ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന്മേല് ലോക്സഭയില്‍ ചര്‍ച്ച തുടങ്ങി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയ ഗാന്ധിയാണ് ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. 'നാരി ശക്തി വന്ദന്‍ അധിനിയന് 2023 ബില്‍' എന്ന പേരില്‍ നിയമമന്ത്രി അര്ജുന് റാം മേഘ്വാള് ഇന്നലെ സഭയില്‍ അവതരിപ്പിച്ച ബില്ലിന് സോണിയ ഗാന്ധി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ബില്‍ എത്രയും വേഗം നടപ്പാക്കണമെന്ന്് സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ബില്‍ നടപ്പാക്കാന്‍ വൈകുന്നത് രാജ്യത്തെ സ്ത്രീകളോടുള്ള അവഗണനയായിരിക്കും. ജാതി സെന്‍സസ് നടപ്പാക്കണം. ഒബിസി, എസ്.സി, എസ്.ടി വിഭാഗങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ഇത് അനിവാര്യമാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.
വനിതാ സംവരണ ബില്‍ രാജീവ് ഗാന്ധിയുടെ സ്വപ്നമായിരുന്നു. ഇതിന് തന്റെ ജീവിതത്തില്‍ വളരെ വൈകാരികമായ സ്ഥാനമുണ്ട്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് ആദ്യമായി ഭരണഘടന ഭേദഗതി കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. എന്നാല്‍ രാജ്യസഭയില്‍ ആ ബില്‍ ഏഴ് വോട്ടിന് പരാജയപ്പെട്ടു. പിന്നീട് പി.വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ബില്‍ രാജ്യസഭയില്‍ പാസാക്കി. അതിന്റെ ഫലമായി നമ്മുടെ തദ്ദേശ സ്ഥാപനങ്ങളില്‍ 15 ലക്ഷം വനിതകളാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാജീവ് ഗാന്ധിയുടെ സ്വപ്നം ഭാഗികമായി നടപ്പാക്കപ്പെട്ടു. ഈ ബില്‍ പാസാകുന്നതോടെ അത് പൂര്‍ണ്ണമാകുമെന്നും സോണിയ ഗാന്ധി ലോക്സഭയില്‍ പറഞ്ഞു.
ബില്ലിനെ പിന്തുണയ്ക്കുന്നതില്‍ കോണ്‍ഗ്രസിന് സന്തോഷമേയുള്ളു. എന്നാല്‍ ചില ആശങ്കകളുമുണ്ട്. രാഷ്ട്രീയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വനിതകള്‍ 13 വര്‍ഷം കാത്തിരുന്നു. ഇനിയും കുറച്ചു വര്‍ഷങ്ങള്‍ കൂടി കാത്തിരിക്കേണ്ടിവരുന്നു. അത് എത്രകാലം? അതിനാല്‍ ബില്‍ ഉടന്‍ നടപ്പാക്കണം- സോണിയ പറഞ്ഞു.
ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ പുരുഷന്മരെ ഉള്‍പ്പെടുത്തിയതില്‍ ചില അംഗങ്ങള്‍ പ്രതിഷേധിച്ചു. എന്നാല്‍ സ്ത്രീകളുടെ കാര്യങ്ങള്‍ പലതും ചെയ്യാന്‍ പുരുഷന്മാര്ക്കും കഴിയുമെന്നും കോണ്‍ഗ്രസില്‍ നിന്ന് പുരുഷന്മാര്ക്ക് സംസാരിക്കാന്‍ അവസരം കിട്ടാത്തതിലുള്ള നിരാശയാണ് പ്രതിഷേധത്തിന് പിന്നിലെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വിമര്‍ശിച്ചു.
ബില്ലിന്റെ ക്രെഡിറ്റ് എടുക്കാന്‍ സോണിയ ഗാന്ധി ശ്രമിക്കുകയാണെന്ന് ബിജെപിയില്‍ നിന്ന് സംസാരിച്ച അംഗങ്ങള്‍ കുറ്റപ്പെടുത്തി. ബില്‍ ഉടന്‍ നടപ്പാക്കുന്നത് ഭരണഘടനാ വിരുദ്ധമാകുമെന്നും മണ്ഡല പുനര്‍ നിര്‍ണയം നടപ്പാക്കുന്നത് വരെ തത്സ്ഥിതി തുടരണമെന്നും ബിജെപി അംഗം നിഷികാന്ത് ദുബെ പറഞ്ഞൂ.
ബില്‍ ഉടന്‍ നടപ്പാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടു. ഇന്ത്യ മുന്നണിയെ ഭയന്നാണ് ബില്‍ കൊണ്ടുവന്നതെന്ന് ജെഡിയു വിമര്‍ശിച്ചു.






