
കാഴ്ച എന്നത് കണ്ണില്‍ മാത്രം ഒതുങ്ങുന്നില്ല. കണ്ണില്‍നിന്നും തലച്ചോറിലേക്കുള്ള ഞരമ്പുകളും തലച്ചോറും ഈ ഭാഗത്തെ രക്തക്കുഴലുകളും അവയുടെ പ്രവര്‍ത്തനങ്ങളുമെല്ലാം കാഴ്ചയെ സ്വാധീനിക്കുന്നു. അതിനാല്‍ തലച്ചോറിനും ഞരമ്പുകള്‍ക്കും ഉണ്ടാകുന്ന രോഗങ്ങളും ക്ഷതങ്ങളും കാഴ്ചക്കുറവിലേക്കും കാഴ്ചയില്ലായ്മയിലേക്കും നയിക്കുന്നതാണ്.
'കാഴ്ച' എന്ന അത്ഭുതം
ഗോളാകൃതിയിലുള്ള കണ്ണിന് ഇലാസ്തികതയില്ലാത്ത ഭിത്തിയും ദ്രാവകങ്ങള്‍ നിറഞ്ഞ ഉള്ഭാഗവുമാണുള്ളത്. ഈ ഭിത്തിക്ക് മൂന്ന് പാളികളുണ്ട്. ചെറിയ ഇലാസ്തികതയോടു കൂടിയ മുന്‍ഭാഗം (സ്ക്ലീറ), മധ്യപാളിയായ രക്ത പടലം, ഏറ്റവും ഉള്ളിലുള്ള ദൃഷ്ടിപടലം അഥവാ റെറ്റിന എന്നിവയാണവ. കണ്ണിന് ദൃഢതയും ആകൃതിയും സംരക്ഷണവും നല്‍കുന്നത് സ്ക്ലീറയാണ്. സ്ക്ലീറയുടെ മുന്‍ഭാഗം സുതാര്യമാണ്. ഇതിനെ 'കോര്‍ണിയ' എന്ന് പറയുന്നു. മധ്യപാളിയായ രക്തപടലത്തില്‍ ധാരാളം രക്ത ലോമികകള്‍ കാണപ്പെടുന്നു. ഇവ കണ്ണിലെ കലകള്‍ക്ക് പോഷണവും, ഓക്സിജനും നല്കുന്നു. ഐറിസ്, കോറോയിഡ്, സിലിയറി ബോഡി എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി മധ്യപാളി തിരിച്ചിരിക്കുന്നു.
രക്തപടലത്തിന്റെ മുന്‍ഭാഗം കോര്‍ണിയയുടെ പിന്നിലായി വൃത്താകൃതിയിലുള്ള ഇരുണ്ട മറപോലെ കാണപ്പെടുന്ന ഭാഗമാണ് 'ഐറിസ്'. ഇതിനു മധ്യഭാഗത്തായി ഏകദേശം 3 മില്ലീ മീറ്റര്‍ വ്യാസത്തോടു കൂടിയ ഒരു സുഷിരമുണ്ട്. ഇതിനെ പ്യൂപ്പിള്‍ എന്നു പറയുന്നു. ഐറിസിന്റെ പിന്നിലായാണ് 'കോണ്‍വെക്സ്' ആകൃതിയിലുള്ള സുതാര്യമായ ലെന്‍സിന്റെ സ്ഥാനം. ലെന്സിലെത്തുന്ന പ്രകാശരശ്മികള്‍ ദ്രാവകത്തിലൂടെ സഞ്ചരിച്ച് മൂന്നാമത്തെ ഭാഗമായ ദൃഷ്ടിപടലത്തില്‍ കേന്ദ്രീകരിക്കുമ്പോഴാണ് കാഴ്ച സാധ്യമാകുന്നത്. അതുകൊണ്ട് കണ്ണിന്റെ മുന്‍ഭാഗത്തുള്ള ആവരണം മുതലുള്ള ഭാഗങ്ങളിലുണ്ടാകുന്ന ഘടനാപരമായ വ്യതിയാനങ്ങള്‍ 'എറേഴ്സ് ഓഫ് റിഫ്ളക്ഷനി'ലേക്ക് നയിക്കുന്നു. നേത്രവൈകല്യങ്ങളില് സര്‍വസാധാരണയായി കാണപ്പെടുന്ന അവസ്ഥയാണിത്.
ദീര്‍ഘദൃഷ്ടി
ഈ അവസ്ഥയില്‍ അകലെയുള്ള വസ്തുവില്‍നിന്നുള്ള കിരണങ്ങള്‍ ദൃഷ്ടിപടലത്തില്‍ കേന്ദ്രീകരിക്കുന്നതിന് പകരം പിന്‍ഭാഗത്ത് കേന്ദ്രീകരിക്കുന്നു. ഇതിന്റെ ഫലമായി അടുത്തുള്ള കാഴ്ചയ്ക്ക് മങ്ങല്‍ അനുഭവപ്പെടുന്നു. എന്നാല്‍ കണ്ണിലുണ്ടാകുന്ന മാറ്റങ്ങള്‍ ലഘുവാണെങ്കില്‍ കാഴ്ചക്കുറവുണ്ടാകുന്നില്ല. കണ്ണിലുള്ള പേശികള്‍ തന്നെ ഈ കുറവ് പരിഹരിക്കുന്നതു മൂലം പേശികള്‍ക്ക് ബലക്ഷയം ഉണ്ടാകുകയും തന്മൂലം തലവേദന, കണ്ണിന് വേദന, ചുവപ്പ്, കണ്‍പോളയ്ക്ക് ഭാരം എന്നിവ അനുഭവപ്പെടാം. കൃഷ്ണമണിയുടെ വലിപ്പക്കുറവ്, ലെന്‍സിന്റെ റിഫ്രാക്ടീവ് ഇന്‍ഡക്സിന്റെ കുറവ്, കോര്‍ണിയയുടെ വക്രത കുറവ് എന്നീ കാരണങ്ങാളാണ് പ്രധാനമായും ദീര്ഘദൃഷ്ടിയിലേക്ക് നയിക്കുക.
ഹ്രസ്വദൃഷ്ടി
ഹ്രസ്വദൃഷ്ടി അഥവാ മയോപിയ എന്നറിയപ്പെടുന്ന ഈ രോഗാവസ്ഥയില്‍ പ്രതിബിംബം ദൃഷ്ടി പടലത്തിന് മുന്നിലാണ് പതിക്കുന്നത്. അതിനാല്‍ അകലെയുള്ള വസ്തുക്കള്‍ കാണാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കൃഷ്ണമണിയുടെ വലിപ്പം കൂടുന്ന 'ആക്സിയല്‍ മയോപിയ'യാണ് ഹ്രസ്വദൃഷ്ടിക്ക് പ്രധാന കാരണം. കൗമാരപ്രായത്തില്‍ കണ്ണിന് അമിത വളര്‍ച്ച ഉണ്ടാകുന്നതിനാല്‍ സ്കൂള്‍ കാലഘട്ടത്തിലാണ് ഈ അവസ്ഥ കൂടുതലായി കാണുന്നത്. ലെന്‍സിന്റെ റിഫ്രാക്ടീവ് ഇന്‍ഡക്സ് കൂടുക (ഇന്‍ഡക്സ് മയോപിയ), കോര്‍ണിയയുടെ വക്രത കൂടുക തുടങ്ങിയവയും ഹ്രസ്വദൃഷ്ടിക്ക് കാരണമാണ്. രോഗത്തിന്റെ തുടക്കത്തില്‍ ഇവര്‍ക്ക് അടുത്തുള്ള വസ്തുക്കളെ കാണുവാന്‍ കഴിയുകയും അകലെയുള്ളവയെ കാണുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു.
സ്കൂള്‍ കുട്ടികള്‍ക്ക് ബോര്‍ഡിലെഴുതുന്നത് വായിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ അധ്യാപകരാണ് ഈ അവസ്ഥ തിരിച്ചറിയുന്നത്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ മങ്ങിയ കാഴ്ചയ്ക്കൊപ്പം, വായിക്കുമ്പോള്‍ ശക്തിയായ തലവേദനയും അനുഭവപ്പെടാം. എന്നാല്‍ രോഗം അതിക്രമിച്ചാല്‍ അകലെയുള്ള വസ്തുക്കളെ മാത്രമല്ല അരികെയുള്ളവയെയും കാണാന്‍ കഴിയാതെ വരുന്നു. ഹ്രസ്വദൃഷ്ടിയുള്ള കുട്ടികള്‍ പുസ്തകം കണ്ണിനോട് വളരെ അടുത്തുവച്ച് വായിക്കുന്നതായി കാണാം.
ഹ്രസ്വദൃഷ്ടി മൂന്നുതരം
ഹ്രസ്വദൃഷ്ടി പ്രധാനമായും മൂന്ന് തരത്തിലുണ്ട്. കണ്‍ജെനിറ്റല്‍ മയോപിയ, സിംപിള്‍ മയോപിയ, പ്രോഗ്രസീവ് മയോപിയ എന്നിങ്ങനെ മൂന്നുവിധത്തിലാണ് ഹ്രസ്വദൃഷ്ടി അനുഭവപ്പെടുന്നത്. ഒരു കണ്ണിലോ രണ്ട് കണ്ണിലോ ജന്മനാതന്നെ ഹ്രസ്വദൃഷ്ടിയുണ്ടാകുന്ന അവസ്ഥയാണ് കണ്‍ജെനിറ്റല്‍ മയോപിയ. സാധാരണ കോങ്കണ്ണിനോടൊപ്പമാണ് ഈ അവസ്ഥ കണ്ടുവരുന്നത്.
സര്‍വസാധാരണമായി കാണുന്ന ഹ്രസ്വദൃഷ്ടിയാണ് സിംപിള്‍ മയോപിയ. പഠനകാലത്തിന്റെ ആരംഭത്തില്‍ തുടങ്ങി തീവ്രത കൂടിയശേഷം ഏകദേശം 25 വയസിന് ശേഷം അതേ അവസ്ഥയില്‍ സ്ഥിരമായിത്തീരുന്നുവെന്നതാണ് സിംപിള്‍ മമോപിയയുടെ പ്രത്യേകത.
രോഗാവസ്ഥ പെട്ടെന്ന് കൂടുകയും പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പുതന്നെ രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നതാണ് മൂന്നാമത്തെ വിഭാഗമായ പ്രോഗ്രസീവ് മയോപിയ. ഈ രോഗാവസ്ഥയുള്ളവരുടെ കുട്ടികളെ വളരെ ചെറുപ്പം മുതല്‍ തുടര്‍ച്ചയായി നിരീക്ഷിക്കേണ്ടതാണ്. അതോടൊപ്പം കുട്ടികളുടെ ശുചിത്വ കാര്യത്തിലും ഭക്ഷണ കാര്യങ്ങളിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
പോഷകാഹാരവും ശുദ്ധവായുവും ശരിയായ വ്യായാമവും കുട്ടികള്‍ക്ക് ലഭിക്കണം. കാല്‍സ്യം, വൈറ്റമിന്‍ 'ഡി' എന്നിവയും വളരുന്ന കുട്ടികള്‍ക്ക് അത്യന്താപേക്ഷിതമാണ്.
അസ്റ്റിക് മാറ്റിസം
കോര്‍ണിയയുടെ സ്ഥാനചലനം മൂലമോ, ലെന്‍സിന്റെയോ വക്രതയിലുണ്ടാകുന്ന വ്യത്യാസം മൂലമോ കാഴ്ചക്കുറവ്, തലവേദന, കണ്ണിന് ചുവപ്പ്, വേദന, കണ്പോളകള്ക്ക് ഭാരം എന്നിവ അനുഭവപ്പെടുന്ന രോഗാവസ്ഥയാണ് അസ്റ്റിക്മാറ്റിസം. രോഗത്തിന്റെ തുടക്കത്തില്‍ ആസ്തെനോപ്പിക് ലക്ഷണങ്ങള്‍ മാത്രമേ കാണുകയുള്ളൂ. എന്നാല്‍ രോഗം മൂര്‍ച്ഛിച്ച അവസ്ഥയില്‍ അടുത്തും അകലെയുമുള്ള വസ്തുക്കളെ കാണാന്‍ ബുദ്ധിമുട്ടുണ്ടാകുന്നു.
അനൈസോ മെട്രോപ്പിയ
രണ്ട് കണ്ണിന്റെയും പ്രതിബിംബങ്ങളിലുണ്ടാകുന്ന അസന്തുലിതാവസ്ഥ മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. വ്യത്യാസം ചെറിയതോതിലാണെങ്കില്‍ രണ്ട് പ്രതിബിംബമായി വസ്തുവിനെ കാണുവാന്‍ കഴിയും.