
ന്യൂഡല്‍ഹി: വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നാണ് ഗോവ. മനോഹരമായ ബീച്ചിന് പുറമേ ഗോവയെ ഇഷ്ടപ്പെടുത്തുന്ന മറ്റൊരു കാര്യം കൂടി വിനോദസഞ്ചാരികള്ക്കുണ്ട്. മദ്യത്തിന് കിട്ടുന്ന വിലക്കുറവ്. മദ്യത്തിന് ഇന്ത്യയില്‍ ഏറ്റവും കുറവ് നികുതി ഈടാക്കുന്ന സംസ്ഥാനമാണ് ഗോവ. ഏറ്റവും കൂടുതല്‍ നികുതി വാങ്ങുന്നതാകട്ടെ കേരളത്തിന്റെ തൊട്ടപ്പുറത്ത് കിടക്കുന്ന കര്‍ണാടകയും.
അന്താരാഷ്ട്ര സ്പിരിറ്റ് ആന്റ് വൈന്‍ അസോസിയേഷന് നടത്തിയ കണക്കെടുപ്പലാണ് ഈ വിവരമുള്ളത്. വിസ്ക്കി, റം, വോഡ്ക, ജിന്‍ എന്നിവ ഗോവയില്‍ വെറും 100 രൂപയ്ക്ക് കിട്ടുമ്പോള്‍ ഡല്‍ഹിയില്‍ 134 രൂപയും കര്‍ണാടകയില്‍ 513 രൂപയുമാണ് വില. ഗോവയില്‍ മദ്യത്തിന് പിടിക്കുന്ന നികുതി 49 ശതമാനമാണ്. മഹാരാഷ്ട്രയില്‍ അത് 71 ശതമാനമാകുമ്പോള്‍ കര്‍ണാടകയില്‍ അത് 83 ശതമാനവുമാണ്. 150 ശതമാനത്തിന് മുകളിലുള്ള ഇറക്കുമതി ചുങ്കം വൈനിനും സ്പിരിട്ടിനും കുറയ്ക്കാന്‍ നേരത്തേ തന്നെ വിദേശ കമ്പനികള്‍ ആവശ്യം ഉയര്‍ത്തുന്നുണ്ട്. യുകെയുമായും യൂറോപ്യന്‍ യൂണിയനുമായും ചര്‍ച്ച നടത്തുന്ന സ്വതന്ത്ര വ്യാപാര കരാറുകള്‍ വഴി താരിഫ് കുറയ്ക്കാന്‍ വിദേശ കമ്പനികള്‍ ശ്രമിക്കുന്നുണ്ട്.
പ്രാദേശിക നികുതി കാരണം പോപ്പുലര്‍ ബ്രാന്റിലുള്ള സ്കോച്ചുകളും മറ്റും ഡല്‍ഹിയിലും മുംബൈയിലും 20 ശതമാനം വില കൂട്ടുന്നുണ്ട്. ബ്ളാക്ക് ലേബലിന്റെ ഒരു ബോട്ടിലിന് 3,100 രൂപ വരെയാണ് ഡല്‍ഹിയില്‍ വില. ഇത് 4000 രൂപയ്ക്കാണ് മുംബൈയില്‍ വില്‍ക്കുന്നത്. ഈ കൂടിയ നികുതി കാരണം സംസ്ഥാനത്തിന്റെ അതിര്‍ത്തിയിലൂടെയുള്ള മദ്യക്കടത്തും കൂടുതലാണ്. നിലവില്‍ മദ്യവും പെട്രോളിയവും ജിഎസ്ടിയ്ക്ക് പുറത്തു നില്ക്കുന്നതിനാല് വിവിധ തരത്തിലുള്ള ചുങ്കത്തിനും നികുതിയ്ക്കുമെല്ലാം ഇരയാകുന്നുണ്ട്.






