിലാണ് നന്ദിനി തമിഴില്‍ തിളങ്ങിയത്. ഇടക്കാലത്ത് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം ഇപ്പോള്‍ സിനിമയിലും സീരിയലിലുമൊക്കെ സജീവമാണ്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ചും ഇടവേളയെ കുറിച്ചുമെല്ലാം നന്ദിനി തുറന്നു പറയുകയാണ്. നടൻ വിജയകാന്ത് നായകനായ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് നേരിട്ട പ്രതിസന്ധിയെ കുറിച്ചും വിജയകാന്ത് സഹായിച്ചതിനെക്കുറിച്ചും എല്ലാവരെയും വളരെ കെയര്‍ ചെയ്യുന്ന വ്യക്തിയാണെന്നും നന്ദിനി തുറന്നു പറയുകയാണ്.
‘‘അദ്ദേഹത്തിന്റെ വാനത്തൈപോല എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹം ഞങ്ങളെ എല്ലാവരെയും വളരെ സുരക്ഷിതമായാണ് പരിപാലിച്ചത്. ഒരിക്കല്‍ ഷൂട്ട് കഴിഞ്ഞ് ഞാൻ രാത്രിയില്‍ മടങ്ങുമ്പോള്‍ എന്റെ കാറിന്റെ ടയര്‍ പഞ്ചറായി. കനത്ത മഴയായിരുന്നു. ടയര്‍ മാറ്റാൻ കഴിയില്ലെന്ന് ഡ്രൈവര്‍ പോലും പറഞ്ഞു. ഞങ്ങള്‍ക്ക് പിന്നില്‍ കാറില്‍ എത്തിയ വിജയകാന്ത് സാര്‍ എന്ത് പറ്റിയെന്ന് എന്നോട് തിരക്കി. ഞാൻ കാര്യം പറഞ്ഞതോടെ അദ്ദേഹം ഇറങ്ങി പഞ്ചറായ ടയര്‍ മാറ്റി സ്റ്റെപ്പിനി ടയര്‍ ഇട്ടു തന്നെ എന്നെ പറഞ്ഞയച്ചു, ഞങ്ങളോട് മുന്നില്‍ പൊക്കൊളൂ, അദ്ദേഹം പിന്നില്‍ വന്നോളാം എന്ന് പറഞ്ഞു. ഇങ്ങനെ മറ്റാരും ചെയ്യില്ല. നല്ല മഴ ആയിരുന്നിട്ട് കൂടി അദ്ദേഹം അത് കാര്യമാക്കിയില്ല. ഒരാള്‍ക്ക് പോലും ഒരു കുറ്റവും പറയാൻ സാധിക്കാത്ത വ്യക്തിയാണ് അദ്ദേഹം...’’ നന്ദിനി പറഞ്ഞു.
ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറിനില്‍ക്കാനുണ്ടായ കാരണത്തെ കുറിച്ചും നന്ദിനി പറയുന്നുണ്ട്.‘‘തുടര്‍ച്ചയായി സിനിമകള്‍ ചെയ്ത് വളരെ തിരക്കിലായിരുന്ന ഒരു ഘട്ടത്തില്‍ എനിക്ക് നാഡീസംബന്ധമായ ചില പ്രശ്നങ്ങള്‍ വന്നിരുന്നു. ഇതിനായി ഒരുപാട് ഗുളികകള്‍ കഴിച്ചു. ഈ സമയത്ത് എന്റെ ശരീരഭാരം പെട്ടെന്ന് വര്‍ദ്ധിച്ചു. ഇത് കാരണമാണ് ഞാൻ സിനിമ വിട്ടത്. ഇപ്പോള്‍ ആ പ്രശ്നം പരിഹരിച്ചു ഞാൻ ഇപ്പോള്‍ പഴയപോലെ തന്നെയായി. വീണ്ടും സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം, ശരിയായ അവസരത്തിനായി കാത്തിരിക്കുകയാണ്...’’ നന്ദിനി പറയുന്നു. വിവാഹത്തെക്കുറിച്ചും നന്ദിനി പറയുന്നുണ്ട്,‘‘ഞാൻ വിവാഹത്തിന് എതിരല്ല, വിവാഹം മനോഹരമായ ഒരു കാര്യമാണ്. എന്നെയും എന്റെ ചിന്താഗതിയെയും ഇഷ്ടപ്പെടുന്ന ഒരാളെ എനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അങ്ങനെയൊരാള്‍ എന്റെ ജീവിതത്തിലുണ്ടായിരുന്നു. എന്നാല്‍ അത് പിരിഞ്ഞു. ഇപ്പോള്‍ ഞാൻ എന്റെ മാതാപിതാക്കളോടൊപ്പം വളരെ സന്തോഷത്തോടെയാണ് ജീവിക്കുന്നത്...’’ നന്ദിനി പറയുന്നു.






