
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി ആർ അരവിന്ദാക്ഷനെ ഇഡി കസ്റ്റഡിയിലെടുത്തു. തൃശൂരിൽ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. മുഖ്യപ്രതി സതീഷ് കുമാറിന്റെ അടുത്ത സുഹൃത്തും പണം ഇടപാടിലെ ഇടനിലക്കാരനും ആയിരുന്നു അരവിന്ദാക്ഷൻ. ഇഡി ഉദ്യോഗസ്ഥർക്കെതിരെ അരവിന്ദാക്ഷൻ പരാതി ഉന്നയിച്ചിരുന്നു.
കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. വീട്ടില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ചോദ്യംചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചുവെന്ന് അരവിന്ദാക്ഷന് പരാതി നല്‍കിയിരുന്നു. കരുവന്നൂരുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്യുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് അരവിന്ദാക്ഷന്.
വടക്കാഞ്ചേരി സിപിഎം ഏരിയാ കമ്മിറ്റിയംഗവും മുൻ ലോക്കൽ സെക്രട്ടറിയുമായ അരവിന്ദാക്ഷൻ ഇപ്പോൾ നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയാണ്. വടക്കാഞ്ചേരിയിൽ എ സി മൊയ്തീന്റെ വിശ്വസ്തനാണ്. മുന്‍ മന്ത്രിയും എംഎല്‍എയമായ എ സി മൊയ്തീന്, സിപിഎം സംസ്ഥാന സമിതി അംഗം എം കെ കണ്ണന് എന്നിവരെ കേസുമായി ബന്ധപ്പെട്ട് ഇ ഡി ചോദ്യംചെയ്തിരുന്നു.






