
രാഷ്ട്രപതി ദ്രൗപതി മുര്‍മു ഒപ്പുവെച്ചതോടെ വനിത സംവരണ ബിൽ യാഥാര്‍ത്ഥ്യത്തിലേക്ക്. ഇത് സംബന്ധിച്ച വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും. ഉപരാഷ്ട്രപതി നേരത്തെ ബില്ലിൽ ഒപ്പ് വെച്ചതിനെ തുടർന്നാണ് രാഷ്ട്രപതിക്ക് കൈമാറിയത്. ബിൽ നീണ്ട ചർച്ചകൾക്കു ശേഷമാണ് ലോക്സഭയും, രാജ്യസഭയും പാസാക്കിയത്.
ബില്ലിനെ രാജ്യസഭയിൽ 215 പേരാണ് അനുകൂലിച്ചത്. ഇതിനു മുമ്പ് ലോക്സഭയിലും ബിൽ പാസായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ രാഷ്ട്രീയ പാർട്ടികളും ബില്ലിനെ അനുകൂലിച്ചത് സ്ത്രീശാക്തീകരണത്തിന് ഊര്‍ജ്ജമാണ് എന്നാണ് പ്രതികരിച്ചത്. രാജ്യത്തിന് പുതിയ ദിശാബോധം നൽകുന്ന ബില്ലാണ് ഇത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ നേടാനായെന്നും മോദി പറഞ്ഞു. ബിൽ പാസായ ശേഷം അദ്ദേഹം പിന്തുണച്ച് വോട്ടുചെയ്ത എംപിമാർക്ക് നന്ദി അറിയിച്ചിരുന്നു.
എന്നാല്‍ വനിത സംവരണം 2026 ന് ശേഷമേ നടപ്പാകൂ എന്നും സെൻസസ് നടപടികൾ 2026 ലേ പൂർത്തിയാകൂവെന്നും കേന്ദ്രമന്ത്രി നിർമല സീതാരാമൻ നേരത്തെ വ്യക്തമാക്കുകയുണ്ടായി.






