Authored by Web Desk | Last updated: 30 Dec 2016, 2:51 PM | 6 min read
ലളിതമായ ഭാഷയിലൂടെ, അനുഭവങ്ങളിലൂ ടെ മലയാളികള്‍ക്ക് ഹൃദ്യമായ വായനാഅനുഭവം പകര്‍ന്ന എഴുത്തുകാരനാണ് യു. കെ കുമാരന്. മിത്തുകളും ജീവിതത്തിന്റെ നേര് ചിത്രങ്ങളും പകര്‍ത്തിയ അദ്ദേഹത്തിന്റെ എഴുത്തുവഴികളിലൂടെ...
കോഴിക്കോട് ചകോരത്തുകുളത്തെ ഇടവഴികളിലൂടെ നാട്ടുകാരോട് കുശലം ചോദിച്ച് നടന്നുനീങ്ങുന്ന യു.കെ കുമാരന് ഒരു എഴുത്തുകാരന്റെ ഗൗരവമോ പ്രൗഢിയോ ഇല്ല. തികച്ചും സാധാരണക്കാരനായ ഒരു മനുഷ്യന്. ശക്തവും നിഷ്കളങ്കവുമായ കഥാമുഹൂര്‍ത്തങ്ങളിലൂടെ കണ്ടുമറന്ന കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും വായനക്കാര്‍ക്ക് സമ്മാനിച്ച എഴുത്തുകാരന്.
ദീര്‍ഘകാല പത്രപ്രവര്ത്തകന്. ഒട്ടേറെ പുരസ്ക്കാരങ്ങള്ക്കൊടുവില് അദ്ദേഹത്തെ തേടി വയലാര്‍ അവാര്‍ഡുമെത്തി. ചരിത്രവും ഭാവനയും ഇടകലര്‍ത്തിയ വാക്കുകളിലൂടെ ഒരു ദേശത്തിന്റെ ജീവിതം അടയാളപ്പെടുത്തിയ തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിന് ലഭിച്ച അംഗീകാരത്തില്‍ ഒട്ടും അതിശയോക്തിയില്ല.
ഒരു ദേശത്തിന്റെ കഥ, സുന്ദരികളും സുന്ദരന്മാരും, ഖസാക്കിന്റെ ഇതിഹാസം, അസുരവിത്ത്, സ്മാരക ശിലകള്‍, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എന്നിവയ്ക്കുശേഷം ഒരു ദേശത്തിന്റെ നേര്‍ചിത്രം അവതരിപ്പിച്ച നോവലാണ് തക്ഷന്‍കുന്ന് സ്വരൂപം.
ചരിത്രത്തിനൊപ്പം ഭാവനയും ഇഴചേര്‍ന്നപ്പോള്‍ യു.കെ കുമാരന്റെ തൂലികയിലൂടെ വായനക്കാര്‍ക്ക് ലഭിച്ചത് സമ്മോഹനമായ വായനാ അനുഭവമാണ്. ആരാലും അറിയപ്പെടാതിരുന്ന ഒരു ദേശത്തിന് പറയാന്‍ ഒരു ചരിത്രവും ഒട്ടേറെ ചരിത്ര പുരുഷന്മാരുമുണ്ടെന്ന് തെളിയിക്കുകയാണ് യു.കെ കുമാരന്.
സ്വന്തം ദേശത്തിന്റെ കഥ പറഞ്ഞ തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിന് നിരവധി പുരസ്ക്കാരങ്ങള്‍ക്ക് ശേഷം വയലാര്‍ അവാ ര്‍ഡും ലഭിച്ചു?
എഴുത്തുകാരനെ സംബന്ധിച്ച്, അവാര്‍ഡിന് വേണ്ടിയല്ല എഴുതുന്നത്, അംഗീകാരങ്ങള്‍ സ്വാഭാവികമായി കടന്നുവരുന്നതാണ്. ചെറുതായാലും വലുതായാലും അംഗീകാരങ്ങളുടെ മൂല്യം ഒരുപോലെയാണ്.
എങ്കിലും മലയാളത്തിലെ പ്രിയപ്പെട്ട കവിയുടെ പേരിലുള്ള അവാര്‍ഡായതിനാല്‍ വയലാര്‍ അവാര്‍ഡിന് മധുരമേറെയാണ്. കേരളീയനായ കവിയുടെ പേരിലുള്ള അവാര്‍ഡിന് കേരളീയ പശ്ചാത്തലത്തിലുള്ള എന്റെ നോവല്‍ അര്‍ഹമായതില്‍ സന്തോഷം.
തക്ഷന്‍കുന്ന് സ്വരൂപം എന്ന നോവലിനെക്കുറിച്ച്?
എന്റെ എട്ടാമത്തെ നോവലാണിത്. അമ്പതാമത്തെ പുസ്തകവും. തക്ഷന്‍കുന്ന് സ്വരൂപം തികച്ചും ഒരു ദേശത്തിന്റെ കഥയാണ്. തക്ഷന്‍കുന്ന് എന്ന ഗ്രാമത്തിന്റെ നൂറ് വര്‍ഷത്തെ രാഷ്ട്രീയ,സാമൂഹിക മാറ്റമാണ് കഥയുടെ ഇതിവൃത്തം.
അതില്‍ ചരിത്രമുണ്ട്, കാല്പനികതയുടെ അംശമുണ്ട്. നൂറോളം കഥാപാത്രങ്ങളുണ്ട്. അതില്‍ അമ്പതോളവും ആ ഗ്രാമത്തില്‍ ജീവിച്ചവരാണ്. ചരിത്രവും ഭാവനയും ഇഴ ചേര്‍ത്ത രചനയാണിത്. നോവലില്‍ ചരിത്രവും കാലവും കഥാപാത്രങ്ങളാണ്.
ജനിച്ചുവളര്‍ന്ന ദേശത്തിന്റെ ജീവിതം പകര്‍ത്തിയപ്പോള്‍ നേരിട്ട വെല്ലുവിളികള്‍?
നോവലിന്റെ രചന ഒരു തലത്തില്‍ വെല്ലുവിളിയും മറ്റൊരു തലത്തില്‍ ആശ്വാസകരവുമാണ്. ഇത്തരത്തിലുളള ഒരു സന്ദര്‍ഭം രൂപപ്പെടുത്തിയെടുക്കുന്നത്, കാലത്തെ,പുരാവൃത്തങ്ങളെ അവതരിപ്പിക്കുകയെന്നതൊക്കെ വെല്ലുവിളി തന്നെയായിരുന്നു.
എഴുതുന്ന കാര്യത്തെപ്പറ്റി കൃത്യമായ ഒരു ധാരണയുണ്ടാകണം. അതില്‍ എന്തെങ്കിലും പാളിച്ചയുണ്ടായാല്‍ നോവല്‍ തകര്‍ന്നുപോകും. അതൊക്കെ വെല്ലുവിളിയുയര്‍ത്തിയെങ്കിലും ഇത്തരത്തിലുള്ള പ്രശ്നങ്ങെളയൊക്കെ ഏറെക്കുറേ തൃപ്തികരമായി അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ് ആശ്വാസകരം. ഈ നോവലിന്റെ പ്രമേയം മനസ്സില്‍ രൂപപ്പെടാന്‍ കാരണം ഞാന്‍ ജനിച്ചു വളര്‍ന്ന ഗ്രാമമാണ്.
ഒരു കാലത്തവിടെ ഗ്രാമത്തെ മുഴുവന്‍ സജീവമാക്കിയിരുന്ന ഉത്സവങ്ങളും കാലിച്ചന്തകളുമൊക്കെ ഉണ്ടായിരുന്നു. ഉത്സവങ്ങള്‍ ആ നാടിന്റെ മൊത്തം ആഘോഷമാണ്. ഒരുപാട് ആചാരങ്ങളും വിശ്വാസങ്ങളും ഉണ്ടായിരുന്നു. ഇന്നതൊന്നുമില്ല. രേഖപ്പെടുത്തി വച്ചിട്ടുമില്ല. എന്റെ നാടിനെ, ചരിത്രത്തെ രേഖപ്പെടുത്തണമെന്ന് തോന്നി. അതിനുള്ള ശ്രമമാണീ നോവല്‍. പല കഥാപാത്രങ്ങളും നാട്ടില്‍ ജീവിച്ചിരുന്നവരാണ്.
അവര്‍ ഒറ്റയ്ക്കല്ല. മനുഷ്യത്വപരമായി പല കാര്യങ്ങളിലും ഇടപെടുന്നവരാണ്. അത്തരം ആളുകളെ രേഖപ്പെടുത്തണം, നാളത്തെ തലമുറ അവരെ അറിയണം. കെ.കേളപ്പന് അടക്കമുള്ള കഥാപാത്രങ്ങള്‍ ഉണ്ടാകാനുള്ള കാരണമതാണ്. എനിക്കു തോന്നുന്നു കെ.കേളപ്പന് കഥാപാത്രമായ ആദ്യ നോവലായിരിക്കും തക്ഷന്‍കുന്ന് സ്വരൂപം.
നോവലിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ സൃഷ്ടിക്ക് പിന്നില്‍?
സ്ത്രീയെ എങ്ങനെ സമീപിക്കണമെന്ന് ഓരോ എഴുത്തുകാരനും ഓരോ നിലപാടുകളുണ്ട്. എഴുത്തുകാരന് വളര്‍ന്ന സാഹചര്യം പലപ്പോഴും കഥയിലും കഥാപാത്രങ്ങളിലും പ്രതിഫലിക്കും. എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീകളെ വളരെ ആദരവോടെയാണ് നോക്കി കാണുന്നത്. അവരെ ദുര്‍ബലകളായി ചിത്രീകരിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. അതെന്റെ വ്യക്തിപരമായ സമീപനമാണ്.
എന്റെ കഥകളില്‍ ഒരിക്കല്‍പോലും ദുര്‍ബല കഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല. തക്ഷകന്കുന്ന് സ്വരൂപത്തിലും വളരെ ശക്തരായ കഥാപാത്രങ്ങളാണുള്ളത്. നായകനായ രാമറും ഭാര്യ കല്യാണിയുമൊക്കെ കഥയില്‍ നിറഞ്ഞു നില്ക്കുന്നു. പൊതുവേ അന്തര്‍മുഖനും അപകര്ഷബോധവുമുള്ള രാമറെ കരുത്തനാക്കുന്നത് കല്യാണിയാണ്.
നിങ്ങള്‍ ചങ്കൂറ്റമുള്ളവനാണ്.. എന്ന കല്യാണിയുടെ അഭിനന്ദനമാണ് രാമറെ മാറ്റിയെടുക്കുന്നത്. അവനെ അക്ഷരം പഠിപ്പിക്കുന്നതും വായിക്കാന്‍ പ്രേരിപ്പിക്കുന്നതുമൊക്കെ കല്യാണിയാണ്. അതിലൂടെയാണ് രാമര്‍ ലോകത്തെ അറിയുന്നത്.മറ്റൊരു കഥാപാത്രമായ മാതമ്മയും ചങ്കൂറ്റമുള്ള സ്ത്രീയാണ്.
നാട്ടില്‍ ചായക്കട നടത്തുന്ന സ്ത്രീ. അവര്‍ പിന്നീട് ഒരു ബസ് വാങ്ങി സ്വന്തമായി ഓടിക്കുന്നു. നടന്ന സംഭവമാണിത്. നോവലില്‍ വേറെയും ശക്തരായ സ്ത്രീ കഥാപാത്രങ്ങളുണ്ട്. നോവലിലെ പല കഥാപാത്രങ്ങളും ഭാവനാ സൃഷ്ടിയാണ്.
ഡിഗ്രി കഴിഞ്ഞ് ഇനി എന്ത് പഠിക്കണം എന്നതായിരുന്നു എന്റെ മുമ്പിലുള്ള ചോദ്യം. ഒന്നുകില്‍ പോസ്റ്റ് ഗ്രാജ്വേഷന് അല്ലെങ്കില്‍ ബി.എഡ്. പക്ഷേ എനിക്ക് ജേര്‍ണലിസമായിരുന്നു താല്പര്യം. അന്ന് ഞങ്ങളുടെ നാട്ടില്‍ ജേര്‍ണലിസം പഠിച്ചവര്‍ ആരുമില്ല. വീട്ടിലുള്ളവര്‍ക്കും അതിനെപ്പറ്റി യാതൊരു അറിവുമില്ല. എറണാകുളത്ത് ജേര്‍ണലിസം പഠിക്കാന്‍ സെലക്ഷന് കിട്ടിയശേഷം വീട്ടിലറിയിച്ചപ്പോള്‍ അച്ഛന് എതിര്‍ത്തു.
പിന്മാറില്ലെന്ന് കണ്ടപ്പോള്‍ നിനക്കതാണ് താല്പര്യമെങ്കില് പഠിച്ചോ പക്ഷേ എന്റെ ഭാഗത്ത് നിന്ന്് ഒരു സഹായവും പ്രതീക്ഷിക്കണ്ട.. എന്നാണ് അച്ഛന് പറഞ്ഞത്.അച്ഛന്റെ എതിര്‍പ്പ് കാര്യമാക്കാതെ ജേര്‍ണലിസം പഠിക്കാന്‍ തീരുമാനിച്ചു. മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന ഹരിദാസ് എന്ന സുഹൃത്തിനോട് കാര്യം പറഞ്ഞു.
ഹരിദാസന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ല നേതാവാണ്. എ.കെ ആന്റണിയാണ് കെ.പി.സിസി പ്രസിഡന്റ്. അവര്‍ ഒരു വാരിക തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അവിടെ എനിക്ക് ഒരു ജോലി കിട്ടുമെന്നും ഹരിദാസ് പറഞ്ഞപ്പോള്‍ ആശ്വാസം തോന്നി. അങ്ങനെ ഹരിദാസിന്റെ കത്തുമായി ഞാന്‍ എറണാകുളത്തു ആന്റണിയെ കാണാന്‍ ചെന്നു.
അദ്ദേഹമവിടെ ഇല്ലന്നറിഞ്ഞതോടെ ക്ലാസില്‍ പോയി. വൈകുന്നേരവും ഓഫീസിലെത്തി, ആന്റണി ഡല്‍ഹിയില്‍ പോയിരിക്കുകയാണ്. മൂന്ന് ദിവസം കഴിഞ്ഞേ എത്തു. എന്തുചെയ്യണമെന്നറിയില്ല. കൈയില്‍ കാല്‍കാശില്ല. ഇനി എന്തു ചെയ്യണമെന്നാലോചിച്ച് ഞാന്‍ സുഭാഷ് പാര്‍ക്കില്‍ വന്നിരുന്നു. തിരികെ വീട്ടിലേക്ക് ചെല്ലാന്‍ നിവൃത്തിയില്ല. അച്ഛനെ വെല്ലുവിളിച്ച് ഇറങ്ങിപ്പോന്നതാണ്.
അങ്ങനെ ആലോചിച്ചിരിക്കുമ്പോ ള്‍ എന്റെ ഒരു നാട്ടുകാരനെ കണ്ടു. അയാളോട് എവിടെയാണ് താമസമെന്നു ചോദിച്ചു. ഒരു ലജ്ജയുമില്ലാതെ ചോദിച്ചു ഞാനും കൂടെ താമസിച്ചോട്ടേ??എന്ന്്. കൂടെ താമസിക്കുന്നയാള്‍ വരുംവരെ താമസിക്കാനുനുവാദം കിട്ടിയപ്പോള്‍ ഞാന്‍ സന്തോഷിച്ചു. നിര്‍ഭാഗ്യവശാല്‍ സുഹൃത്തിന്റെ സഹമുറിയന് രണ്ടാം ദിവസം തിരികെയെത്തി.
അതോടെ നിലത്തായി എന്റെ കിടപ്പ്. രണ്ട് ദിവസം കഴിഞ്ഞു വീണ്ടും കെ.പി.സിസി ഓഫീസിലെത്തി. ഹരിദാസന് പറഞ്ഞിട്ട് വരികയാണെന്നും ജോലിക്കായി വന്നതാണെന്നും പറഞ്ഞ് ഒരെഴുത്ത് എഴുതി ആന്റണി സാറിന് കൊടുക്കാനേല്പ്പിച്ച് ക്ലാസ്സിലേക്ക് മടങ്ങി. ക്ലാസിലിരിക്കുമ്പോള്‍ എന്റെ പേരില്‍ ഒരു കത്ത് വന്നു.
അമ്പതോളം പുസ്തകങ്ങളെഴുതി. എങ്കിലും യു.കെ കുമാരന് എന്ന എഴുത്തുകാരനെ പലര്‍ക്കും അറിയില്ല?
ഒരു സാധാരണ മനുഷ്യനായി സമൂഹത്തില്‍ നിരന്തരം ഇടപെടുന്ന ആളാണ് ഞാന്‍. എഴുത്തുകാരനാണെന്ന് കണ്ടാല്‍ പറയില്ലെന്ന് പലരും പറഞ്ഞിട്ടുണ്ട്. എഴുതുന്ന സമയത്ത് മാത്രമാണ് ഞാന്‍ എഴുത്തുകാരനാവുന്നത്.
അല്ലാത്തപ്പോള്‍ ഞാനൊരു ഭര്‍ത്താവും അച്ഛനുമൊക്കെയാണ്. എഴുത്ത് എന്റെ മാത്രം ലോകമാണ്. അതില്‍ വേറെയാരെയും ഇടപെടാന്‍ അനുവദിക്കാറില്ല.
അംഗീകാരങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിട്ടില്ലേ?
അംഗീകാരങ്ങളും വിമര്‍ശനങ്ങളും വേണം. ഞാനെഴുതിയതെല്ലാം മഹത്തായ സൃഷ്ടികളാണെന്ന് അവകാശപ്പെടുന്നില്ല. പക്ഷേ എഴുതുമ്പോള്‍ പൂര്‍ണ്ണമായി നീതി പുലര്‍ത്തണം. വായനക്കാര്‍ക്ക് പല രീതിയില്‍ വ്യാഖ്യാനിക്കാം. അവര്‍ക്ക് അവരുടേതായ കാഴ്ചപ്പാടുണ്ട്.
ലഭിച്ച അംഗീകാരങ്ങളോ വിമര്‍ശനങ്ങളോ ആരും മറക്കാറില്ല. അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി ഒരു സമ്മാനം ലഭിക്കുന്നത്. ക്ലാസ്സില്‍ ടീച്ചര്‍ ഒരു കവിതയുടെ രണ്ട് വരികള്‍ ചൊല്ലി ഇതാരെക്കുറിച്ചാണെന്ന് പറയാമോ?? എന്ന് ചോദിച്ചു. ശരിയുത്തരം പറയുന്ന കുട്ടിക്ക് സമ്മാനം നല്‍കുമെന്ന് ടീച്ചര്‍ പറഞ്ഞു. ആര്‍ക്കും ഉത്തരം കിട്ടിയില്ല.
ഒരു മരപ്പണിക്കാരനെക്കുറിച്ചാണാ വരികള്‍ എന്ന് എനിക്ക് തോന്നി. ഞാനത് ടീച്ചറിനോട് പറഞ്ഞു. ആ ഉത്തരം ശരിയായിരുന്നു. ജി. ശങ്കരക്കുറുപ്പിന്റെ പെരുന്തച്ചനിലെ വരികളാണ്. എനിക്ക് സമ്മാനവും കിട്ടി. അന്ന് മനസ്സില്‍ സാഹിത്യമുണ്ടായിരുന്നോ എന്നറിയില്ല.
സൃഷ്ടികളുടെ പേരില്‍, കഥാപാത്രങ്ങളുടെ പേരില്‍ എഴുത്തുകാര്‍ ഏറെ വെല്ലുവിളി നേരിടുന്ന സമയമാണിത്..?
എഴുത്തുകാരന്റെ കാഴ്ചപ്പാടുകളെ, സര്‍ഗാത്മകതയെ മതത്തിന്റെയോ വര്‍ഗീയതയുടെയോ പേരില്‍ വ്യാഖ്യാനിക്കരുത്. ഈ രീതി അപകടകരമാണ്. വിവാദങ്ങളുടെ പേരില്‍ എഴുത്തു നിര്‍ത്തുന്നതും ശരിയല്ല.
എഴുത്തുകാരന് ആരുടെയും മുമ്പില്‍ കീഴടങ്ങരുത്, മറ്റുള്ളവര്ക്കുമുമ്പില് വിധേയരാകരുത്. കഥയും കഥാപാത്രവും എഴുത്തുകാരന്റെ സര്‍ഗാത്മകതയാണ്. കഥാപാത്രത്തിന്റെ പേരുകള്‍ ഉയര്‍ത്തിക്കാട്ടി ഒരു മതത്തെ താഴ്ത്തിക്കാട്ടാന്‍ ശ്രമിക്കുകയാണെന്ന തരത്തിലുള്ള വിവാദങ്ങള്‍ കഴമ്പില്ലാത്തതാണ്. ഒരു കഥാപാത്രത്തിന് പകരം മറ്റൊന്നുപയോഗിക്കാന് കഴിയില്ല.
കേരള കൗമുദിയില്‍ ബ്യൂറോ ചീഫായിരുന്നു. അഞ്ച് വര്‍ഷത്തോളം വീക്ഷണം വാരികയുടെ എഡിറ്ററായിരുന്നു. അക്കാലത്ത് ഞാന്‍ എഴുതിയ റിപ്പോര്‍ട്ടുകളെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
അതിലൂടെ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ഏറെക്കുറേ പരിഹാരം ഉണ്ടാക്കാന്‍ കഴിഞ്ഞതിനാല്‍ പത്രപ്രവര്‍ത്തകനെന്നനിലയില്‍ തൃപ്തനാണ്. എന്റെ റിപ്പോര്‍ട്ടുകള്‍ വായിച്ചിട്ട് പലരും നല്ല അഭിപ്രായം പറഞ്ഞതില്‍ നിന്ന് ഏറെക്കുറേ അംഗീകരിക്കപ്പെട്ടു എന്നാണ് തോന്നുന്നത്.
മാധ്യമപ്രവര്‍ത്തകനായിരിക്കെ ഉത്തരവാദിത്തമുള്ള ജോലിക്കിടയിലും എഴുത്തിനുള്ള സമയം കണ്ടെത്തി?
അതൊരു പ്രശ്നമായിരുന്നു. കാരണം പത്രപ്രവര്‍ത്തകനായിരിക്കെ എഴുത്തിലും ഞാന്‍ സജീവമായിരുന്നു. ആ സമയത്ത് ഞാനെഴുതിയ പല കഥകളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എന്തെഴുതുമ്പോഴും പുതിയൊരു പ്രമേയം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.
പത്രപ്രവര്‍ത്തനത്തിനിടയില്‍ സാഹിത്യ രചന നടത്തുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. ഞാന്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്ന് എനിക്ക് ലഭിച്ച പിന്തുണ വളരെ വലുതാണ്. ജോലി ചെയ്യുന്ന സമയത്താണ് ഞാന്‍ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റാകുന്നത്. അക്കാദമിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
പത്രഭാഷ കലരാതെ ലളിതമായി എഴുതാന്‍ സാധിക്കുന്നത്?
പത്രപ്രവര്‍ത്തനം എന്റെ തൊഴിലാണ്. സാഹിത്യം എന്നെ തൃപ്തിപ്പെടുത്താന്‍ എനിക്ക് കിട്ടിയ മാര്‍ഗവും. സാഹിത്യ വാസന ഒരു സിദ്ധിയാണ്. അതെന്നില്‍ വന്നു വീണതാണ്, മറ്റൊരാള്‍ക്ക് പകര്‍ന്നുകൊടുക്കാനും കഴിയില്ല. ആ സിദ്ധി നഷ്ടപ്പെടുത്താതെ കൊണ്ടുനടക്കാനുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. അതുകൊണ്ടാവാം പത്രഭാഷയും സാഹിത്യവും കൂടിക്കലരാത്തത്.
പത്രത്തില്‍ സാഹിത്യമുപയോഗിച്ചാലും തിരിച്ചായാലും അപകടമാണ്. പത്രപ്രവര്‍ത്തനത്തില്‍ ഒരു യാഥാര്‍ത്ഥ്യം അവതരിപ്പിക്കുകയാണ്. കഥയിലും നോവലിലും അങ്ങനെയല്ല. എന്നിലെ സാഹിത്യകാരന് ഞാനെപ്പോഴും ഒരു ചട്ടക്കൂട് ഒരുക്കിയിരുന്നു. ജോലി കഴിഞ്ഞ് വന്നിരുന്ന് എഴുതിയിട്ടില്ല. ഓഫീസിലിരുന്നും എഴുതിയിട്ടില്ല. എഴുത്തിന് എന്റേതായ സമയം കണ്ടെത്തിയിട്ടുണ്ട്.
എന്നെ വന്ന് കാണുക: ആന്റണി!! ഞാനുടനെ അദ്ദേഹത്തെ കാണാനെത്തി. വിവരങ്ങള്‍ പറഞ്ഞു. വാരിക തുടങ്ങാന്‍ പോകുന്നേയുള്ളു. മടങ്ങാന്‍ നേരം താമസമെവിടെയെന്നു ചോദിച്ചപ്പോള്‍ ഒരു മടിയും കൂടാതെ എന്റെ അവസ്ഥ പറഞ്ഞു. അദ്ദേഹം ഉടന്‍ തന്നെ പ്യൂണിനെ വിളിച്ചു. മഹാരാജാസ് കോളജിന് സമീപമുള്ള ഒരു കെട്ടിടത്തിലേക്ക് അയാള്‍ എന്നെ കൂട്ടിക്കൊണ്ട് പോയി. അപ്പോഴും കാര്യമെന്താണെന്ന് മനസ്സിലായില്ല.
സാര്‍ നിങ്ങളോട് ഇവിടെ താമസിക്കാനാണ് പറഞ്ഞത്.എന്ന് പറഞ്ഞ് ഒരു മുറി എനിക്ക് തുറന്നു തന്നു. എനിക്ക് വിശ്വസിക്കാനായില്ല. എല്ലാ സൗകര്യങ്ങളോടും കൂടി, വ്യത്തിയും വെടിപ്പുമുള്ള മുറി. ആ മുറിയിലിരുന്നാണ് ഞാന്‍ പല കഥകളുമെഴുതിയത്. കലാകൗമുദിയില്‍ വന്ന പല കഥകളും ഞാന്‍ അവിടിരുന്നെഴുതിയതാണ്. ജീവിതത്തില്‍ വലിയൊരു മാറ്റത്തിന് തുടക്കം കുറിച്ചത് അവിടെ നിന്നാണ്.
എഴുത്തുകാരനായ മകനെ അച്ഛന് എത്രമാത്രം അംഗീകരിച്ചിട്ടുണ്ട്?
കോളജില്‍ പഠിക്കുമ്പോഴാണ് വളയം എന്ന ആദ്യ നോവല്‍ എഴുതുന്നത്. ചന്ദ്രികവാരികയിലാണത്. പുസ്തകമാക്കിയപ്പോള്‍ ആദ്യ കോപ്പി അച്ഛന് അയച്ചുകൊടുത്തു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഒരു രാത്രി ഞാന്‍ വീട്ടില്‍ ചെന്നുകയറുമ്പോള്‍ അച്ഛന് മണ്ണെണ്ണ വിളക്കിന് മുമ്പിലിരുന്ന് ഏതോ പുസ്തകം മറിച്ചു നോക്കുകയാണ്.
ഞാന്‍ അടുത്തേക്ക് ചെന്നു. എന്റെ പുസ്തകമാണ്്. വളരെ സന്തോഷം തോന്നിയ നിമിഷമാണത്. വയലാര്‍ അവാര്‍ഡ് ഞാന്‍ സമര്‍പ്പിക്കുന്നത് അച്ഛനും അമ്മയ്ക്കുമാണ്.
ജീവിതത്തില്‍ കണ്ടുമറന്ന കഥാപാത്രങ്ങളാണ് താങ്കളുടെ കഥകളുടെ പ്രത്യേകത?
സംസാരത്തിനിടയില്‍, പത്രം വായിക്കുന്നതിനിടയില്‍, പല കാര്യങ്ങളും അറിയുമ്പോള്‍ നമ്മുടെ മനസ്സില്‍ പല പ്രതികരണങ്ങളുമുണ്ടാകും. ആ പ്രതികരണങ്ങളില്‍ നിന്നൊക്കെ കഥയും കഥാപാത്രവും കടന്നുവരുന്നതാണ്. കഥകളില്‍ പലപ്പോ ഴും എഴുത്തുകാരനുള്പ്പടെ അയാള്‍ കണ്ടുമറന്ന പല മുഖങ്ങളുമുണ്ടാകാം.
അങ്ങനെ ചെയ്താല്‍ ആ കഥ പൂര്‍ണ്ണമാകില്ല.അവാര്‍ഡ് വാപസിയോടും എനിക്ക് യോജിക്കാനാവില്ല. അവാര്‍ഡ് നിഷേധിക്കുന്നതൊക്കെ വ്യക്തിപരമായ കാര്യങ്ങളാണ്. എന്നാല്‍ മുമ്പെങ്ങോ കിട്ടിയ അവാര്‍ഡ് വിവാദങ്ങളുടെ പേരില്‍ തിരിച്ചേ ല്പ്പിക്കുന്നതു ശരിയല്ല. ഈ തീരുമാനങ്ങ ള്‍ ശരിയാണോ എന്ന് കാലം തെളിയിക്കട്ടെ.
സ്വയം വിരമിക്കാനുള്ള കാരണം?
ആഗ്രഹമനുസരിച്ച് ജോലി ചെയ്തു. ഇനി മതിയാക്കാം എന്ന് തോന്നിയപ്പോഴാണ് ജോലിയില്‍ നിന്ന് സ്വയം വിരമിച്ചത്. ഇപ്പോള്‍ ശാന്തം മാസികയുടെ എഡിറ്ററാണ്.
വീടെന്ന സ്വര്‍ഗം
എനിക്ക് ഏറെ പ്രിയപ്പെട്ട ഇടമാണെന്റെ വീട്. വീട്ടില്‍ വച്ചേ എനിക്കെഴുതാന്‍ കഴിയു. എന്റെ പല കഥകളിലും പ്രധാന കഥാപാത്രമാകുന്നത് വീടാണ്. സ്നേഹമാണ് കുടുംബത്തെ നിലനിര്‍ത്തുന്നത്. ഓരോരുത്തരുടെയും വ്യക്തിത്വം രൂപപ്പെടുന്നത് വീടുകളില്‍ നിന്നാണ്. മനുഷ്യ ബന്ധങ്ങളെ നിലനിര്‍ത്തുന്നതും വീടാണ്. മക്കള്‍ക്ക് മാതൃകയാകേണ്ടത് മാതാപിതാക്കളാണ്.
എന്റെ വീടിനെ വിശുദ്ധമായ ഒരിടമായാണ് ഞാന്‍ കാണുന്നത്. തിരക്കുകളെത്രയുണ്ടെങ്കിലും വീട്ടിലെത്തിയാല്‍ ഞാനൊരു ഭര്‍ത്താവും അച്ഛനുമാണ്. സംസാരം വീടിനെക്കുറിച്ചായപ്പോള് ഹൈസ്കൂള്‍ അധ്യാപികയായ ഭാര്യ ഗീതയും സംസാരത്തില്‍ പങ്കു ചേര്‍ന്നു. അദ്ദേഹം നല്ലൊരു ഭര്‍ത്താവും അച്ഛനുമാണ്.
മക്കളുടെയും എന്റെയും എല്ലാ കാര്യങ്ങളിലും കൂടെ നിന്നിട്ടുണ്ട്. രണ്ട് മക്കളാണ് ഞങ്ങള്‍ക്ക് മകന് മൃദുല്‍രാജ് ബംഗലൂരുവില്‍ വര്‍ക്ക് ചെയ്യുന്നു. മരുമകള്‍ ഭവ്യ. മകള്‍ മേഘ ഡോക്ടറാണ്.