
രണ്ടു പതിറ്റാണ്ടുകള്‍ മുന്‍പ് പ്രേക്ഷകര്‍ ഏറ്റെടുത്ത ‘വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്പൂവേ’ എന്ന ഗാനത്തിലൂടെ പ്രേക്ഷകമനസ്സില്‍ ഇന്നും നിറഞ്ഞു നില്ക്കുന്ന ചുള്ളന് ചെക്കനാണ് നിഷാന്ത് സാഗര്‍. ബിജു വർക്കി സംവിധാനം ചെയ്ത ദേവദാസി എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച നിശാന്തിന്റെ അഭിനയമികവ് പ്രേക്ഷകര്‍ കൂടുതലറിഞ്ഞത് ലോഹിതദാസ് സംവിധാനം ചെയ്ത ജോക്കർ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചതോടെയാണ്. തുടർന്ന് അൻപതോളം സിനിമകളിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങളടക്കം ഇന്തോ - അമേരിയ്ക്കൻ മൂവിയായ പൈറേറ്റ്സ് ബ്ലഡ് എന്ന സിനിമയില്‍ സണ്ണിലിയോണിനോടൊപ്പം ലീഡ് റോളും താരം ചെയ്തിട്ടുണ്ട്. നായകനായും വില്ലനായും സഹനടനായുമൊക്കെ നിറഞ്ഞുനിന്ന നിഷാന്ത് ഒരിടവേളയ്ക്കു ശേഷം വീണ്ടും സജീവമാകുകയാണ്. വൺ, ചതുരം, കൊച്ചാൽ, ജിന്ന്, ആർഡിഎക്സ് എന്നീ ചിത്രങ്ങളിലെല്ലാം നിഷാന്തുണ്ട്. അതില്‍ നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആര്‍ഡിഎക്സിലെ ഡേവിസെന്ന കഥാപാത്രം നിഷാന്തിന് ഏറെ പ്രേക്ഷകരെ നേടിക്കൊടുത്തു. കരിയര്‍ സില്‍വര്‍ ജൂബിലിയില്‍ തിളങ്ങി നില്ക്കുമ്പോള് പുതിയ വിശേഷങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും സിനിമായാത്രകളും മംഗളം ഓണ്‍ലൈനിനോട് പങ്കുവയ്ക്കുകയാണ് നിഷാന്ത് സാഗര്‍...
സാധാരണയില്‍ നിന്ന് വ്യത്യസ്തമായി അപ്പിയറന്‍സിലും നോട്ടത്തിലും ഭാവത്തിലുമെല്ലാം വളരെ പക്വതയുള്ള ഒരു വില്ലന്‍ കഥാപാത്രമാണല്ലോ ആര്‍ഡിഎക്സില്‍. മനഃപൂര്‍വ്വമായി അങ്ങനെ ചെയ്തതാണോ ?
സംവിധായകന് നഹാസിന്റേതായി അതില്‍ വലിയൊരു ഇന്‍പുട്ട് ഉണ്ട്. ഞാനൊരുപാട് വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. തിളക്കം, ജോക്കര്‍ എന്നീ സിനിമകളിലൊക്കെ ചെയ്ത വില്ലന്‍ വേഷങ്ങള്‍ പ്രേക്ഷകരുടെ മനസ്സിലുണ്ട്. ഇതിലെ ഡേവിസ് എന്ന കഥാപാത്രം കുറെ കാലമായി ഈ ഫീല്‍ഡില്‍ ഉള്ളയാളാണെന്നും ഇപ്പോള്‍ പിള്ളേരെ ഇറക്കിയാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും, തത്കാലം ഒന്ന് ഒതുങ്ങി നില്‍ക്കുകയാണ് എന്ന ഫീലിംഗ് എന്നെ കാസ്റ്റ് ചെയ്താല്‍ പ്രേക്ഷകര്‍ക്ക് ഉണ്ടാകുമെന്നും നഹാസിന് തോന്നിയിട്ടുണ്ടാകും. ഞാന്‍ ശരിക്കും പറഞ്ഞാല്‍ കുറെ നാള് മുമ്പ് ഇന്‍ഡസ്ട്രിയില്‍ എത്തിയ ആളാണ്. അതുകൊണ്ട് നഹാസ് മനസ്സില്‍ എനിക്ക് കുറച്ചു കൂടി പ്രായം ചിന്തിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ ലൊക്കേഷനില്‍ എത്തിയപ്പോള്‍ നഹാസ് എന്നെകണ്ട മാത്രയില്‍ പറഞ്ഞത്,‘‘ ചേട്ടാ, അയ്യോ ചേട്ടനിങ്ങനെ ചെറുപ്പക്കാരനായി ഇരുന്നാല്‍ പോരാ. ശകലമൊന്ന് മാറ്റിപ്പിടിക്കണം. ഈ സിനിമയില്‍ ഇങ്ങനെ എത്താന്‍ പറ്റില്ല...’’ എന്നാണ്. അങ്ങനെ മേക്കപ്പ്മാനായ റോണക്സിനോട് ഡേവിസിനെക്കുറിച്ച് പറഞ്ഞ് കൊടുത്തു. അങ്ങനെ തലമുടിയിലും മേക്കപ്പിലുമെല്ലാം പക്വതയുള്ള വില്ലനെ കൊണ്ടു വന്നു. യഥാര്‍ത്ഥത്തില്‍ സിനിമ ശരിക്കുമൊരു ടീം വര്‍ക്കാണ്, അതാണ് അതിന്റെ വിജയമായി മാറിയത്. എന്നെ സംബന്ധിച്ച് ആ വില്ലന്‍ കഥാപാത്രം വലിയൊരു അനുഗ്രഹമായി. ആര്‍ഡിഎക്സ് സിനിമയില്‍ പള്ളിപ്പെരുന്നാള് നടക്കുന്ന സമയത്ത് ജീപ്പില്‍ നിന്നിറങ്ങി വന്ന് നില്ക്കുന്ന ആ സീന്‍ എനിക്കേറെയിഷ്ടമുള്ള ഷോട്ടാണ്. കാരണം കുറെ നാള് ഇന്‍ഡസ്ട്രിയില്‍ നിന്ന് മാറിനിന്ന ശേഷം തിരിച്ചു വന്നിറങ്ങുന്ന ഫീലാണതിന്. ആ ഫീല്‍ പ്രേക്ഷകര്‍ക്കും തോന്നിക്കാണണം.
ഒരു ആക്ഷന്‍ സിനിമയായ ആര്‍ഡിഎക്സിന്റെ ഭാഗമായത് ഫിറ്റ്നെസ്സില് പ്രാധാന്യം കൊടുക്കുന്നതു കൊണ്ടാണോ ?
ഫിറ്റ്നെസ്സ് എന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഈ സിനിമ മുഴുവന്‍ ആക്ഷനാണെന്നുള്ളത് കേട്ടപ്പോള്‍ ഒരു പേഴ്സണല്‍ താത്പര്യം തോന്നി. നല്ലൊരു ക്രൂവിനൊപ്പം മാര്‍ഷല്‍ ആര്‍ട്സിന് പ്രാധാന്യം കൊടുക്കുന്ന സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരു സന്തോഷമായിരുന്നു. പക്ഷേ സിനിമയില്‍ ഏറ്റവും കുറവ് അടി കിട്ടുന്നത് എനിക്കാണ്. മാറി നിന്ന് പിള്ളേരെ വച്ച് കളിക്കുന്ന ഒരു മച്ച്വേഡ് വില്ലനാണ് ഞാനിതില്‍. എല്ലാം കണ്ട് നില്ക്കുമ്പോള് മനസ്സ് കൊണ്ട് ആ ആക്ഷന്‍ സീനുകളൊക്കെ ഞാനേറെ ആസ്വദിച്ചിരുന്നു.
ബാബു ആന്റണിയുടെ ഒരു തിരിച്ചുവരവായി ഈ സിനിമയെ കാണാം. തിയേറ്ററില്‍ ആ സീന്‍ കണ്ടപ്പോള്‍ ഒരു പ്രേക്ഷകനെന്ന നിലയില്‍ തോന്നിയത് ?
ബാബു ആന്റണി ചേട്ടനൊപ്പം ഒരു സിനിമ, അതിന്റെ എക്സൈറ്റന്റു് ചെറുതൊന്നുമായിരുന്നില്ല. ഞാന്‍ ശരിക്കും ഇമോഷന്‍സുമായി പെട്ടെന്നു കണക്ടഡാകും. ഈ സിനിമ തിയേറ്ററില്‍ കാണുന്ന സമയത്ത് അവസാനമുള്ള ബാബു ചേട്ടന്റെ മാസ് അടി രംഗങ്ങള്‍ ശരിക്കും ആസ്വദിച്ചിരുന്നു. അടുത്ത സീനില്‍ ബാബുച്ചേട്ടന്റെ ആക്ഷന്‍ തുടങ്ങുമെന്ന് എനിക്ക് അറിയാം. ഞാനത് ചിന്തിക്കുന്നതിന് രണ്ടു സെക്കന്റ് മുമ്പ് പല പ്രേക്ഷകരും ‘ബാബു ചേട്ടാ സൂപ്പര്‍’ എന്നു പറഞ്ഞത് ആഘോഷിച്ചു. ആ സീന്‍ സ്ക്രീനില്‍ കണ്ടപ്പോള്‍ രോമാഞ്ചം വന്നു പോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹം ആക്ഷന്‍ സീക്വന്‍സുകള്‍ മലയാള സിനിമയില്‍ കൊണ്ട് നിറഞ്ഞു നിന്ന താരമല്ലേ. ബാബുച്ചേട്ടന് ഒരു കാലത്ത് മലയാള സിനിമയിലെ ആക്ഷന്‍ ഹീറോയായിരുന്നല്ലോ. അദ്ദേഹത്തിന്റെ വന്‍ തിരിച്ചു വരവായ ഈ സിനിമയില്‍ എനിക്കും ഭാഗമാകാന്‍ കഴിഞ്ഞു എന്നതും ഒരു പുണ്യമായി കരുതുന്നു.
ചില വിവാദങ്ങളിലും നിറഞ്ഞു നിന്ന സിനിമയാണല്ലോ ഇത് ?
സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ഒരിക്കലുമത് തോന്നിയിട്ടില്ല. ഞാനുമിത് മീഡിയയകളിലൂടെയാണ് അറിഞ്ഞത്. അങ്ങനെയൊന്നും ഉള്ളവരല്ല അവരാരും. എനിക്ക് സത്യത്തില്‍ അതിനെക്കുറിച്ച് അറിയില്ല. എന്റെ സീനുകളില്‍ മാത്രമാണ് ഞാന്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നത്. ആ വാര്‍ത്തകള്‍ കേട്ടപ്പോള്‍ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. വലിയ പെരുന്നാള്‍ എന്ന സിനിമയിലൂടെയാണ് എനിക്ക് ഷെയ്നിനെ പരിചയം. ഷെയ്ന് കൊടുക്കുന്ന എഫര്‍ട്ട്, ആ കഥാപാത്രമായി മാറുന്നതിന് കൊടുക്കുന്ന കഷ്ടപ്പാട് ഒക്കെ നേരിട്ട് കണ്ടിട്ടുണ്ട്. ഷെയ്നിലെ മിടുക്കനെ എനിക്കറിയാം. ആനപ്പറമ്പിലെ വേള്‍ഡ്കപ്പ് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചാണ് ആന്റണി പെപ്പെയെ പരിചയം. ഒരു വ്യക്തി എന്ന നിലയില്‍ സെലിബ്രിറ്റി ഇമേജ് കൊണ്ടുനടക്കാത്ത ആളാണ് ആന്റണി. നീരജിനെ ഞാന്‍ ആദ്യമായി കാണുന്നത് ഒരു യാത്രയ്ക്കിടയിലാണ്. സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. ഒരു രക്ഷയുമില്ലാത്ത എനര്‍ജി ലെവലുള്ള ആക്ടറാണ്. ഇവര്‍ മൂന്നാളും അഭിനയം ഒരു പാഷനായി കൊണ്ടു നടക്കുന്നവരാണ്.
നഹാസ് എന്ന സംവിധായകനെക്കുറിച്ച് ?
ഇപ്പോഴുള്ള എല്ലാ സംവിധായകരും മിടുക്കന്മാരാണ്. സംവിധായകന്റെ തൊപ്പി ധരിക്കണമെന്ന നിഷ്കര്‍ഷയില്ലാത്ത, അഭിനേതാക്കളുടെ ഇടയിലൂടെ അവരുടെ ഓരോ ചലനങ്ങളും വീക്ഷിച്ച് അവരിലൊരാളായി നടക്കുന്നവരാണ് അവര്‍. നഹാസ് ഒരുപാട് സിമ്പിള്‍ ആയ എന്നാല്‍ പവര്‍ഫുള്ളായ സംവിധായകനാണ്. എന്റെ വില്ലന്‍ കഥാപാത്രം മികച്ചതാക്കാന്‍ നഹാസിനുള്ള പങ്ക് ചെറുതല്ല. ചെറിയ ചലനങ്ങളും ഭാവങ്ങളുമടക്കം എല്ലാ കഥാപാത്രങ്ങളെക്കുറിച്ചും നഹാസിന് കൃത്യമായ കാഴ്ചച്ചപ്പാടുകളുണ്ട്. ലൊക്കേഷനില്‍ നില്ക്കുമ്പോള് നഹാസിന്റെ മനസ്സില്‍ സിനിമ മുഴുവനായി ഉണ്ട്. അതില്‍ നിന്ന് മാറിയാല്‍ പിന്നെ നഹാസ് ഒരു സാധാരണക്കാരനാകും. സത്യത്തില്‍ ഷോട്ട് വച്ചു കഴിയുമ്പോള്‍ നഹാസ് ആളു മാറി പുലിയാകും.
ഈ സിനിമ ഇത്ര കണ്ട് വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നോ ?
സത്യം പറഞ്ഞാല്‍ അങ്ങനെ തോന്നിയിരുന്നില്ല. ഇതിന്റെ തിരക്കഥാകൃത്തുക്കളായ ആദര്‍ശും ഷെബാസുമാണ് എന്നെക്കാണാന്‍ വന്നത്. നഹാസ് വിളിച്ച് എന്റെയടുത്ത് ഈ സിനിമയെക്കുറിച്ചും സോഫിയ മാമാണ് നിര്‍മ്മിക്കുന്നതെന്നും പറഞ്ഞു. അങ്ങനെ ആദര്‍ശ് വന്ന്, തിരക്കഥ മുഴുവന്‍ എനിക്ക് വായിക്കാന്‍ തന്നു. മിന്നല്‍ മുരളിക്ക് ശേഷം സോഫിയ പോളിന്റെ പ്രൊഡക്ഷന്‍ കമ്പനി ഇങ്ങനെയൊരു പ്രൊജക്ടുമായി വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരു താത്പര്യം തോന്നിയിരുന്നു. പിന്നെ നഹാസിനും ഭയങ്കര കോണ്‍ഫിഡന്‍സായിരുന്നു. എന്നെ സംബന്ധിച്ച് തിരക്കഥ വായിച്ചപ്പോള്‍ തന്നെ മനസ്സിലത് വിഷ്വലൈസ് ചെയ്തു. ഡേവിസിന്റെ കഥാപാത്രമാണെങ്കിലും വളരെ കൃത്യമായി വരേണ്ട സ്ഥലങ്ങളില്‍ മാത്രം വന്നു പോകുന്നതാണ്. ക്ലൈമാക്സിലും അങ്ങനെ തന്നെ. അതോടെ എന്റെ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ ശരിക്കും കണ്‍വിന്‍സ്ഡായി. ഞാന്‍ മനസ്സില്‍ കണ്ട വിഷ്വലിനേക്കാള്‍ എത്രയോ വലുതായിട്ടാണ് നഹാസ് കണ്ടിരുന്നതെന്ന് സത്യത്തില്‍ മനസ്സിലായത് ആ സിനിമ സ്ക്രീനില്‍ കണ്ടപ്പോഴാണ്. ഞാന്‍ എന്റെ സീനുള്ളപ്പോള് മാത്രമാണ് ലൊക്കേഷനില്‍ പോയിട്ടുള്ളത്. ഞാന്‍ അഭിനയിച്ച സീനുകള്‍ പോലും മോണിറ്ററില്‍ പോയി നോക്കാറില്ല. ഇത്തിരി പഴയ സ്കൂളായതു കൊണ്ടാവണം, സംവിധായകന്റെ മുഖത്തുള്ള എക്സ്പ്രഷന്‍ നോക്കിയാണ് ഞാന്‍ ചെയ്തത് ശരിയായോ എന്നുപോലും മനസ്സിലാക്കാറുള്ളത്. പറഞ്ഞു വന്നത് അതുകൊണ്ട് തന്നെ സിനിമ മുഴുവനായി എനിക്കറിയില്ല. സിനിമ തിയേറ്ററില്‍ കണ്ടപ്പോഴാണ് ഇത്രയും മികച്ചതാണെന്ന് തിരിച്ചറിഞ്ഞത്. ഇത്ര വലിയൊരു വിജയം സിനിമയ്ക്ക് കിട്ടിയത് നഹാസിന്റെ ആത്മവിശ്വാസവും സിനിമയുടെ മൂല്യവും കൊണ്ടാണ്.
കുറച്ചു പഴയ സ്കൂളാണെന്ന് പറഞ്ഞല്ലോ, അതു തന്നെയാണോ ഉള്ളിലെ നടനെ പാകപ്പെടുത്താന്‍ സഹായിച്ചത് ?
ബിജു വര്‍ക്കിയുടെ ദേവദാസിയാണ് വെള്ളിത്തിരയില്‍ എന്നെ പരിചയപ്പെടുത്തിയത്. എന്റെ അരങ്ങേറ്റ ചിത്രത്തില്‍ ബിജുച്ചേട്ടന് എന്നെ അവതരിപ്പിക്കുന്ന സമയത്ത് എനിക്ക് ചെറിയ പ്രായമായിരുന്നു. ഒരുപാട് അറിവില്ലായ്മകള്‍ ഉണ്ടായിരുന്നു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്നെ മോള്‍ഡ് ചെയ്തത് ബിജുച്ചേട്ടനാണ്. ബിജുച്ചേട്ടന് നല്ലൊരു നടനായതു കൊണ്ട് ചേട്ടന് കൃത്യമായി എല്ലാം പറഞ്ഞു തന്നു. നല്ലൊരു വ്യക്തിയായാല്‍ നല്ലൊരു നടനാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ ബാലപാഠങ്ങള്‍ കിട്ടിയത് അവിടെ നിന്നാണ്. അതു കഴിഞ്ഞ് രണ്ടു മൂന്നു സിനിമകള്‍ക്ക് ശേഷമാണ് ലോഹി സാറിന്റെ ജോക്കറില് അഭിനയിച്ചത്. എന്നെ സംബന്ധിച്ച് അതൊരു വലിയ വിദ്യാലയമായിരുന്നു. സാറിനെ സംബന്ധിച്ച് കഥാപാത്രങ്ങളുടെ അഭിനയം മാത്രമല്ല വിരല്‍ അനങ്ങുന്നതില്‍ പോലും ഒരു ഭംഗിയും താളവും വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. അങ്ങനെ ഏറ്റവും മൈന്യൂട്ടായ കാര്യങ്ങള്‍ പോലും പറഞ്ഞു തരും. ജോക്കറില് ദിലീപേട്ടന്റെ തോളത്ത് കൈ വച്ച് ഞാന്‍ സംസാരിക്കുന്ന ഒരു രംഗമുണ്ട്, അതില്‍ ഞാന്‍ കൈ വച്ചത് എന്റെ കഥാപാത്രത്തിന് യോജിക്കുന്ന രീതിയിലല്ലെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കസ് കൂടാരത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരുന്ന കഥാപാത്രമായിരുന്നു എന്റേത്. അപ്പോള്‍ ആ കഥാപാത്രം ദിലീപേട്ടന്റെ തോളത്ത് കൈ വയ്ക്കുമ്പോള്‍ ആധികാരികമായി വയ്ക്കണം എന്നു പറഞ്ഞു. സിഗരറ്റ് വലിക്കുന്ന ഷോട്സില്‍ പോലുമൊരു താളമുണ്ട് എന്ന് പറയും ലോഹി സാര്‍. ഒരു കഥാപാത്രത്തിന് അദ്ദേഹം കൊടുക്കുന്ന ശ്രദ്ധ എന്നെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. ആ സിനിമയിലെ ഒരു സീനില്‍ കണ്ണാടിയില്‍ ലിപ്സ്റ്റിക്കു കൊണ്ട് കമല എന്നെഴുതിയത് വെട്ടി വനജ എന്നെഴുതുന്നുണ്ട്. സാര്‍ അത് കണ്ടിട്ട് എന്നോട് പറഞ്ഞു,‘‘ ഒരു കലാകാരന് ക എന്ന അക്ഷരം എഴുതുന്നത് അങ്ങനെയല്ല’’ എന്ന്. അങ്ങനെ സാര്‍ എഴുതിക്കാണിച്ച ‘ക’ യിലും ഒരു കലയുണ്ടായിരുന്നു. അങ്ങനെ സിനിമയുടെ എല്ലാം സാറിന്റെ സ്കൂളില്‍ നിന്ന് പഠിച്ചു. അടുത്ത സിനിമ മുതല്‍ അങ്ങനെ അഭിനയിക്കാന്‍ കഴിഞ്ഞു എന്നല്ല. പക്ഷേ അന്നുമുതല്‍ ഇന്നുവരെ അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്.
വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്ന പാട്ടാണ്, ‘വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്പൂവേ’ എന്ന പാട്ട്. ആ സിനിമയും കരിയറില്‍ ഒരു ബ്രേക്ക് ആയിരുന്നില്ലേ ?
തീര്‍ച്ചയായും. ദേവദാസി സംവിധാനം ചെയ്ത ബിജു വര്‍ക്കിയുടേതാണ് ‘ഫാന്റം’ എന്ന സിനിമയും. അതില്‍ ബിജു ചേട്ടന് എന്നെ മമ്മൂക്കയുടെ അനിയനായി കാസ്റ്റ് ചെയ്തപ്പോള്‍ വലിയ സന്തോഷമായിരുന്നു. സ്കൂള്‍ കാലം മുതല്‍ മമ്മൂക്കയുടെ ഫാനായിരുന്നു ഞാന്‍. അച്ഛന് കാനറ ബാങ്കില്‍ മാനേജരായിരുന്നതു കൊണ്ട് ഇടയ്ക്കിടെ സ്ഥലംമാറ്റം ഉണ്ടായിരുന്നു. അങ്ങനെ തിരുവനന്തപുരത്ത് മോഡല്‍ സ്കൂളില്‍ ഞാന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് ‘ജാഗ്രത’ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്. അന്ന് മമ്മൂക്കയെ കാണാന്‍ പോയി, ദൂരെ നിന്ന് കണ്ടു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയിലെത്തണം എന്ന ആഗ്രഹം മനസ്സിലേക്ക് വന്നത്. അങ്ങനെയുള്ള എനിക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ അവസരം കിട്ടുന്നു എന്ന് കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. സത്യത്തില്‍ എനിക്ക് ആ സിനിമയില്‍ മമ്മൂക്കയുമായി കോമ്പിനേഷന്‍ സീനുകള്‍ ഇല്ല. ഞാന്‍ മരിച്ചു കിടക്കുമ്പോള്‍ മമ്മൂക്ക എന്നെ മടിയില്‍ കിടത്തുന്ന സീനാണ് ഉള്ളത്. പിന്നെ ഒരു മങ്ങിയ ഓര്‍മ്മയില്‍ എന്റെ കഥാപാത്രം മമ്മൂക്കയുടെ അടുത്തേക്ക് ഓടിവരുന്നതും, പകുതി വഴിയിലെത്തുമ്പോള്‍ മുട്ടില്‍ കുത്തിയിരിക്കുന്നതും കാണിക്കുന്നുണ്ട്. ആ സീന്‍ കുറെ പ്രാവശ്യം റിഹേഴ്സല്‍ ടേക്കുകള്‍ എടുത്തിരുന്നു. അങ്ങനെ കുറച്ചു കഴിഞ്ഞപ്പോള്‍ മമ്മൂക്കയുടെ അസിസ്റ്റന്റ് പയ്യന് വന്നിട്ട് കാല്‍മുട്ടില്‍ വയ്ക്കാന്‍ ഒരു പാഡ് തന്നു. കാല് വേദനിക്കാതിരിക്കാന്‍ പാഡ് കാല്‍മുട്ടില്‍ വച്ചിട്ട് ചെയ്യാന്‍ മമ്മൂക്ക പറഞ്ഞെന്ന് ആ പയ്യന് പറഞ്ഞു. ആ കരുതലാണ് എനിക്ക് മമ്മൂക്കയെക്കുറിച്ചുള്ള മധുരമായ ഓര്‍മ്മ. അങ്ങനെ കിട്ടിയ കരുതലും സ്നേഹവും ഒരിക്കലും മറക്കാന്‍ കഴിയില്ല.
മമ്മൂക്കയ്ക്കൊപ്പം അഭിനയിച്ച ശേഷം ലാലേട്ടനൊപ്പം വാണ്ടഡ് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. മധു വാര്യര്‍,അനിയപ്പന്, അരവിന്ദര്‍ എന്നിവര്‍ക്കൊപ്പം ഞാനുമതില്‍ ഉണ്ടായിരുന്നല്ലോ. അതില്‍ ലാലേട്ടനൊപ്പം ഒരു സീന്‍ ചെയ്തിരുന്നു. ലാലേട്ടനൊപ്പം സ്ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യുക എന്ന ആഗ്രഹം അങ്ങനെ സാധിച്ചു. ഇവര്‍ രണ്ടുപേര്‍ക്കുമൊപ്പം നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിക്കണേ എന്നുള്ളത് വലിയ സ്വപ്നമാണ്.
ജോക്കറിലെ വില്ലന്‍ വേഷം പിന്നീട് വില്ലന്‍ കഥാപാത്രങ്ങളിലേക്ക് മാറാനൊരു കാരണമായിരുന്നോ ?
ആദ്യ സിനിമയ്ക്ക് ശേഷം ഋഷിവംശം, നളചരിതം നാലാം ദിവസം, മനസ്സിലൊരു മഞ്ഞു തുള്ളി, ഇന്ദ്രിയം എന്നിങ്ങനെ കുറെ സിനിമകളില്‍ പോസിറ്റീവ് കഥാപാത്രങ്ങളാണ് ചെയ്തിരുന്നത്. ലോഹി സാറിന്റെ ജോക്കറിലെ വില്ലന്‍ വേഷത്തിലേക്ക് വിളി വരുന്നത് ഇന്ദ്രിയം സിനിമ ചെയ്യുന്ന സമയത്താണ്. സാറിന്റെ പാലക്കാടുള്ള വീട്ടിലേക്ക് എത്തണം, ഒരു ഫോട്ടോഷൂട്ട് ഉണ്ടെന്ന് പറഞ്ഞു. വളരെ എക്സൈറ്റഡായിട്ടാണ് ഞാനവിടേക്ക് പോയത്. അതില്‍ വില്ലനാണോ നായകനാണോ എന്നൊന്നും ചിന്തിക്കുന്നേയില്ല. ലോഹി സാറിന്റെ വിളി വന്നു എന്നതു മാത്രമാണ് എന്നെ സംബന്ധിച്ച് പ്രാധാന്യം. ആ സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ പോലും ഓരോ കഥാപാത്രങ്ങളുടെയും പോക്ക് എങ്ങോട്ടാണെന്ന് അറിയുന്നത് ഞങ്ങള്‍ ലൊക്കേഷനില്‍ എത്തുമ്പോഴാണ്. ആ ഒരു പ്രോസസ് എന്ജോയ് ചെയ്ത് ഓരോ സീനുകളും ചെയ്തു. പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്നൊരു ചിന്ത മനസ്സിന്റെ അങ്ങേ അറ്റത്തു പോലും വന്നിട്ടില്ല. ലോഹി സാറിന്റെ സിനിമയില്‍ ഒരു നല്ല വേഷം കിട്ടുന്നു, അത്രേയുള്ളൂ. നെഗറ്റീവ് ഷേയ്ഡ് ഉള്ള ആ കഥകപാത്രം വിജയിച്ചതു കൊണ്ട് പിന്നീട് വില്ലന്‍ കഥാപാത്രങ്ങള്‍ മാത്രമല്ല നായകനായും ഒരുപാട് ഓഫറുകള്‍ വന്നിട്ടുണ്ട്. പക്ഷേ ആ സിനിമകളില്‍ പലതും ഇറങ്ങിയില്ല, ചിലതൊക്കെ വിചാരിച്ചത്ര വിജയിച്ചുമില്ല. അങ്ങനെയാണ് പിന്നീട് വില്ലന്‍ വേഷങ്ങള്‍ വന്നു തുടങ്ങിയത്.
ഉയര്‍ച്ച താഴ്ച അടങ്ങിയ ഒരു കരിയര്‍ ഗ്രാഫായിരുന്നല്ലോ, ഇതിനിടയില്‍ സിനിമ വേണ്ടിയിരുന്നില്ല എന്നൊരു ചിന്ത എപ്പോഴെങ്കിലും വന്നിരുന്നോ ?
ഒരിക്കലുമില്ല. അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍ അങ്ങനെ ചിന്തിച്ചിരുന്നില്ല. പിന്നീടാണ് ആ തിരിച്ചറിവു വരുന്നത്. ഇങ്ങനെയൊന്നും ആയിരുന്നില്ല നില്‍ക്കേണ്ടിയിരുന്നത്, നമ്മുടെ ഭാഗത്തു നിന്ന് ശ്രദ്ധിക്കണമായിരുന്നു എന്നൊക്കെയുള്ള തോട്ട് പ്രോസസ് വരും. പക്ഷേ അത് നിമിഷ നേരത്തെക്കാണ്, കാരണം ഇതൊക്കെ നമുക്ക് തരുന്ന മാറ്റങ്ങളും പരിവര്‍ത്തനങ്ങളുമൊക്കെ പോസിറ്റീവായിട്ടാണ് ഞാന്‍ കണ്ടത്. അതൊക്കെ എനിക്ക് ഗുണം ചെയ്യും എന്നു തന്നെയാണ് ചിന്തിക്കുന്നത്.
സിനിമയില്‍ ഏറ്റവും കൂടുതല്‍ എഫര്‍ട്ട് എടുത്ത് ചെയ്തിട്ടുള്ള സീനുകള്‍ ?
എഫര്ട്ട്ലെസ്സായി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമ്പോഴാണ് ഒരു അഭിനേതാവിന്റെ വിജയവും, ഭംഗിയും. എഫര്‍ട്ട് എടുത്ത് ചെയ്താലത് ബോഡി ലാംഗ്വേജില്‍ വരും. ശാരീരികമായ എഫര്ട്ടിനെക്കുറിച്ചാണെങ്കില് ജോക്കറിലെ ക്ലൈമാക്സിലെ ട്രപ്പീസിയത്തിലെ സീനുകള്‍ അല്‍പ്പം പ്രയാസപ്പെട്ടാണ് ചെയ്തത്. കൈയില്‍ ആളിനെ പിടിച്ച് തലകീഴായി തൂങ്ങിക്കിടന്ന് സംഭാഷണങ്ങള്‍ പറയുന്നത് അല്‍പ്പം ശാരീരിക ബുദ്ധിമുട്ടായിരുന്നു. അതാണ് ശാരീരികമായി അല്‍പ്പം എഫര്‍ട്ട് എടുത്ത സീന്‍.
സണ്ണി ലിയോണ്‍, ചിയാന്‍ വിക്രം എന്നിവര്‍ക്കൊപ്പമൊക്കെ സ്ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പറ്റിയതിനെക്കുറിച്ച് ?
എന്റെ കരിയറിന്റെ തുടക്കത്തിലാണത്. സണ്ണി ലിയോണിനൊപ്പം പൈറേറ്റ്സ് ബ്ലഡ് എന്ന സിനിമയില്‍ അഭിനയിച്ചു. 2008 ലാണത്. സണ്ണി ലിയോണതില് പ്രധാന വേഷത്തിലെത്തുന്നു. അന്നെനിക്ക് സണ്ണി ലിയോണ്‍ ആരാണെന്നു പോലുമറിയില്ല. രാമേന്ദ്ര ബാബു സാര്‍ ആയിരുന്നു ക്യാമറ വർക്ക്. അദ്ദേഹം ഇടക്ക് എന്നോട് ചോദിക്കും നിനക്ക് ആള് ആരാണെന്ന് മനസിലായിട്ടില്ലേയെന്ന്. ഇല്ലേ ഏട്ടാ എനിക്ക് ആരാണെന്ന് മനസിലായിട്ടില്ല. എന്താ സംഭവമെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. പതുക്കെ പതുക്കെ അവരെല്ലാം കാര്യങ്ങള്‍ പറഞ്ഞു തന്നു. പിന്നീട് നാട്ടിലെത്തിയ ശേഷം ഒരു ഫ്രണ്ടാണ് കൂടുതല്‍ വിശദമായി പറഞ്ഞ് തന്നത്, അതിനു ശേഷമാണ് സണ്ണി ലിയോൺ അഭിനയിച്ച ചിത്രം ഞാന്‍ കണ്ടത്. സണ്ണി വളരെ നല്ലൊരു ഹ്യൂമന്‍ ബീയിങ്ങാണ്. ലൊക്കേഷനില്‍ ഞങ്ങള്‍ തമ്മില്‍ ഒരുപാട് സമയം ചെലവഴിച്ചിട്ടുണ്ട്. നമ്മുടെ അടുത്ത് ഒരാള്‍ ഇരിക്കുമ്പോള്‍ നമുക്ക് അറിയാന്‍ കഴിയുമല്ലോ അവരെക്കുറിച്ച്. ഒരുപാട് നല്ല കാര്യങ്ങള്‍ പറഞ്ഞ് തരുമായിരുന്നു. നീ ഇങ്ങനെ മാറി നില്‍ക്കരുതെന്നും ഇങ്ങനെ വേണം കാര്യങ്ങള്‍ ചെയ്യാനെന്നൊക്കെ അവര്‍ പറഞ്ഞു തരുമായിരുന്നു.
കരിയര്‍ സില്‍വര്‍ ജൂബിലിയില്‍ തിളങ്ങി നില്ക്കുമ്പോള് സത്യത്തില്‍ സംതൃപ്തനാണോ ?
ഒരുപാട് ഒരുപാട് സംതൃപ്തനാണ്. നല്ല സന്തോഷമുള്ള കാര്യമാണത്. ദേവദാസിയില്‍ തുടങ്ങി ജോക്കറിലൂടെ ജനങ്ങളിലേക്ക് എത്താന്‍ പറ്റി. തുടക്കത്തിലേ റിതം ബാലന്‍സ് ചെയ്യാന്‍ പറ്റിയില്ലെങ്കിലും എനിക്ക് ആവശ്യമുള്ള ഘട്ടങ്ങളില്‍ കൃത്യമായി സിനിമകള്‍ കിട്ടുന്നുണ്ടായിരുന്നു. സിനിമയില്‍ നിലനിന്നു പോകാനത് സഹായിച്ചു. ഞാനെടുത്ത എഫര്‍ട്ട് കൊണ്ടു മാത്രമല്ലത്, എനിക്കത് ഭാഗ്യം പോലെ കിട്ടിക്കൊണ്ടിരുന്നു. ‘ഫാന്റ’ത്തിലെ ‘വിരല്‍ തൊട്ടാല്‍ വിരിയുന്ന പെണ്പൂവേ’ എന്ന പാട്ട് എനിക്ക് സിനിമയില്‍ തിരക്കില്ലാത്ത സമയത്തും ഹിറ്റായിത്തന്നെ തുടര്‍ന്നു. ഞാനിവിടെയുണ്ട് എന്ന് പ്രേക്ഷകരും സിനിമാപ്രവര്‍ത്തകരുമൊക്കെ എപ്പോഴും അറിയുന്നുണ്ടായിരുന്നു. നഹാസ് എന്നെ ആര്‍ഡിഎക്സിലേക്ക് വിളിച്ചത് വരെയെത്തി നില്ക്കുന്നു അത്.
എങ്ങനെയാണ് സിനിമ ജീവിതത്തിന്റെ ഭാഗമായത് ?
സിനിമയെന്ന സ്വപ്നം മനസ്സിലേക്ക് വന്നത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ സല്മാന് ഖാന്റെ സിനിമ കണ്ടതോടെയാണ്. ഞങ്ങളന്ന് കോഴിക്കോടായിരുന്നു താമസം. അവിടെ ചില സിനിമകളുടെ ഷൂട്ടിംഗൊക്കെ കാണാന്‍ പോകുമായിരുന്നു. പിന്നീട് ഗുരുവായൂരപ്പന് കോളജില്‍ പ്രീഡിഗ്രി സമയത്ത് പ്രീഡിഗ്രി പഠിക്കുന്ന സമയത്ത് ലൊക്കേഷനില്‍ പോകുകയും സംവിധായകനെ കാണുകയും ചെയ്തു. കണ്ണൂര്‍ എന്ന സിനിമയുടെ ഷൂട്ട് അവിടെയായിരുന്നു. അതിലെ കോളജ് സ്വീകന്‍സില്‍ എവിടെയെങ്കിലും നിന്ന് വെള്ളിത്തിരയില്‍ എത്താമെന്നു കരുതി. പക്ഷേ അത് നടന്നില്ല. എങ്കിലും അവിടെയുള്ള ഒരു സംവിധായകന് എന്നെക്കണ്ട് അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു. തേടിയ വള്ളി കാലില്‍ ചുറ്റി എന്നു പറഞ്ഞതു പോലെയായിരുന്നു എനിക്കത്. ആ സിനിമ പക്ഷേ പകുതി വഴിക്ക് നിന്നു പോയി. പിന്നീട് ദേവദാസി സിനിമയില്‍ ഒരു നായകനെ അന്വേഷിക്കുന്നു എന്ന പരസ്യം കണ്ടപ്പോള്‍ അവിടേക്ക് പോയി, അങ്ങനെയാണ് സെലക്ടായത്.
ഒരു അഭിനേതാവെന്ന നിലയില്‍ കുടുംബം നല്കുന്ന പിന്തുണ ?
എന്റെ സഹോദരനും സഹോദരിയും അച്ഛനും അമ്മയുമൊക്കെയാണ് സിനിമാസ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കിയത്. സിനിമാമേഖലുമായി ഒരു ബന്ധം പോലുമില്ലാത്ത ഒരു കുടുംബത്തില്‍ നിന്ന് ഇതില്‍ത്തന്നെ ഇത്രയും വര്‍ഷം പിടിച്ചു നില്ക്കണമെങ്കില് അവരുടെ പിന്‍ബലം വേണമല്ലോ. എന്റെ ഓരോ നേട്ടങ്ങളില്‍ എന്നെക്കാള്‍ സന്തോഷിക്കുന്നത് അവരാണ്. സിനിമയില്‍ തിരക്കില്ലാത്ത സമയത്താണെങ്കിലും തമാശയായി പോലും സിനിമ വിട്ടു കൂടെ എന്ന് ചോദിച്ചിട്ടില്ല. സിനിമയില്‍ വന്ന ശേഷമായിരുന്നു വിവാഹവും. അഞ്ചാം ക്ലാസ് തൊട്ടേ അറിയാവുന്ന പിന്നീട് പ്രണയത്തിലൂടെ ജീവിതത്തിലേക്ക് വന്നതാണ് വൃന്ദ എന്ന എന്റെ ജീവിതപങ്കാളി. ഏഴിലോ എട്ടിലോ പഠിക്കുമ്പോഴാണ് വൃന്ദയെ പ്രൊപ്പോസ് ചെയ്തത് എന്നെനിക്ക് തോന്നുന്നു. 22 വയസില്‍ തന്നെ എന്റെ കല്യാണം കഴിഞ്ഞു. അന്നുമുതല്‍ ഇന്നോളം എന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലുമൊക്കെ കൂട്ടായി കരുത്തായി പിന്തുണയായി വൃന്ദയുണ്ട്. രണ്ടു മക്കളാണെനിക്ക്, മകള്‍ നന്ദ ഡിഗ്രി ഫൈനല്‍ ഇയറിന് പഠിക്കുന്നു, മകന് പ്രപഞ്ച് ആറാം ക്ലാസില്‍ പഠിക്കുന്നു. ഇവരൊക്കെത്തന്നെയാണ് എന്റെ ഏറ്റവും വലിയ പിന്തുണയും കരുത്തും.

സിനിമ കഴിഞ്ഞാലുള്ള പാഷനുകള്‍ ?
ഫിറ്റനെസ്സ്... ഫിറ്റ്നെസ്സില്ലെങ്കില് ഞാനില്ല, അതെന്റെ ജീവിതവുമായി അത്രത്തോളം കണക്ടഡാണ്. എന്റെ ചെറിയ പ്രായത്തില്‍ത്തന്നെ അത് തുടങ്ങിയതാണ്. എന്റെ ഫിസിക്കല്‍ മെന്റല്‍ ഫിറ്റ്നെസ്സനത് വേണം. ഇല്ലെങ്കില്‍ ഞാന്‍ ഡൗണാകും. എനിക്കത് ഒഴിവാക്കാനാകില്ല. പിന്നെയുള്ള ഇഷ്ടം മീനുകളെ വളര്‍ത്തുന്നതാണ്. അക്വേറിയം മീനുകള്‍, പ്രത്യേകിച്ച് ഗപ്പി മീനുകളെ വളര്‍ത്തുക എന്നത് വലിയ ഇഷ്ടമാണ്. അതിനുള്ള ഫിഷ് ടാങ്ക് സെറ്റ് ചെയ്യുക, അതിനുള്ള അന്തരീക്ഷം നിര്‍മ്മിക്കുക എന്നതൊക്കെ വലിയ താത്പര്യമാണ്. പല വലിപ്പങ്ങളിലൊക്കെ അക്വേറിയം സെറ്റ് ചെയ്യുക, അതില്‍ മണ്ണൊക്കെ നിറച്ച്, വിത്തൊക്കെ നട്ട്, അതില്‍ തന്നെ ചെടികള്‍ മുളപ്പിച്ച് അക്വേറിയം സെറ്റു ചെയ്യാന്‍ സമയം ചെലവഴിക്കാറുണ്ട്. പുറത്തു നിന്ന് നോക്കുമ്പോഴത് വലിയ ഭംഗിയാണ്. ഒറിജിനല്‍ ചെടികളൊക്കെ വച്ചിട്ട്, അതിനിടയിലൂടെ മീനുകള്‍ പോകുന്നത് കാണുന്നതൊക്കെ വലിയ ഹരമാണ്.
കാത്തിരിക്കുന്ന കഥാപാത്രങ്ങള്‍, വരാനിരിക്കുന്ന പ്രൊജക്ടുകള്‍ ?
സ്വപ്ന കഥാപാത്രങ്ങളൊന്നുമില്ല. ഏതു രീതിയിലുള്ള കഥാപാത്രങ്ങളാണ് തേടി വരുന്നതെന്നറിയില്ലല്ലോ. കിട്ടുന്ന കഥാപാത്രം മികച്ചതാക്കുക, അത്രേയുള്ളൂ. ചിലപ്പോള്‍ ഡ്രീം റോളിലുള്ള കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ സ്വീകരിക്കണമെന്നില്ല. അവര്‍ ആഘോഷിക്കുന്നത് ചിലപ്പോള്‍ സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത കഥാപാത്രങ്ങളാകും. നല്ല കഥാപാത്രങ്ങള്‍ ഒരുപാട് ചെയ്യുക, അതിലൂടെ ഡ്രീം കണ്ടെത്തുക എന്നതാണ് ഇഷ്ടം.
രണ്ടു മൂന്നു സിനിമകള്‍ റിലീസ് ചെയ്യാനുണ്ട്. ടൊവിനോ നായകനായ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന സിനിമ, ഡാര്വിന് സംവിധാനം ചെയ്ത ഒരു സിനിമ, ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത നടികര്‍ തിലകം, അരുണ്‍ സംവിധാനം ചെയ്യുന്ന മിഥുന് മാനുവല്‍ തോമസ് തിരക്കഥ എഴുതുന്ന സുരേഷ് ഗോപി ചേട്ടനും, ബിജു മേനോന് ചേട്ടനും നായകരാകുന്ന ഗരുഡന് എന്ന സിനിമ എന്നതൊക്കെയാണ് വരാനിരിക്കുന്ന സിനിമകള്‍. പിന്നെ ആര്‍ഡിഎക്സിനു ശേഷം നല്ല ഓഫറുകള്‍ വരുന്നുണ്ട്. നല്ല സിനിമകളുടെ ഭാഗമാകുക എന്നതാണ് വലിയ ആഗ്രഹം. വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന സംവിധായകരുണ്ട്, അവരുടെ സിനിമകളില്‍ എത്തിപ്പെടാന്‍ പറ്റട്ടെ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു, അതിനുള്ള പരിശ്രമങ്ങളും നടത്തുന്നു.