ന്യുഡല്‍ഹി: ചരിത്രപരമായ മാറ്റത്തിന് തുടക്കം കുറിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം. പുതിയ മന്ദിരത്തിലേക്ക് സഭാ നടപടികള്‍ മാറ്റിയ ശേഷം ആദ്യമായി കൊണ്ടുവന്നത് വനിതാ സംവരണ ബില്‍ ആണ്. നിയമമന്ത്രി അര്ജുന് രാം മെഹ്വാള്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്ലിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഭരണ-പ്രതിപക്ഷ ബഹളത്തിനിടെയാണ് സഭയില്‍ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
അതിനിടെ രാജ്യസഭ രണ്ടര മുതല്‍ അരമണിക്കൂറേക്ക് നിര്‍ത്തിവച്ചു. കക്ഷിനേതാക്കളുമായി സുപ്രധാന വിഷയം സംസാരിക്കാനുണ്ടെന്ന് സഭാ ചെയര്മാന് അറിയിച്ചതിനെ തുടര്‍ന്നാണിത്.
സഭ വീണ്ടും ചേര്‍ന്നയുടന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ പ്രസ്താവന നടത്തി. ഇന്നൊരു ചരിത്ര ദിനമാണ്. ഇന്ത്യയിലെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ദീപസ്തംഭമാണ് പുതിയ പാര്‍ലമെന്റ് മന്ദിരമെന്ന അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിനിടെ, ലോക്സഭയില്‍ വനിതാ സംവരണ ബില്ലിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി വാക്പോര് നടന്നിരുന്നു. ബില്‍ യുപിഎയും സോണിയ ഗാന്ധിയുമാണ് കൊണ്ടുവന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി സഭയില്‍ പറഞ്ഞു. ബില്‍ എത്രയും വേഗം പാസാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ അതിന് സമയമെടുത്തു. ബില്‍ അവതരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന് സന്തോഷമേയുള്ളുവെന്നും അധിര്‍ രഞ്ജന്‍ പറഞ്ഞു.






