
പ്രഭാസ്- പ്രശാന്ത് നീല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന സലാറിന്റെ റിലീസ് തീയതി മാറ്റി. സലാറിന്റെ ഒന്നാം ഭാഗം, 'സലാര്‍ പാര്‍ട്ട് 1 സീസ് ഫയര്‍' സെപ്റ്റംബര്‍ 28ന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തീയതി മാറ്റുകയാണെന്ന് നിര്‍മാതാക്കള്‍ ഔദ്യോഗികമായി അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസ് പറഞ്ഞു.
'സലാറിന് നിങ്ങള്‍ നല്കുന്ന പിന്തുണയ്ക്ക് നന്ദി. അപ്രതീക്ഷിത കാരണങ്ങളാല്‍ നേരത്തെ പ്രഖ്യാപിച്ച റിലീസ് തീയതിയായ സെപ്റ്റംബര്‍ 28 ന് ചിത്രം പ്രദര്ശനത്തിനെത്തിക്കാനാകില്ല. ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തില്‍ എത്തിയിരിക്കുന്നതെന്ന് ദയവായി മനസിലാക്കുക. മികച്ച സിനിമാനുഭവം നല്കുന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ. ഞങ്ങളുടെ ടീം അതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിലുമാണ്. പുതിയ റിലീസ് തീയതി യഥാസമയം പ്രഖ്യാപിക്കുന്നതാണ്. ചിത്രത്തിന്റെ അവസാന മിനുക്കുപണികള്‍ പുരോഗമിക്കവെ കൂടെയുണ്ടാകുക. ഈ മനോഹരയാത്രയില്‍ ഭാഗമാവുന്നതിന് നന്ദി' സലാര്‍ ഉടന്‍ എത്തും എന്ന ഹാഷ് ടാഗിനൊപ്പമാണ് ഹോംബാലെ ഫിലിംസിന്റെ കുറിപ്പ് .
സംവിധായകന് പ്രശാന്ത് നീലിനെയും സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിനെയും ആദ്യമായി ഒരുമിപ്പിക്കുന്ന ഇന്ത്യന്‍ ചിത്രമാണ് സലാര്‍ പാര്‍ട്ട് 1. വിജയകരമായ കെജിഎഫ് പരമ്പരകളുടെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ വിജയ് കിരഗണ്ടൂര്‍ ആണ് ഈ മെഗാ പ്രോജക്റ്റ് നിര്‍മ്മിക്കുന്നത്. റാമോജി ഫിലിം സിറ്റിയിലും പരിസരങ്ങളിലുമായി 14 കൂറ്റന്‍ സെറ്റുകളിട്ടാണ് ചിത്രം നിര്‍മ്മിച്ചത്. 400 കോടി ബഡ്ജറ്റുള്ള സലാര്‍ പാര്‍ട്ട് 1: ബാഹുബലി, കെജിഎഫ് സീരീസ് തുടങ്ങിയ പ്രശസ്ത ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് സമാന്തരമായി നിര്‍മ്മിച്ച ഏറ്റവും ചെലവേറിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ ഒന്നാണ്. ഭുവന് ഗൗഡ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന സലാറില്‍ ശ്രുതി ഹാസനാണ് നായിക.
തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നിവയുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ തിയേറ്ററുകളിലെത്തും. കേരളത്തില്‍ പൃഥ്വിരാജ് പ്രോഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സലാര്‍ തിയേറ്ററുകളില്‍ എത്തിക്കുന്നത്.






