
ന്യൂഡല്‍ഹി : ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യ ഔദ്യോഗിക യോഗം സെപ്റ്റംബര്‍ 23ന് ചേരും. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയിലാണ് എട്ടംഗ ഉന്നതതല സമിതിയുടെ യോഗം. ലോക്സഭയിലേക്കും നിയമസഭകളിലേക്കും മുനിസിപ്പാലിറ്റികളിലേക്കും പഞ്ചായത്തുകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്ന കാര്യം എത്രയും വേഗം പരിശോധിച്ച് ശുപാര്‍ശകള്‍ നല്‍കാനാണ് കേന്ദ്രം സമിതി രൂപീകരിച്ചിട്ടുള്ളത്.
കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി എട്ടംഗ സമിതിയിൽനിന്ന് പിന്മാറിയിരുന്നു. ഒരേസമയം തെരഞ്ഞെടുപ്പ് നടപ്പാക്കുന്നതിലെ നിയമവശങ്ങൾഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ പ്രത്യേക ക്ഷണിതാവായി യോഗത്തിൽ പങ്കെടുക്കും.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന് അധ്യക്ഷന്‍ എന്‍കെ സിംഗ് എന്നിവര്‍ സമിതിയില്‍ അംഗങ്ങളായിരിക്കും. മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് സി കശ്യപ്, മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെ, മുന്‍ ചീഫ് വിജിലന്‍സ് കമ്മീഷണര്‍ സഞ്ജയ് കോത്താരി എന്നിവരും സമിതിയിലുണ്ട്. നിയമകാര്യ സെക്രട്ടറി നിതന്‍ ചന്ദ്രയാണ് പാനലിന്റെ സെക്രട്ടറി .
രാംനാഥ് കോവിന്ദ്, അമിത് ഷാ, അർജുൻ മേഘ്വാൾ എന്നിവരുടെ നേതൃത്വത്തില്‍ നേരത്തെ ചർച്ചകൾ നടന്നിരുന്നു .






