തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ ജില്ലയിലെ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിവന്നിരുന്ന പരിശോധന അവസാനഘട്ടത്തില്‍. അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്കിലെ പരിശോധന പൂര്‍ത്തിയായി. ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന 25 മണിക്കൂര്‍ പിന്നിട്ട് ഇന്നു രാവിലെ എട്ടരയോടെയാണ് പൂര്‍ത്തിയായത്. തൃശൂര്‍ സഹകരണ ബാങ്കിലെ പരിശോധന പുലര്‍ച്ചെ രണ്ട് മണിയോടെയാണ് പൂര്‍ത്തിയായത്.
ഇ.ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ കണ്ണന് പ്രതികരിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്റും കൂടിയാണ് എം.കെ കണ്ണന്.
കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഇ.ഡി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ്. ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര് സുനില്‍കുമാറിനെ ഇന്ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത ആളുമാണ് സുനില്‍കുമാര്‍.
കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പി. സതീഷ്കുമാറിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ ഇടപാടുകളിലാണ് ഇ.ഡി അന്വേഷണം വ്യാപിപ്പിച്ചത്. തൃശൂര്‍, അയ്യന്തോള്‍ സഹകരണ ബാങ്കുകള്‍ക്കു പിന്നാലെ ആറിടത്തുകൂടി പരിശോധന നടത്തി.
കൊച്ചിയിലെ ഹോട്ടല്‍ വ്യവസായി ദീപക്കിന്റെ വീട്, തൃശൂര്‍ ഗോസായിക്കുന്നിലെ എസ്.ടി. ജൂവലറി, ജൂവലറി ഉടമ സുനില്‍കുമാറിന്റെ വീട്, കരുവന്നൂരിലെ ആധാരമെഴുത്തുകാരന്റെ കുട്ടനെല്ലൂരിലെ ഓഫീസ്, വിയ്യൂരിലെയും തിരൂരിലെയും ആധാരമെഴുത്ത് ഓഫീസുകള്‍ എന്നിവിടങ്ങളിലായിരുന്നു ഇ.ഡി. റെയ്ഡ്. നിരവധി രേഖകള്‍ പിടിച്ചെടുത്തു.
കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ്കുമാര്‍ വെളുപ്പിച്ച കള്ളപ്പണം ജൂവലറിയില്‍ നിക്ഷേപിച്ചതായാണു സൂചന. ഇ.ഡി. ചോദ്യംചെയ്ത തൃശൂര്‍ കോര്പറേഷന് കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയുമായി അടുത്തബന്ധമുള്ളയാളാണു ജൂവലറി ഉടമ സുനില്‍കുമാര്‍. സതീഷ്കുമാര്‍ വായ്പ തിരിച്ചടയ്ക്കാത്തതിന്റെ രേഖകള്‍ അയ്യന്തോള്‍ ബാങ്കില്‍നിന്നു കണ്ടെടുത്തതായും സൂചനയുണ്ട്. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലായ സതീഷ്കുമാറിന്റെയും രണ്ടാംപ്രതി പി.പി. കിരണിന്റെയും മൊഴികളുടെ അടിസ്ഥാനത്തിലാണു കൂടുതല്‍ ഇടങ്ങളിലെ ഇ.ഡി. റെയ്ഡ്. ഇരുവരുടെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.
കിരണിന്റെ സുഹൃത്താണു ഹോട്ടല്‍ വ്യവസായിയായ തൊടുപുഴ സ്വദേശി ദീപക്. സായുധസേനയുടെ കാവലില്‍ ഇന്നലെ രാവിലെ എട്ടിനു തുടങ്ങിയ റെയ്ഡ് വൈകിട്ടുവരെ തുടര്‍ന്നു. 12.5 കോടി രൂപയുടെ വായ്പ ദീപക്കിനു കരുവന്നൂര്‍ ബാങ്കില്‍നിന്നു ലഭിച്ചതായാണു സൂചന. ഇത് തിരിച്ചടച്ചിട്ടില്ല. 5.2 കോടി രൂപ വെളുപ്പിച്ചെടുത്തു. തൃശൂര്‍ കോലഴി നിവാസിയും കണ്ണൂര്‍ സ്വദേശിയുമായ സതീഷ്കുമാര്‍ കള്ളപ്പണം വെളിപ്പിച്ചെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അയ്യന്തോള്‍ സഹകരണ ബാങ്കിലെ റെയ്ഡ്.
അതേസമയം, കരുവന്നൂര്‍ കേസില്‍ രണ്ടാം തവണയും ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിര്‍ദേശം സിപിഎം നേതാവും മുന്‍മന്ത്രിയുമായ എ.സി മൊയ്തീന് എംഎല്‍എ തള്ളി. നിയമസഭാ സമാജികര്‍ക്ക് വേണ്ടിയുള്ള ക്ലാസില്‍ പങ്കെടുക്കേണ്ടതിനാല്‍ രണ്ടു ദിവസത്തേക്ക് ഹാജരാകാന്‍ കഴിയില്ലെന്നാണ് ഇ-മെയില്‍ വഴി നല്കിയ മറുപടി.






