
തീപ്പൊള്ളലേറ്റ് ഗുരുതര നിലയിൽ റിയാദിലെ ആശുപത്രിയിൽ കഴിഞ്ഞ മലയാളി യുവാവ് മരിച്ചു. കണ്ണൂർ ഇരിട്ടി മുഴക്കുന്ന് മെഹ്ഫിലിൽ ഫസൽ പൊയിലൻ (37) ആണ് മരിച്ചത്. താമസസ്ഥലത്തെ അടുക്കളയിൽനിന്ന് മൂന്ന് ദിവസം മുമ്പ് പാചകവാതക സിലിണ്ടർ ചോർന്ന് തീയാളി പിടിച്ചാണ് അപകടമുണ്ടായത്.
റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇന്ന് പുലർച്ചെ മൂന്നോടെ മരിക്കുകയായിരുന്നു. അഞ്ചുവർഷത്തോളമായി റിയാദ് എക്സിറ്റ് ആറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അവധി കഴിഞ്ഞ് രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്ന് തിരിച്ചെത്തിയത്.
പാചകത്തിനിടെ ജോലിയുടെ ആവശ്യം സംബന്ധിച്ച് കോള്‍ വന്നതിനാല്‍ ഗ്യാസ് സിലിണ്ടർ തുറന്നത് ഓർക്കാതെ പോയ യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തി റൂമിനുള്ളിൽ ലൈറ്റിട്ടപ്പോൾ തീയാളി പിടിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. പിതാവ് കുന്നുമ്മൽ അബ്ദുല്ല. മാതാവ്: പൊയിലൻ ആയിഷ (മാലൂർ). ഭാര്യ: ആസ്യ. മക്കൾ: ആലിയ മെഹ്വിഷ്, അസ്ബ മെഹക്.






