ശിവഭക്തര്‍ക്ക് വളരെ സുപരിചിതമായ ഒന്നാണ് കൂവളം. ശിവഭഗവാന് ഇഷ്ടപ്പെട്ട ഈ 'കൂവളത്തില'യുടെ ശാസ്ത്രീയ മാഹാത്മ്യം ഭക്തര്‍ ഏവരും അറിഞ്ഞിരിക്കേണ്ടതാണ്. ശിവപാര്‍വ്വതിമാരുടെ ഇഷ്ടവൃക്ഷം 'ശിവദ്രുമം' ശിവമല്ലി, വില്വാ (ബില്വം) എന്നീ പേരുകളിലും അറിയപ്പെടുന്നു. ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണ് കൂവളത്തില.
സര്‍വ്വരോഗ സംഹാരിയായ കൂവളത്തെ അഷ്ടാംഗ ഹൃദയത്തില്‍ ദിവ്യൗഷധങ്ങളുടെ ഗണത്തില്‍പ്പെടുത്തിയിട്ടുണ്ട്. കൂവളത്തിലയിലൂടെ ജന്മാന്തര പാപങ്ങള്‍ നശിക്കുമത്രേ.
കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീപരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണ് വിന്യസിച്ചിരിക്കുന്നത്. വിഷശമന ശക്തിയുള്ള കൂവളം ശിവഭഗവാന്റെ വളരെ ഇഷ്ട വൃക്ഷമാണ്. ആയതുകൊണ്ടുതന്നെ എല്ലാ ശിവക്ഷേത്രങ്ങളിലും പ്രഥമ സ്ഥാനം നല്കി കൂവള വൃക്ഷത്തെ പരിപാലിച്ചു വരുന്നു. കൂവളത്തില വാടിയാലും പൂജയ്ക്കെടുക്കാമെന്നുണ്ട്.
'ചിത്തിര' നക്ഷത്രവൃക്ഷമാണ് 'കൂവളം'. ഈ നക്ഷത്രക്കാര്‍ ശിവഭക്തിയോടെ കൂവളം നട്ടു വളര്‍ത്തി പരിപാലിക്കുന്നത് ഗ്രഹദോഷങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. കുടുംബാഭിവൃദ്ധി, ഐശ്വര്യം, സമ്പത്ത് എന്നിവ വര്‍ദ്ധിക്കാനിടവരും.
27 നക്ഷത്രക്കാര്‍ക്കും അവരവരുടെ ജന്മനക്ഷത്ര വൃക്ഷത്തെ പരിപാലിച്ചാല്‍ ഈ ഫലവിശേഷം ലഭിക്കും. കൂവളം നടുന്നതും ശ്രദ്ധാപൂര്‍വ്വം പരിപാലിക്കുന്നതും ശിവപ്രീതിക്ക് അത്യുത്തമമായി കരുതുന്നു. കൂവളം നശിപ്പിക്കുക, വേണ്ട രീതിയില്‍ പരിപാലിക്കാതിരിക്കുക, പരിസര ശുചീകരണമില്ലായ്മ ഇവയെല്ലാം ദോഷകരമാകും. വീടിന്റെ തെക്കോ, വടക്കോ വശത്തായി കൂവളം നടുന്നതും നിത്യവും കൂവളച്ചുവട്ടില്‍ ദീപം തെളിയിക്കുന്നതും ഐശ്വര്യം നിലനിര്‍ത്താന്‍ സഹായിക്കും. ഒരു കൂവളം നട്ടാല്‍ അശ്വമേധയാഗം നടത്തിയ ഫലവും, കാശി മുതല്‍ രാമേശ്വരം വരെയുള്ള ശിവക്ഷേത്ര ദര്‍ശനം നടത്തിയ ഫലവും ഗംഗയില്‍ നീരാടിയ പുണ്യഫലവും ലഭിക്കുമെന്ന് പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നു.
കൂവളം പറിക്കാന്‍ പാടില്ലാത്ത ദിവസങ്ങള്‍
മാസപ്പിറവി, പൗര്‍ണ്ണമി, അമാവാസി, അഷ്ടമി, നവമി, ചതുര്‍ത്ഥി, തിങ്കളാഴ്ച എന്നീ ദിവസങ്ങളില്‍ കൂവളത്തില നുള്ളുന്നത് ശിവകോപത്തിന് കാരണമാകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളുടെ തലേന്ന് പറിച്ചുവച്ച് അടുത്ത ദിവസം പൂജ നടത്താവുന്നതാണ്.
അദൃശ്യമായ ഒരു ദേവസാന്നിധ്യം കൂവളത്തിനുണ്ടെന്ന് ഭക്തര്‍ വിശ്വസിച്ചു വരുന്നു. വിദേശ കാര്‍ഷിക സര്‍വ്വകലാശാലകള്‍ കൂവളത്തിന്റെ 'സമൂലം' വളരെ ഗുണകരമായ ഒരു ഔഷധമായാണ് അംഗീകരിച്ചിരിക്കുന്നത്. വാതം, കഫം, ഛര്‍ദ്ദി, അതിസാരം എന്നീ രോഗങ്ങളെ ശമിപ്പിക്കാനും പ്രമേഹത്തിനും കൂവളം ഒരു ദിവ്യൗഷധമാണ്.
ഇതിന്റെ 'ചാറ്' എടുത്ത് എണ്ണ കാച്ചി ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദന, പഴുപ്പ് ഇവ മാറിക്കിട്ടുമെന്ന് ആയുര്‍വേദ ഭിഷഗ്വരന്മാര് ചൂണ്ടിക്കാണിക്കുന്നു. അമാവാസി, പൗര്‍ണ്ണമി ദിവസങ്ങളില്‍ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഈ ഔഷധ സസ്യത്തെയും സ്വാധീനിക്കുന്നുണ്ടെന്നതിനാലാണ് ഈ ദിവസങ്ങളില്‍ മരുന്നിനായി കൂവളത്തില ഉപയോഗിക്കരുതെന്ന് പറയുന്നത്.
സമൂല ഔഷധഗുണമുള്ള ഉത്തമ ആയുര്‍വേദ ഔഷധമായ കൂവളം വിദേശ കാര്‍ഷിക സര്‍വ്വകലാശാലകള്‍ പ്രത്യേകം പരിപോഷിപ്പിച്ചുവരുന്നതായി 'സയന്‍സ് ടുഡേ' മാഗസനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നത് ഭാരതീയര്‍ക്ക് അഭിമാനിക്കാവുന്നതാണ്. 'ഓം നമഃ ശിവായ'